തിരുവനന്തപുരം: കൊവിഡിനെതിരായ പ്രതിരോധം മാരത്തൺ ഓട്ടമാണെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെയ്യാത്ത കാര്യങ്ങളും ഇല്ലാത്ത കണക്കുകളും നിരത്തിയുണ്ടാക്കിയ വ്യാജ ഇമേജ് പൊളിഞ്ഞപ്പോൾ എന്തും വിളിച്ചുപറയുന്ന നിലയിലേക്ക് മുഖ്യമന്ത്രിയെത്തി.
നൂറ് മീറ്റർ ഓടിക്കഴിഞ്ഞപ്പോഴേ കപ്പ് നേടിയെന്ന് വിളിച്ചുപറഞ്ഞവർക്ക് ഇപ്പോൾ തിരിച്ചറിവുണ്ടായി. പ്രതിരോധം പാളിയപ്പോൾ കുറ്റം പ്രതിപക്ഷത്തിന്റെ തലയിൽ ചാരാനാണ് ശ്രമം. രോഗവ്യാപനത്തിന് പ്രതിപക്ഷം ശ്രമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം ക്രൂരമാണ്. കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ നില തെറ്റിയതിന്റെ സൂചനയാണത്.
സർക്കാരിന്റെ പ്രതിരോധപ്രവർത്തനങ്ങളിൽ പ്രതിപക്ഷം പൂർണമായി സഹകരിച്ചിട്ടുണ്ട്. പ്രതിരോധപ്രവർത്തനങ്ങളെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ്. സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങളിൽ പകുതിയോളം ഭരിക്കുന്നത് യു.ഡി.എഫാണെന്ന് മുഖ്യമന്ത്രി ഓർക്കണം.
കൊവിഡിന്റെ മറവിൽ തീവെട്ടിക്കൊള്ളയ്ക്ക് മുതിർന്നാൽ ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. മുഖ്യമന്ത്രി പറഞ്ഞതെല്ലാം കള്ളമായിരുന്നു. പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കി, ചികിത്സിക്കാൻ ആശുപത്രികൾ സജ്ജമാക്കി എന്നിങ്ങനെയൊക്കെയായിരുന്നു അവകാശവാദം. എന്നിട്ട് ആറായിരം പ്രവാസികളെത്തിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയി. ചെയ്യാനാകുന്നതേ പറയാവൂ.
പ്രവാസികളെ പരമാവധി ഉപദ്രവിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഗർഭിണികളടക്കമുള്ളവരെ അതിർത്തിയിൽ തടഞ്ഞിട്ടു. അവർക്ക് യു.ഡി.എഫ് ജനപ്രതിനിധികൾ വെള്ളവും ഭക്ഷണവും കൊടുത്തതാണ് മഹാപാതകമായി അവതരിപ്പിക്കുന്നത്. മനുഷ്യത്വവും കാരുണ്യവും നഷ്ടമായ സർക്കാരാണിത്.
തെറ്റായ കണക്കവതരിപ്പിച്ച് മേനി നടിച്ചാൽ കൊവിഡ് പ്രതിരോധമാവില്ല. പി.ആർ ഏജൻസി എഴുതിക്കൊടുക്കുന്ന പൊള്ളയായ അവകാശവാദങ്ങൾ വിളിച്ചുപറയലല്ല മുഖ്യമന്ത്രിയുടെ ജോലി.
പരിശോധന കൂട്ടണമെന്ന് യു.ഡി.എഫ് തുടക്കം തൊട്ടേ ആവശ്യപ്പെടുന്നതാണ്. ഇപ്പോഴത് അംഗീകരിച്ചു. തീരദേശവാസികളെക്കുറിച്ച് കണ്ണീരൊഴുക്കുമ്പോൾ അവർക്കെന്ത് സഹായം ചെയ്തുവെന്നെങ്കിലും മുഖ്യമന്ത്രി പരിശോധിക്കണം. എത്ര അപമാനിച്ചാലും പ്രതിരോധപ്രവർത്തനവുമായി യു.ഡി.എഫ് സഹകരിക്കുമെന്നും അത് നാടിനോടുള്ള കടപ്പാടാണെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |