ഫറോക്ക്: റെയിൽവേ ജീവനക്കാർക്ക് നേരെ പെട്രോൾ ബോംബേറ്. ഫറോക്ക് റെയിൽവേ സ്റ്റേഷന് വടക്ക് ചെറുവണ്ണൂർ കമാനത്തിന് സമീപം പാളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന തൊഴിലാളികൾക്ക് നേരെയാണ് ബോംബെറിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. അകലെ നിന്നെറിഞ്ഞ ബോംബ് തൊഴിലാളികളുടെ ശരീരത്തിൽ കൊള്ളാതെ നിലത്ത് വീണ് പൊട്ടിച്ചിതറി. ആർക്കും പരിക്കില്ല. പെട്രോൾ കുപ്പിയിൽ നിറച്ച് തീകൊടുത്ത് എറിയുകയായിരുന്നു. പാളത്തിന് സമീപത്തെ കുറ്റിക്കാടുകളിൽ ലഹരി ഉപയോഗിക്കാനെത്തുന്നവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. മൂന്ന് ദിവസം മുമ്പ് കമാനത്തിന് സമീപം ലഹരി ഉപയോഗിക്കുന്നവരുമായി സംഘർഷമുണ്ടാവുകയും തൊഴിലാളികളെ ആയുധങ്ങളുമായി കൈയേറ്റം ചെയ്യാൻ ശ്രമിച്ച മൂന്നുപേരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് ബോംബേറെന്ന് തൊഴിലാളികൾ പറഞ്ഞു. ഏഴ് പേരാണ് ട്രാക്കിൽ ജോലിക്കുണ്ടായിരുന്നത്. ഇവരെ നിരീക്ഷിച്ച് രാവിലെ മുതൽ ചിലർ ട്രാക്കിലൂടെ നടന്നിരുന്നതായും ഉച്ചയോടെ 20 വയസ് തോന്നിക്കുന്ന യുവാവ് ബോംബെറിഞ്ഞ് സമീപത്തെ കാട്ടിലൂടെ ഓടി മറഞ്ഞതായും തൊഴിലാളികൾ പറഞ്ഞു. ഡോഗ് സ്ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവരെത്തി പരിശോധന നടത്തി. റെയിൽ സർവീസ് സെക്ഷൻ എൻജിനിയർ ഷിബു, സെക്ഷൻ എൻജിനിയർ വിനോദ്, ആർ.പി.എഫ് ഇൻസ്‌പെക്ടർ സഞ്ജയ് പണിക്കർ, നല്ലളം സി.ഐ എം.കെ സുരേഷ്, എസ്.ഐമാരായ സനീഷ്, അബ്ബാസ് എന്നിവർ സ്ഥലത്തെത്തി. നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |