പാലക്കാട്: പാഡി മാർക്കറ്റിംഗ് ഓഫീസർ പ്രത്യേകം നിശ്ചയിക്കുന്ന സംഭരണ കേന്ദ്രത്തിൽ കർഷകർ നെല്ലെത്തിച്ച് കൊടുക്കണമെന്ന സപ്ലൈകോയുടെ നിർദേശം പ്രതിഷേധാർഹമാണെന്ന് കർഷകർ.പാടത്ത് നിന്നോ കൃഷിക്കാരുടെ വീട്ടിലെത്തിയോ നെല്ലെടുക്കുന്ന പതിവ് രീതിക്ക് പകരമായാണ് പുതിയ വ്യവസ്ഥ നടപ്പാക്കാൻ അധികൃതർ ശ്രമിക്കുന്നത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുള്ള സപ്ലൈകോ നിബന്ധനയിൽ പാഡി മാർക്കറ്റിംഗ് ഓഫീസർ നിശ്ചയിക്കുന്ന സംഭരണ കേന്ദ്രത്തിൽ കർഷകർ നെല്ലെത്തിച്ച് കൊടുക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും ജില്ലയിലെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് ഈ നിർദേശം നടപ്പാക്കിയിരുന്നില്ല.
പകരം പാടങ്ങളിലോ വീട്ടിലോയെത്തി നെല്ലെടുക്കുന്ന രീതിയാണ് ഒന്നാംവിള വരെ തുടർന്നത്. ഇതുവരെ പൊതുസംഭരണ കേന്ദ്രം നിശ്ചയിക്കുന്ന രീതി ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു. 500 മുതൽ 1000 ഹെക്ടർ വരെയുള്ള കൃഷി സ്ഥലത്തിന് ഒരു സംഭരണ കേന്ദ്രം നിർദേശിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും സൗകര്യ കുറവുണ്ടെങ്കിൽ മില്ലുകാർക്ക് പാടങ്ങളിലെത്തി നെല്ലെടുക്കാം. നെല്ലിന് കയറ്റുകൂലി കർഷകൻ നൽകേണ്ടതില്ലെന്നാണ് നിർദേശമെങ്കിലുും ഇത് ജില്ലയിൽ പാലിക്കുന്നില്ല.
ഗുണകരമല്ല
നെല്ലുസംഭരണം സുഗമമാക്കുന്നതിന് ജില്ലയിൽ പുതിയ സംഭരണ കേന്ദ്രങ്ങൾ തുറക്കാനുള്ള നിർദേശം ഗുണകരണമല്ല. കയറ്റുകൂലി സപ്ലൈകോ വഹിക്കണമെന്ന ആവശ്യം അവഗണിച്ചത് വെല്ലുവിളിയാണ്. സപ്ലൈകോയുമായുള്ള കരാർ പ്രകാരം നെല്ലെടുത്ത് അരിയാക്കി നൽകുന്നതിന്റെ ഉത്തരവാദിത്വം മില്ലുകാർക്കാണ്. ഈ സാഹചര്യത്തിൽ പുതിയ സംഭരണ കേന്ദ്രം ഒരുക്കുന്നത് സപ്ലൈക്കോയ്‌ക്കോ കർഷകർക്കോ പ്രയോജനകരമല്ല.
-കർഷകർ
പ്രതിഷേധിച്ചു
ജില്ലയിലെ പ്രത്യേക കാലാവസ്ഥ കണക്കിലെടുത്ത് പഴയ രീതി തന്നെ തുടരണമെന്ന് കർഷക സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. മുതലാംതോട് മണി അദ്ധ്യക്ഷനായി. കെ.വേണു, കെ.ശിവാനന്ദൻ, വി.ശിവദാസ്, വി.എസ്.സജീഷ്, തോമസ് ജോൺ, ബി.ശശികുമാർ സംബന്ധിച്ചു.
തീരുമാനമായില്ല
നെല്ല് കയറ്റുകൂലി സംബന്ധിച്ച് കർഷകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറുപടി മാത്രമാണ് നൽകിയത്. ജില്ലയിൽ ഇതുവരെ സപ്ലൈകോ നെല്ലെടുപ്പിന് കേന്ദ്രീകൃത സ്ഥലം നിശ്ചയിച്ചിട്ടില്ല. ഇനിയുള്ള വിളവെടുപ്പിലെ നെല്ല് സംഭരണ കേന്ദ്രത്തിൽ എത്തിക്കണമെന്നതിനെ കുറിച്ചൊന്നും തീരുമാനമായിട്ടില്ല. ഹെഡ് ഓഫീസിൽ നിന്നുള്ള നിർദ്ദേശം ലഭിക്കുന്നത് വരെ പഴയ രീതിയിൽ മുന്നോട്ടുപോകും.
-കൃഷ്ണകുമാരി, പാഡി മാർക്കറ്റിംഗ് ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |