കല്ലമ്പലം: ഒരു ചെറുകാറ്റു വന്നാൽ മതി കവിത എന്ന അമ്മ മനസ് സങ്കടക്കടലാകും. അടച്ചുറപ്പില്ലാത്ത ആ കുഞ്ഞു കൂരയിൽ പകലും രാത്രിയും നെഞ്ചിടിപ്പോടെ തള്ളിനീക്കുന്ന കരവാരം, പുതുശ്ശേരിമുക്ക് കോട്ടാമല ലക്ഷ്മിയിൽ കവിതയുടെയും രണ്ടു പെൺമക്കളുടെയും ജീവിതം നൊമ്പരക്കാഴ്ചയാണ്.
വൃക്ക രോഗിയായിരുന്ന കവിതയുടെ ഭർത്താവ് പ്രകാശ് മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ 26 നാണ് കുഴഞ്ഞുവീണ് മരിച്ചത്. പണമില്ലാത്തതിനാൽ ഡയാലിസിസിന്റെ വക്കിലെത്തിനിന്നിട്ടും പ്രകാശ് ചികിത്സ തേടിയിരുന്നില്ല. മക്കളായ ഞെക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരി ശ്രീലക്ഷ്മിയെയും, പേരൂർ എം.എം.യു.പി.എസിലെ ആറാം ക്ലാസുകാരി കല്യാണിയെയും പഠിപ്പിച്ചൊരു നിലയിലെത്തിക്കണമെന്നും അവർക്കായി അടച്ചുറപ്പുള്ള വീട് പണിയണമെന്നുമായിരുന്നു പ്രകാശിന്റെ സ്വപ്നം.
കുട്ടികളുടെ പഠനാന്തരീക്ഷം മനസിലാക്കാനായി വീട്ടിലെത്തിയ പേരൂർ എം.എം.യു.പി.എസിലെ അദ്ധ്യാപകർ പ്രകാശിന്റെ ചികിത്സയ്ക്ക് സഹായമൊരുക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ അതെത്തും മുമ്പ് പ്രകാശ് മടങ്ങി. തുടർന്ന് പഠിക്കാൻ മിടുക്കികളായ കുട്ടികൾക്ക് അദ്ധ്യാപകർ ഓൺലൈൻ ക്ലാസിനായി ടി.വിയും കേബിൾ കണക്ഷനുമെടുത്ത് നൽകി.
തൊഴിലുറപ്പ് തൊഴിലാളിയായ കവിതയുടെ തുച്ഛമായ വരുമാനത്തിലാണ് ഇപ്പോൾ ഈ മൂന്നംഗ കുടുംബം കഴിയുന്നത്. പഞ്ചായത്തിൽ നിന്നനുവദിച്ച തുകയ്ക്ക് ഇവരുടെ കൂരയ്ക്ക് സമീപം കട്ടക്കെട്ടി വീട് വാർത്തെങ്കിലും പണി പൂർത്തിയാക്കാനായില്ല. നല്ലൊരു തുക ഇപ്പോൾത്തന്നെ കടമുണ്ട്. സുമനസുകൾ കനിഞ്ഞാൽ വീട് പണി പൂർത്തിയാക്കി മക്കളെ സുരക്ഷിതരാക്കാമെന്ന പ്രതീക്ഷയിലാണ് കവിത. ഇതിനായി നാട്ടുകാർ ധനലക്ഷ്മി ബാങ്കിന്റെ കല്ലമ്പലം ബ്രാഞ്ചിൽ കവിതയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 008503600008491, IFSC: DLXB0000085. ഫോൺ: 9946539035.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |