കുറ്റിപ്പുറം : തിരൂർ എക്സൈസ് ഇൻസ്പെക്ടറായി സജിത കഴിഞ്ഞ ദിവസം ചുമതലയേൽക്കുമ്പോൾ പിറന്നത് പുതുചരിത്രം. കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ എന്ന റെക്കാഡ് ഇനി തൃശൂർ ഒല്ലൂർ സ്വദേശി ഒ. സജിതയ്ക്ക് സ്വന്തം. വനിതകൾക്ക് എക്സൈസ് ഇൻസ്പെക്ടർ പരീക്ഷയെഴുതാൻ അവസരം നൽകിയ ശേഷം നടന്ന ആദ്യ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ഈ 39 കാരിയുടെ വിജയം. എക്‌സൈസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസറായായിരുന്ന സജിത ഡിപ്പോർട്ട്മെന്റ് ടെസ്റ്റ് എഴുതിയാണ് ഇൻസ്പെക്ടർ പോസ്റ്റിലെത്തുന്നത്.
2014 ലാണ് സിവിൽ പൊലീസ് ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്. തൃശൂർ എക്‌സൈസ് അക്കാഡമിയിൽ ആറ് മാസത്തെ പരിശീലനവും പൂർത്തിയാക്കി. കൊവിഡ് പ്രതിസന്ധി കാരണം ഇത്തവണ പാസിംഗ് ഔട്ട് ചടങ്ങുണ്ടായിരുന്നില്ല.
പഠനത്തിൽ ഏറെ മിടുക്കിയായിരുന്ന സജിത ഒല്ലൂർ സെന്റ് മേരീസ് കോൺവെന്റ് ഹൈസ്കൂളിലാണ് പത്താംക്ളാസ് വരെ പഠിച്ചത്. പ്രീഡിഗ്രിക്ക് സയൻസ് ഗ്രൂപ്പെടുത്ത് തൃശൂർ കേരളവർമ്മ കോളേജിൽ ചേർന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ബി.എസ്.ഇ കെമിസ്ട്രി പഠനം പൂർത്തിയാക്കി. കൂർക്കഞ്ചേരി ജെ.പി.ഇ.എച്ച്.എസിൽ നിന്നും കെമിസ്ട്രിയിൽ ബി.എഡും നേടി. ഭർത്താവ് അജി തൃശൂരിൽ സ്റ്റാർ പി.വി.സി പൈപ്പ് കമ്പനിയിൽ മാനേജരാണ്. മകൾ ഇന്ദു കാർമൽ സി.എം.ഐ സ്‌കൂളിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനിയാണ്.
വനിതാഇൻസ്പെക്ടർമാർ വേണം
കൂടുതൽ വനിതകൾ എക്‌സൈസ് വിഭാഗത്തിലെത്തുന്നത് ഗുണകരമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. വനിതകൾ ഉൾപ്പെട്ട കേസുകളുണ്ടാകുമ്പോൾ അറസ്റ്റ് ചെയ്യാനും വനിതകൾക്കായി ലഹരി ബോധവത്കരണ ക്ലാസുകൾ നടത്താനുമെല്ലാം ഇവരുടെ സേവനം ആവശ്യമാണ്.
എക്സൈസ് ഇൻസ്പെക്ടർ പോസ്റ്റിലേക്ക് വനിതകൾക്കും അപേക്ഷിക്കാമെന്ന സർക്കാർ തീരുമാനവും വീട്ടുകാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ലഭിച്ച പ്രോത്സാഹനവും പരീക്ഷയെഴുതാൻ പ്രചോദനമായി.
-സജിത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |