ജോലി കഴിഞ്ഞ് വരുന്നതിനിടെ രാത്രിയിൽ തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍. ആലുവ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവ് തന്നെ പിന്തുടര്‍ന്ന കാര്യവും പിന്നീടുണ്ടായ സംഭവങ്ങളുമാണ് അസാനിയ വെളിപ്പെടുത്തിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അസാനിയ ഇക്കാര്യം വെളിപ്പെടുത്തിയത്.
നിന്റെ മൂഡ് കണ്ടപ്പോൾ എനിക്ക് മൂഡായി' എന്ന് പറഞ്ഞാണ് യുവാവ് തന്റെ പിന്നാലെ വന്നതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ അസാനിയ പറഞ്ഞു. വീഡിയോ പകർത്തുന്നത് കണ്ടപ്പോൾ ഇയാൾ മുഖം മറച്ച് അവിടെനിന്ന് പോയെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. സ്വിഗ്ഗി ഡെലിവറി നടത്തുന്ന യുവാവിന്റെ ബൈക്ക് നമ്പർ അടക്കം അസാനിയ പങ്കുവച്ചിട്ടുണ്ട്. മറ്റൊരു കുറിപ്പില്‍ ബൈക്കിന്റെ ഉടമയെ തുറന്നുകാട്ടിയിട്ടുമുണ്ട്.
ഒരു പെണ്‍കുട്ടി രാത്രി എന്തിന് പുറത്ത് പോയെന്ന് ചോദിക്കുന്നവര്‍ക്കും നസ്രിന്‍ മറുപടിയും നൽകി. അവന്‍ ജോലി ചെയ്യാനാണ് രാത്രി പുറത്ത് ഇറങ്ങിയത്. അതുപോലെ തന്നെ താനും ജോലി ചെയ്യാനിറങ്ങിയതാണ്. സുരക്ഷയുടെ പേരില്‍ കുറേ നാള്‍ ഒളിച്ചിരുന്നെന്നും ഇനി അവരാണ് മാറേണ്ടതെന്നും നസ്രിന്‍ പറയുന്നു. പിന്നാലെ നസ്രിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
അയാള്‍ ഈ സമയം ജോലി ചെയ്യുന്നത് അംഗീകരിക്കുകയും താന്‍ ജോലിക്കായി ഇറങ്ങി എന്ന് പറയുമ്പോള്‍ വിയോജിക്കുകയും ചെയ്യുന്നവര്‍ കമന്റുമായി എത്തരുതെന്നാണ് അസാനിയ പറയുന്നു. പരാതി അന്വേഷിക്കുമെന്നും കർശനമായ നടപടി എടുക്കുമെന്നും അസാനിയയുടെ കുറിപ്പിനു താഴെ ഓൺലൈൻ കമ്പനി മറുപടി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |