തിരുവനന്തപുരം: കൊവിഡ്കാല മന്ത്രിസഭായോഗത്തിനും പുതുമ . സെക്രട്ടേറിയറ്റ് നോർത്ത് ബ്ളോക്കിലെ പതിവ് മന്ത്രിസഭാഹാൾ ഒഴിഞ്ഞു കിടക്കെ, വീഡിയോ കോൺഫറൻസിലുടെ ചേരുന്ന ഇന്നത്തെ മന്ത്രിസഭായോഗം ചരിത്രത്തിലാദ്യം.
ക്ളിഫ് ഹൗസിലിരുന്ന് മുഖ്യമന്ത്രി ഇന്ന് ഒറ്റയ്ക്കാണ് കാബിനറ്റ് ചേരുക. രാവിലെ പത്തിന് മുഖ്യമന്ത്രി വലിയ സ്ക്രീൻ ഒാൺ ചെയ്യും. മന്ത്രിമാർ അവരവരുടെ വീടുകളിലിരുന്ന് കാമറ അപ്പോൾ ഒാൺ ചെയ്യണം. പിന്നെ മൈക്കിലും കാമറയിലുമായി യോഗം .
കഴിഞ്ഞയാഴ്ചകളിൽ കൊവിഡും ലോക്ക് ഡൗണും കടുത്തപ്പോഴും, മന്ത്രിസഭായോഗം പതിവ് ഹാളിൽ തന്നെയായിരുന്നു. അതിനാവാത്ത ആഴ്ചത്തെ യോഗം ഉപേക്ഷിച്ചു. ഇക്കുറി സ്ഥിതി വ്യത്യസ്തം. ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടുന്ന ഒാർഡിനൻസ് കൊണ്ടുവരേണ്ടതിനാൽ, മന്ത്രിസഭ ചേർന്നേ പറ്റു. തലസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പല മന്ത്രിമാർക്കും എത്തിച്ചേരാനാവില്ല .പകുതി മന്ത്രിമാരെങ്കിലും പങ്കെടുത്തില്ലെങ്കിൽ യോഗത്തിന് നിയമ സാധുതയുണ്ടാവില്ല. അതിനാലാണ് വീഡിയോ കോൺഫറൻസ് ആലോചിച്ചത്.
ക്വാറം തികയ്ക്കാൻ ഡിജിറ്റൽ ഹാജർ കൂടി ഉൾപ്പെടുത്താമെന്ന് ചീഫ് സെക്രട്ടറി ശുപാർശ നൽകി.
മന്ത്രിമാർക്ക് ഓൺലൈനിൽ പ്രത്യേക ലിങ്കും തയ്യാറാക്കി നൽകി.കാബിനറ്റിന്റെ സെക്രട്ടറിയെന്ന നിലയിൽ ചീഫ് സെക്രട്ടറിയാണു മന്ത്രിസഭയുടെ മിനിറ്റ്സ് തയാറാക്കുന്നത്. വീഡിയോ കോൺഫറൻസിനുള്ള സംവിധാനമൊരുക്കുന്നത് ഐടി വകുപ്പും.
തലസ്ഥാനത്തിന് പുറത്ത്, മന്ത്രിസഭായോഗം മുമ്പ് ചേർന്നിട്ടുണ്ട്.പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോൾ കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസിലാണ് അന്നത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭ യോഗം ചേർന്നത്. എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് ആലുവ ഗസ്റ്റ്ഹൗസിലും മന്ത്രിസഭായോഗം ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |