ജില്ലയുടെ പകുതി പ്രദേശം ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോൺ
കൊല്ലം: കൊവിഡിന്റെ അതിതീവ്ര വ്യാപന പശ്ചാത്തലത്തിൽ ജില്ലയുടെ പകുതിയിലേറെ മേഖലകളെ കൂടുതൽ നിയന്ത്രണം ആവശ്യമായ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ജില്ലയിലെ ആക്ടീവ് കൊവിഡ് ക്ലസ്റ്റർ, നിലവിലുള്ള കൊവിഡ് പൊസിറ്റീവ് കേസുകൾ, പ്രൈമറി- സെക്കൻഡറി സമ്പർക്കങ്ങളുടെ സ്ഥിതി വിവര കണക്കുകൾ എന്നിവ പരിശോധിച്ചാണ് കൂടുതൽ കർക്കശമായ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ.
കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ, തഴവ, തെക്കുംഭാഗം പഞ്ചായത്തുകളൊഴികെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ, പോരുവഴി പഞ്ചായത്തുകൾ, കൊട്ടാരക്കര താലൂക്കിൽ കുളക്കുട, മൈലം, പവിത്രേശ്വരം എന്നീ പഞ്ചായത്തുകൾ ഒഴികെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളും അതിതീവ്ര നിയന്ത്രണത്തിന്റെ പരിധിയിലാക്കി.
സമ്പർക്ക രോഗ ബാധിതരുടെ എണ്ണം അനുദിനം ഉയരുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ പ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളുടെ പരിധിയിൽ വന്നേക്കാം. ഏത് നിമിഷവും സമ്പൂർണ അടച്ച് പൂട്ടലിലേക്ക് പോയേക്കാവുന്ന സാഹചര്യമാണ് ജില്ലയിൽ നിലവിലുള്ളത്.
നിയന്ത്രണങ്ങൾ ഇങ്ങനെ
1. അവശ്യസാധന കടകൾ രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം
2. റേഷൻകടകൾ രാവിലെ 9 മുതൽ വൈകിട്ട് മൂന്നുവരെ മാത്രം
3. അവശ്യ സാധന ചരക്കുനീക്കം അനുവദിക്കും
4. അവശ്യ സാധനങ്ങൾ വീടിന് ഏറ്റവും അടുത്തുള്ള കടകളിൽ നിന്ന് വാങ്ങണം
5. ഹോട്ടലുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 7 വരെ പാഴ്സൽ മാത്രം
6. പെട്രോൾ പമ്പുകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ
7. നിർദേശം ലഭിക്കാതെ മറ്റ് കടകളൊന്നും തുറക്കരുത്
8. സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ. പൊതുജന സമ്പർക്കം പാടില്ല
9. കൊവിഡ് പ്രതിരോധവുമായി നേരിട്ട് ബന്ധമുള്ള സർക്കാർ ഓഫീസുകൾ, അവശ്യ സേവനം നൽകുന്ന മറ്റ് സർക്കാർ വകുപ്പുകളുടെ ഓഫീസുകൾ എന്നിവയ്ക്ക് മാത്രമാണ് പ്രവർത്തനാനുമതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |