കോട്ടയം: റബർ ആക്‌ട് ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം തിരിച്ചടിയാവുക 10 ലക്ഷത്തോളം കർഷകർക്ക്. ഭേദഗതി നടപ്പായാൽ റബർ ബോർഡ് തന്നെ ഇല്ലാതാകും. മേൽനോട്ടം ഇല്ലാതാകുന്നതിനാൽ റബർവില, ഇറക്കുമതി, കയറ്രുമതി എന്നിവ നിയന്ത്രണത്തിന് വെളിയിലാകും. ഗവേഷണം, സബ്‌സിഡി, സാങ്കേതിക സഹായം എന്നിവയും നിലയ്ക്കും.
ഉത്പാദനം, ഉപഭോഗം എന്നിവ സംബന്ധിച്ച കണക്കുകൾ തയ്യാറാക്കുന്ന ഏജൻസിയുടെ അസാന്നിദ്ധ്യം റബർ ആക്‌ട് ഭേദഗതി വഴി റബർ ബോർഡ് ഇല്ലാതാവുന്നതോടെ സൃഷ്‌ടിക്കപ്പെടും. റബർവില നിയന്ത്രണയം ടയർ വ്യവസായികളുടെ നിയന്ത്രണത്തിലേക്ക് മാറാൻ ഇതു കളമൊരുക്കും. ആഭ്യന്തര കർഷകർക്കിത് വൻ തിരിച്ചടിയാകും. ടയർ ലോബികൾ നിശ്‌ചയിക്കുന്ന വിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകും.
റബർ ബോർഡ് നിശ്‌ചയിക്കുന്ന വില അടിസ്ഥാനമാക്കിയാണ്, നിലവിൽ ലൈസൻസി ഡീലർമാർ മുഖേന വ്യാപാരം നടക്കുന്നത്. ലൈസൻസുള്ള ഉത്‌പാദക കമ്പനികൾ ഓരോ മൂന്നുമാസത്തിലും ഉപഭോഗത്തിന്റെ കണക്ക് സമർപ്പിക്കണമെന്ന് വ്യവസ്ഥയുമുണ്ട്. റബർ കൃഷിയും വ്യവസായവും പ്രോത്സാഹിപ്പിക്കാൻ 1947ലാണ് റബർ ആക്‌ട് നടപ്പായത്, തുടർന്ന് റബർ ബോർഡും നിലവിൽ വന്നു. ഇതിനിടെ റബർ ആക്‌ട് ഭേദഗതിനീക്കം രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ആക്‌ടിനെതിരെ ഇടതു-വലത് മുന്നണികൾ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, ഭേദഗതി ഇല്ലെന്നാണ് ബി.ജെ.പിയുടെ വാദം.
''റബർ ആക്‌ട് റദ്ദാക്കൽ തീരുമാനം റബർ ബോർഡിന് ലഭിച്ചിട്ടില്ല. 1947ൽ നടപ്പായ റബർ ആക്‌ടിന് സാഹചര്യങ്ങൾക്കനുസരിച്ച് ചില മാർഗനിർദ്ദേശങ്ങൾ ബോർഡ് നിർദേശിച്ചിരുന്നു. കൂടുതൽ റബർ ഉത്പന്നങ്ങൾ നിർമ്മിച്ച് ഉപയോഗം വർദ്ധിപ്പിക്കുകയും കൃഷിക്കും കർഷകർക്കും ഗുണകരവുമായ നിർദേശങ്ങളാണ് ബോർഡ് സമർപ്പിച്ചത്""
ഡോ.കെ.എൻ. രാഘവൻ
എക്‌സിക്യൂട്ടീവ് ഡയറക്‌ടർ,
റബർ ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |