തിരുവനന്തപുരം:തീരദേശത്ത് കൊവിഡ് പ്രതിരോധത്തിന് വിള്ളൽ വീഴ്ത്തി വീണ്ടും കടൽക്ഷോഭം രൂക്ഷമാകുന്നു.കൊവിഡ് സമൂഹ വ്യാപനം സ്ഥിരീകരിച്ച പൂന്തുറയിൽ 50ഓളം വീടുകളിൽ വെള്ളംകയറി.കൊച്ചുതോപ്പിൽ ആഭ്യന്തര വിമാനത്താവളത്തിന് സമീപം കടലേറ്റം രൂക്ഷമായി.രണ്ടു ദിവസത്തിൽ 15 വീടുകൾ പൂർണമായും 18 വീടുകൾ ഭാഗികമായും തകർന്നു.ഈ ഭാഗത്ത് കടൽഭിത്തി നിർമ്മിക്കാനാവശ്യമായ സാമഗ്രികൾ എത്തിക്കുമെന്ന വർഷങ്ങളായുള്ള വാഗ്ദാനവും സർക്കാർ പാലിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.അതേസമയം കൊച്ചുതോപ്പിൽ ഇന്നലെയും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു.ജൂസാ റോഡ് മുതൽ വലിയതുറ എഫ്.സി.ഐ ഗോഡൗൺ വരെയുള്ള 200 ഓളം വീടുകൾ കടലേറ്റ ഭീഷണിയിലാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വലിയതുറയിൽ നിർമ്മാണത്തിലുണ്ടായിരുന്ന കടൽ ഭിത്തിയുടെ മുഴുവൻ ജോലികളും നിറുത്തിവച്ചിരിക്കുകയാണ്. കടൽക്ഷോഭവും കൊവിഡ് വ്യാപനവും തീരദേശവാസികളുടെ ജീവിതവും താളവും തെറ്റിച്ചു. മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ തീരമാകെ വറുതിയിലാണ്.കൊവിഡ് ഭീഷണിയും രോഗ വ്യാപനവും വർദ്ധിച്ചതോടെ പലർക്കും നിരീക്ഷണത്തിൽ കഴിയുന്ന വീടുകൾ വിട്ടുപോകാൻ കഴിയാത്ത സ്ഥതിയാണ്.സാധാരണ കടലേറ്റം രൂക്ഷമാകുന്ന സമയങ്ങളിൽ സ്കൂളുകളിലേക്കും ബന്ധുവീടുകളിലേക്കുമായിരുന്നു ഇവിടുത്തെ ആളുകൾ മാറിയിരുന്നത്.കണ്ടെയിൻമെന്റ് സോണുകളിലടക്കം കടലേറ്റം രൂക്ഷമായിട്ടും തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനം ബന്ധപ്പെട്ടവർ സ്വീകരിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
സർക്കാരുകൾ മോഹനവാഗ്ദാനങ്ങൾ നല്കുന്നതല്ലാതെ ഒന്നും നടപ്പായിട്ടില്ല. വീടുകൾ കൺമുന്നിലാണ് നിലംപതിക്കുന്നത്. ഇനിയെങ്കിലും ഞങ്ങളെ മനുഷ്യരായി കണക്കാക്കി ആവശ്യങ്ങൾ അംഗീകരിക്കണം
ജെൻസി യോഹന്നാൻ, അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന കമ്മിറ്റി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |