''നിങ്ങളുടെ അവകാശമാണ് എന്ന അധികാരത്തോടെ സ്വപ്നങ്ങളെ പിന്തുടരുക, നിങ്ങൾക്കത് നേടിയെടുക്കാനുള്ള കഴിവുണ്ടെന്ന് അറിയാമല്ലോ. നിങ്ങൾ അവ അർഹിക്കുന്നുമുണ്ട്. അതുകൊണ്ട് ജീവിതത്തെ പിടിച്ചു നിറുത്തി മുഖത്തുനോക്കി പറയാൻ കഴിയണം, ഇങ്ങ് വിട്ടുതന്നേക്കു... അതെന്റെ സ്വപ്നമാണ്."
മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനുമായ ലെസ് ബ്രൗണിന്റെ ഈ വാക്കുകൾ ജീവിതത്തിൽ അതേപടി പകർത്തുകയാണ് സജിത. എക്കാലവും ഓർമ്മിക്കപ്പെടുന്ന ഒരു നേട്ടത്തിന്റെ നെറുകയിലാണ് അവർ, സംസ്ഥാനത്തെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ. പുതിയ ദൗത്യത്തെ ഏറെ പ്രതീക്ഷയോടെയും വെല്ലുവിളിയോടെയുമാണ് സ്വീകരിക്കുന്നതെന്ന് 39കാരിയായ സജിത പറയുമ്പോൾ ആ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ പ്രസരിപ്പുണ്ട്. തിരക്കുകളിൽ നിന്ന് ഉത്തരവാദിത്വങ്ങളിലേക്കും അവിടെ നിന്ന് വിജയങ്ങളിലേക്കും സ്വന്തം പേരെഴുതി ചേർത്ത മികവിലും ആ പ്രസന്നത പ്രകടമാണ്.
വഴിത്തിരിവ് ആ നിമിഷം
2006 ലായിരുന്നു സജിതയുടെ വിവാഹം. ഭർത്താവ് ഷൊർണൂർ, ചുഡുവാലത്തൂർ സ്വദേശിയായ കെ. ജി. അജി തൃശൂർ ചൂലിശേരി സ്റ്റാർ പി.വി.സി പൈപ്പ് എന്ന സ്ഥാപനത്തിലെ മാനേജറാണ്. കുട്ടിക്കാലം മുതൽക്കേ സ്വപ്നങ്ങളിൽ സർക്കാർ ജോലി മാത്രമായിരുന്നു. നല്ല പോസ്റ്റ് ലഭിക്കാൻ അടിസ്ഥാന യോഗ്യത ഡിഗ്രി വേണമെന്നതിനാൽ നല്ല മാർക്കോടെ തന്നെ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ നിന്ന്ബി.എസ്സി കെമിസ്ട്രി ബിരുദം നേടി. ഫിസിക്കൽ സയൻസിൽ ബി.എഡും സ്വന്തമാക്കി. അധികം വൈകാതെ ഒറ്റപ്പാലത്ത് പി.എസ്.സി കോച്ചിംഗിന് ചേർന്നു. ഒന്നര വർഷം റെഗുലർ ക്ലാസുകളിൽ പങ്കെടുത്തു. ശേഷം താത്കാലിക ഒഴിവുകളുള്ള രണ്ടു മൂന്ന് സ്കൂളുകളിൽ അദ്ധ്യാപികയായും ജോലിനോക്കി. ഇതിനിടെ തുടർച്ചയായി പി.എസ്.സി പരീക്ഷകളെഴുതുന്നുണ്ടായിരുന്നു. ഇതിൽ എക്സൈസ് ഉൾപ്പെടെ നാല് റാങ്ക് ലിസ്റ്രിൽ ഇടംപിടിച്ചു. കെ.എസ്.ഇ.ബി-കാഷ്യർ, ടോഡി വെൽഫെയർ ബോർഡിൽ -ജൂനിയർ അസിസ്റ്റന്റ് , റെയിൽവേയിൽ ഗ്രൂപ്പ് ഡി തസ്തിക. ഇതിൽ എക്സൈസ് തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ 2014ൽ ജില്ലാ അടിസ്ഥാനത്തിൽ എക്സൈസിലേക്ക് വനിതകളെ നിയമിച്ചപ്പോൾ തൃശൂർ ജില്ലയിൽ നിന്നുള്ള വനിതാ സിവിൽ എക്സൈസ് ഓഫീസറായി. വീട്ടിലെല്ലാവരും സർക്കാർ ജോലിക്കാരാണ്. അച്ഛൻ ദാമോദരൻ റിട്ട. റിസർവ് ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ മീനാക്ഷി, റിട്ട. ഹെഡ്മിസ്ട്രസ് ആയിരുന്നു. ചേച്ചി മുംബയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ അദ്ധ്യാപികയാണ്. കുഞ്ഞിലേ സർക്കാർ ജോലി സ്വപ്നം കണ്ടിരുന്നെങ്കിലും എക്സൈസിന്റെ കാക്കി ഉടുപ്പണിഞ്ഞത് യാദൃശ്ചികമാണ്. അനിയൻ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ അസി. മാനേജറാണ്.
സജിത എന്ന വീട്ടമ്മ
യൂണിഫോം ഫോഴ്സിലാവുമ്പോൾ സാധാരണ ഓഫീസ് സമയം പോലെ ജോലി തീർത്ത് ഇറങ്ങാൻ കഴിയില്ല. 24 മണിക്കൂറും ഉണർന്നിരിക്കേണ്ട ഡിപ്പാർട്ട്മെന്റാണ് പൊലീസും എക്സൈസും എല്ലാം. അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാത്രി ഏറെ വൈകും. ചിലപ്പോൾ പുലർച്ചെ മൂന്നുമണിയൊക്കെ ആയിട്ടുണ്ട്. രാവിലെ എട്ടിന് ഓഫീസിലെത്തണം. തുടർന്ന് പരിശോധനകൾ അറസ്റ്ര്, കോടതി എന്നിങ്ങനെ ജോലികൾ നീണ്ടു പോകും. വീട്ടിലുണ്ടാകുന്ന സമയം വളരെ കുറവാണ്. എന്നാലും, വീട്ടിലെത്തിയാൽ ഭർത്താവിന്റെയും മകളുടെെയും അച്ഛനമ്മമാരുടെയും കാര്യങ്ങൾ കൃത്യമായി നോക്കും. ഏഴാം ക്ലാസിൽ പഠിക്കുന്ന മകളുണ്ട്. പേര് ഇന്ദു, ലോക്ക് ഡൗണിൽ ക്ലാസുകൾ ഓൺലൈനിൽ ആയതിനാൽ അവളെ സഹായിക്കുന്നത് ഭർത്താവിന്റെ അച്ഛനാണ്. വീട്ടിലുള്ള സമയം സംശയങ്ങൾ അവൾ ചോദിക്കും. വീട്ടുകാരുടെ കൂടെയുള്ള സമയം കുറവാണെങ്കിലും കിട്ടുന്ന സമയം നന്നായി ആസ്വദിക്കും. കുടുംബമാണ് കരുത്ത്, അവർ നൽകുന്ന പ്രോത്സാഹനമാണ് പുതിയ വെല്ലുവിളികളെ നേരിടാൻ എന്നെ പ്രാപ്തയാക്കുന്നത്.
മറക്കാനാകാത്ത ആദ്യ അറസ്റ്റ്
2014ലാണ് സിവിൽ എക്സൈസ് ഓഫീസറായി ജോലിൽ പ്രവേശിക്കുന്നത്. ട്രെയിനിംഗ് കഴിഞ്ഞ് ആദ്യപോസ്റ്റിംഗ് തൃശൂർ റെയ്ഞ്ചിലായിരുന്നു. തുടർന്ന് കോലാഴി, വടക്കാഞ്ചേരി റെയ്ഞ്ചുകളിലും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ റെയ്ഞ്ചിലുണ്ടായിരുന്ന സമയം, കോലാഴി റെയ്ഞ്ച് പരിധിയിൽ ഒരു സ്ത്രീ അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയതിനെ തുടർന്ന് പിടിയിലായി. പ്രതി സ്ത്രീ ആയതിനാൽ അറസ്റ്റ് ചെയ്യാൻ വനിതാ ഉദ്യോഗസ്ഥ വേണമായിരുന്നു. കോലാഴിയിൽ വനിതാ ഉദ്യോഗസ്ഥയില്ലാത്തതിനാൽ തൃശൂർ റെയ്ഞ്ചിലുണ്ടായിരുന്ന ഞാനാണ് അവരെ അറസ്റ്റ് ചെയ്തത്. ഇങ്ങനെ ആറുവർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കേസുകളുണ്ടായിട്ടുണ്ട്. കഞ്ചാവ്, ചാരായം, വിദേശ മദ്യം തുടങ്ങി എത്രയോ കേസുകൾ. ഇതിൽ വലിയ ലഹരി മാഫിയകളുടെ കണ്ണികളും ഉൾപ്പെടുന്നു. മലയോര പ്രദേശങ്ങളിൽ ഉൾപ്പെടെ ദുർഘടമായ പ്രദേശങ്ങളിലും കാട്ടിലും പരിശോധനകൾക്കായി പോയിട്ടുണ്ട്. ഇതെല്ലാം ജോലിയുടെ ഭാഗമായതുകൊണ്ട് പേടി തോന്നിയിട്ടില്ല. ഇനിയും ഇത്തരം വെല്ലുവിളികൾ ഉണ്ടാകുമെന്ന ബോദ്ധ്യമുണ്ട്. ആത്മവിശ്വാസത്തോടെ തന്നെ മുന്നോട്ടുപോകും.
തിരൂരിൽ കൂടുതൽ ഉത്തരവാദിത്തം
ഒരു എക്സൈസ് ഇൻസ്പെക്ടർ എന്ന നിലയ്ക്ക് ചെയ്യാൻ ഏറെയുണ്ട്. സാമൂഹ്യപ്രതിബദ്ധതയോടെ ഏറ്റെടുക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കേണ്ടതുണ്ട്. മലപ്പുറം ജില്ലയുടെ ഭാഗമായി പ്രവർത്തിക്കുന്നത് ഇതാദ്യമാണ്. ജോലിയിൽ പ്രവേശിച്ച് അധികം നാളുകളായില്ല. നിലവിൽ തിരൂരിനെ കുറിച്ചും സ്റ്റേഷൻ ജോലികളെ കുറിച്ചും കൂടുതൽ അറിഞ്ഞു തുടങ്ങുന്നതേ ഉള്ളു. പ്രദേശത്തെ ആളുകളുടെ സഹകരണത്തോടെ ജനോപകാരപ്രദമായ പലകാര്യങ്ങളും ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പിടിയിലാകുന്ന പ്രതികളിൽഭൂരിഭാഗവും ഇപ്പോൾ സ്കൂൾ - കോളേജുകൾ കേന്ദ്രീകരിച്ചാണ് ലഹരി വസ്തുക്കൾ വിൽക്കുന്നത്. രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ കൂടി വിചാരിച്ചാലേ ഈ സാമൂഹ്യ വിപത്തിനെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളു. ഇതുസംബന്ധിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനും പദ്ധതികളുണ്ട്.
കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരട്ടെ
പെണ്ണിനെന്താണ് കുഴപ്പം എന്ന് മന്ത്രി ശൈലജടീച്ചർ നിയമസഭയിൽ ഉറക്കെ ചോദിച്ചിട്ട് അധികം നാളായില്ല. പുതിയലോകത്ത് സ്ത്രീകളും പുരുഷൻമാരുമായുള്ള വേർതിരിവ് കുറഞ്ഞുവരികയാണ്. മനുഷ്യരെ എല്ലാവരെയും തുല്യരായി കാണണം. ഞാൻ ഒരു സ്ത്രീ എന്ന നിലയ്ക്കപ്പുറം വിലയിരുത്തപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. പൊലീസിൽ ഇപ്പോൾ കൂടുതൽ വനിതകളുണ്ട്. എക്സൈസിലേക്കും ഇതുപോലെ കൂടുതൽ സ്ത്രീകൾ വരുംകാലങ്ങളിൽ വരുമെന്നാണ് പ്രതീക്ഷ. പൊലീസിനെപോലെ കൂടുതൽ ഒഴിവ് എക്സൈസിൽ ഇല്ലെന്നതാണ് അതിന് പ്രതികൂല ഘടകം. ഇതും ഭാവിയിൽ മാറുമെന്ന് പ്രതീക്ഷിക്കാം. പഠിക്കുമ്പോൾ ഇഷ്ടമുള്ള വിഷയം ഞാൻ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ആരും അതിനെ ചോദ്യം ചെയ്തില്ല. അച്ഛനും അമ്മയും എനിക്ക് തന്ന സ്വാതന്ത്ര്യം ഞാൻ ഇപ്പോൾ എന്റെ മകൾക്കും നൽകുന്നുണ്ട്. അവൾക്ക് എന്താവണം എന്നത് അവളാണ് തീരുമാനിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |