തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധനടപടികൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സർവകക്ഷിയോഗം വിളിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.
തിരുവനന്തപുരത്തെ തീരമേഖലയിലടക്കം സമൂഹവ്യാപനം പ്രഖ്യാപിച്ച ശേഷവും സർക്കാർ സർവകക്ഷിയോഗം വിളിക്കാതിരുന്നത് ചർച്ചയായിരുന്നു. തലസ്ഥാനം അടച്ചിട്ടിട്ട് മൂന്നാഴ്ചയോളമാകുന്നു. ലോക്ക് ഡൗണിൽ സാധാരണക്കാർക്കും വ്യാപാരമേഖലയ്ക്കുമുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള നടപടികളുണ്ടാകുന്നില്ലെന്ന ആക്ഷേപവുമുയർന്നിരുന്നു. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ടെങ്കിലും വ്യാപകമാകുന്നില്ലെന്ന പരാതികളും യോഗത്തിൽ ചർച്ചയാവും.
തിങ്കളാഴ്ച ചേരാൻ നിശ്ചയിച്ച നിയമസഭാസമ്മേളനം കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മാറ്റിവയ്ക്കാൻ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചേക്കും. ധനബിൽ പാസാക്കുന്നതിനായി സഭാസമ്മേളനം നിശ്ചയിച്ചത് പ്രതിപക്ഷ കക്ഷിനേതാക്കളുമായും കൂടിയാലോചിച്ചായിരുന്നു, അത് വേണ്ടെന്നുവയ്ക്കുമ്പോഴും പ്രതിപക്ഷവുമായി ധാരണയിലെത്തേണ്ടതുണ്ട്. അനൗപചാരിക ചർച്ചകളിൽ പ്രതിപക്ഷം സമ്മതമറിയിച്ചിട്ടില്ല. സർവകക്ഷിയോഗത്തിൽ ഇതും ചർച്ചയായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |