കോഴിക്കോട്: ശിവശങ്കറിന്റെ ഫോൺ മന്ത്രി ഉപയോഗിച്ചിരിക്കാമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മന്ത്രി ജലീൽ നടത്തുന്നത് നാടകമാണ്. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം ആരോപിക്കുന്നത്. വിശ്വാസിയായ മന്ത്രിയായ ജലീൽ പരിശുദ്ധ റമദാൻ മാസത്തെ സക്കാത്ത് കിറ്റുമായി ബന്ധപ്പെട്ട് കള്ളം പറയുകയാണ്. ജലീൽ പറയുന്നതിലെല്ലാം ആശയക്കുഴപ്പമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
നാടകീയത അനുഭവപ്പെടുത്തിയാണ് ജലീൽ ഇന്നലെ വാർത്താസമ്മേളനം നടത്തിയത്. സ്വർണക്കടത്തുകാരുമായി ജലീലും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളും വിളിച്ചിട്ടുണ്ട്. സ്വർണക്കടത്തുകാർ ജലീലിന്റെ ഓഫീസിൽ വന്നിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായി ജലീലിന് ബന്ധമുണ്ട്. കെ.ടി ജലീലിനെ സംരക്ഷിക്കുന്ന നടപടികളാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ജലീൽ നൽകുന്നത് വസ്തുതാപരമായ വിശദീകരണമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വിശ്വാസ്യത തെളിയിക്കാൻ ജലീൽ തന്റെ ടെലിഫോൺ രേഖകൾ പുറത്തുവിടാൻ തയ്യാറാകണം. ശിവശങ്കറിന്റെ സൗഹൃദങ്ങളെല്ലാം അസാധാരണമാണ്. സ്വർണക്കടത്തുകാരും ശിവശങ്കറുമായുള്ള ബന്ധം സാധാരണ സൗഹൃദമല്ല. സർക്കാർ പ്രഖ്യാപിച്ച ചീഫ് സെക്രട്ടറിതല അന്വേഷണം പരിഹാസ്യമാണ്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം. ഒന്നിലധികം മന്ത്രിമാരും നേതാക്കളും കേസിൽ ഉൾപ്പെടുമെന്നും സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രിയ്ക്ക് എന്തൊക്കെയോ കാര്യങ്ങൾ ഒളിച്ചുവയ്ക്കാനുണ്ട്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വലിയ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. നാളെയും മറ്റന്നാളും ജില്ലാ തലത്തിൽ സത്യാഗ്രഹ സമരം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുപോലെ ദുരുപയോഗപ്പെടുത്തിയ സംഭവം ഒരു സംസ്ഥാനങ്ങളിലും ഉണ്ടായിട്ടില്ല. ഉമ്മൻചാണ്ടി ഭരിച്ചപ്പോൾ ജനകീയ പ്രക്ഷോഭം നടത്തിയ പിണറായി ആ ധാർമ്മിക എന്തുകൊണ്ടാണ് ഉയർത്തിപിടിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |