തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ വിശദമായ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിനെ നാളെ കൊച്ചിയിലെത്താൻ നിർദേശിച്ചിരിക്കേ എൻ.ഐ.എയുടെ അടുത്ത നീക്കത്തിൽ ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം. അറസ്റ്റ് ചെയ്താലും വിട്ടയച്ചാലും അത് നിർണായക രാഷ്ട്രീയവഴിത്തിരിവാകും. വിട്ടയച്ചാൽ സി.പി.എമ്മിനും സംസ്ഥാനസർക്കാരിനും താൽക്കാലികാശ്വാസമാവും. അറസ്റ്റുണ്ടായാൽ യു.ഡി.എഫും ബി.ജെ.പിയും മുഖ്യമന്ത്രിക്കു നേരെയുള്ള ആക്രമണം തീവ്രമാക്കും. തദ്ദേശതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരളരാഷ്ട്രീയത്തെ കലുഷിതമാക്കുന്ന വിഷയമാണ് ശിവശങ്കർവിവാദം.
ഈ പ്രതിസന്ധി ലഘൂകരിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും ശിവശങ്കറിനെ തള്ളിപ്പറഞ്ഞത്. കേസന്വേഷണത്തിന്റെ ഭാഗമായി ശിവശങ്കറിന് എന്ത് സംഭവിച്ചാലും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിഷയം മാത്രമാണെന്നും പാർട്ടിക്കോ സർക്കാരിനോ ഒന്നുമില്ലെന്നും കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന വ്യക്തി ഇത്തരം കേസിൽ ഉൾപ്പെട്ടത് ഇടതുസർക്കാരിനുണ്ടാക്കുന്ന നാണക്കേട് ചെറുതല്ല. ജനങ്ങൾക്കു മുന്നിൽ ന്യായീകരിക്കാൻ ബുദ്ധിമുട്ടും. കേസന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്നതും ആരോപണവിധേയരെ പുറത്താക്കിയതുമാണ് സി.പി.എമ്മിനും ഇടതുമുന്നണിക്കുമുള്ള ഏക പിടിവള്ളി.
ശിവശങ്കർ അറസ്റ്റിലായാൽ സർക്കാരിനെതിരായ പ്രക്ഷോഭം കടുപ്പിക്കാൻ യു.ഡി.എഫിന് മറ്റൊന്നും ആലോചിക്കേണ്ടതില്ല. കൊവിഡ് വ്യാപനം കാരണം ഹൈക്കോടതി വിലക്കുള്ളതിനാൽ ഈ മാസം 31വരെ സമരം നടത്താനാവാത്ത യു.ഡി.എഫ് ആഗസ്റ്റ് ആദ്യം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള രണ്ട് സമരപരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ചേരാനിരുന്ന നിയമസഭാസമ്മേളനം റദ്ദാക്കിയെങ്കിലും സെപ്റ്റംബർ ആദ്യത്തിൽ സഭ ചേർന്നേ മതിയാവൂ. ആ സമ്മേളനമാകുമ്പോഴേക്കും വിവാദത്തിന്റെ രൂപമെന്താകുമെന്ന് വ്യക്തമല്ല. ശിവശങ്കറിന്റെ അറസ്റ്റുണ്ടായാൽ പ്രതിപക്ഷത്തിന് ആ സമ്മേളനത്തിലും വീര്യം കൂട്ടാനുള്ള ഔഷധമാകുമത്. പന്ത് കേന്ദ്രസർക്കാരിന്റെ കോർട്ടിലായതിനാൽ കേരളത്തിലെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കളംപിടിക്കാൻ ബി.ജെ.പിക്കും സുവർണാവസരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |