തിരുവനന്തപുരം: നഷ്ടക്കണക്കുകൾ മാത്രമാണ് കെ എസ് ആർ ടി സിയുടെ കണക്കുപുസ്തകത്തിലുളളത്. ഈ കൊവിഡ് കാലത്ത് കാര്യങ്ങളെല്ലാം കൈവിട്ടുപോകുന്ന അവസ്ഥയിലേക്കുവരെ എത്തി .സർവീസുകളിൽ ഭൂരിഭാഗവും വെട്ടിക്കുറച്ചു. ഉളളതിൽത്തന്നെ ആളുകൾ കയറുന്നില്ല. ഡീസൽ വില കുതിച്ചു കയറി. ജീവനക്കാർക്ക് ശമ്പളം കൊടുക്കണമെങ്കിൽ സർക്കാരിനുമുന്നിൽ കൈ നീട്ടേണ്ട അവസ്ഥ. അതോടെ ഇതിനൊരു മാറ്റംവേണമെന്ന് ജീവനക്കാരും തലപ്പത്തുളളവരുമൊക്കെ ഒരേ മനസോടെ ചിന്തിച്ചുതുടങ്ങി. ഈ ചിന്ത കാലത്തിനൊപ്പിച്ച് മാറാൻ കെ എസ് ആർ ടി സിയെ പ്രേരിപ്പിച്ചു. ഇതിലേക്കുളള ആദ്യ ചുവടുവയ്പ്പാണ് 'കെ എസ് ആർ ടി സി ഫ്രഷ് മാർട്ട്'എന്ന സംരംഭം.
ഫേസ് ബുക്ക് പോസ്റ്റിലൂടെ കെ എസ് ആർ ടി സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സംഗതി വെറും സിംപിൾ. പക്ഷേ, പവർഫുളാണ്. ബസുകളെ ചെറിയ കടകളാക്കി മാറ്റുന്ന സംരംഭമാണിത്. ഗുണനിലവാരവും ശുചിത്വവും വിഷരഹിതവുമായ ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മത്സ്യഫെഡ്, മീറ്റ് പ്രൊഡക്ട് ഒഫ് ഇന്ത്യ, കെപ്കോ, കൺസ്യൂമർ ഫെഡ്, സപ്ലൈകോ, കുടുംബശ്രീ, ഹോർട്ടികോർപ്പ് തുടങ്ങിയ സർക്കാർ - സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിതരണമാണ് ഉദ്ദേശിക്കുന്നത്.
യാത്രയ്ക്കുവേണ്ടി സ്റ്റാൻഡുകളിൽ ചെലവഴിക്കുന്ന സമത്ത് അലച്ചിലില്ലാതെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. കേരളത്തിലെ സാദ്ധ്യതയുളള എല്ലാ സ്റ്റാൻഡുകളിലും ഫ്രഷ് മാർട്ട് ആരംഭിക്കാനാണ് തീരുമാനം. നിലവിൽ 15 വർഷം കഴിഞ്ഞ കാലഹരണപ്പെട്ട സർവീസ് നടത്താൻ കഴിയാത്ത ബസുകളെയാണ് സ്റ്റേഷനറി ഷോപ്പ് മാതൃകയിൽ ഫ്രഷ് മാർട്ടുകളായി മാറ്റുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മൈലേജ് കുറഞ്ഞതും ഡ്രൈവിംഗ് ശ്രമകരമായതും സ്ഥിരമായി അറ്റകുറ്റപ്പണി വേണ്ടതും എന്നാൽ കുറഞ്ഞ ദൂരങ്ങളിൽ സർവീസ് നടത്താവുന്നതുമായ ബസുകളെ സഞ്ചരിക്കുന്ന "കെ.എസ്.ആർ.ടി.സി ഫ്രഷ് മാർട്ട് " ആയി സംരംഭകരുടെ ആവശ്യാർത്ഥം പരിഷ്ക്കരിച്ച് നൽകും. "സെയിഫ് ടു ഈറ്റ് " എന്ന പദ്ധതിയുടെ ഭാഗമായാണ് "കെ.എസ്.ആർ.ടി.സി ഫ്രഷ് മാർട്ട് " ആരംഭിക്കുന്നത്. തിരുവനന്തപുരം, കിഴക്കേകോട്ട എന്നിവിടങ്ങളിൽ ഫ്രഷ് മാർട്ട് സംരംഭത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വീട്ടിലേക്ക് മടങ്ങും മുൻപ് കുറച്ച് ഷോപ്പിംഗ് ആയാലോ... കെ.എസ്.ആർ.ടി.സി-യെ ദിനംപ്രതി 30 ലക്ഷത്തോളം യാത്രക്കാരാണ് ആശ്രയിക്കുന്നത്. അതിൽ തന്നെ സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ മേഖലയിൽ ജോലിക്കു പോകുന്നവരുമായ യാത്രക്കാരാണ്. സ്ത്രീ യാത്രക്കാരാണ് അതിൽ നല്ലൊരു പങ്ക്. മിക്കപ്പോഴും യാത്രയ്ക്കായി ആശ്രയിക്കുന്ന ബസ് സ്‌റ്റാൻഡുകളിൽ ചെലവഴിക്കുന്ന സമയത്ത് അലച്ചിൽ ഇല്ലാതെ വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങിപ്പോകാൻ കഴിഞ്ഞെങ്കിൽ എന്ന് കരുതുന്നവരും ധാരാളം ഉണ്ട്. ഇത്തരം യാത്രക്കാരുടെ ആവശ്യങ്ങൾ കൂടെ സൗകര്യപ്രദമായി ഒരുക്കിക്കൊടുക്കുന്നത് ബസ് സ്‌റ്റാൻഡുകളെ ഒരു ഷോപ്പിംഗ് സെന്ററാക്കി മാറ്റാനും സഹായിക്കും. ഷോപ്പിംഗ് കോംപ്ലക്സുകൾ പണിയുക എന്നത് വളരെയധികം ധനച്ചെലവും സമയവും എടുക്കുന്ന ഒന്നുമാണ്. ഇതിനൊരു പരിഹാരമായി ബസുകളെ ചെറിയ കടകളാക്കി മാറ്റുന്ന "കെ.എസ്.ആർ.ടി.സി ഫ്രഷ് മാർട്ട് " എന്ന ഒരു നൂതന സംരംഭത്തിന് കെ.എസ്.ആർ.ടി.സി തുടക്കം കുറിക്കുകയാണ്. ഗുണനിലവാരവും ശുചിത്വവും വിഷരഹിതവുമായ ഭക്ഷ്യ ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ വിൽക്കുന്ന ചെറിയ കടകളാണ് ഉദ്ദേശിക്കുന്നത്. മത്സ്യഫെഡ്, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ, കെപ്കോ, കൺസ്യൂമർ ഫെഡ്, സപ്ലൈകോ, കുടുംബശ്രീ, ഹോർട്ടികോർപ്പ് തുടങ്ങിയ സർക്കാർ - സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിതരണമാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ സാധ്യതയുള്ള എല്ലാ ബസ് സ്റ്റാൻഡുകളിലും ഇത് ആരംഭിക്കും. നിലവിൽ 15 വർഷം കഴിഞ്ഞ കാലഹരണപ്പെട്ട സർവ്വീസ് നടത്താൻ കഴിയാത്ത ബസുകളെയാണ് സ്റ്റേഷനറി ഷോപ്പ് മാതൃകയിൽ "കെ.എസ്.ആർ.ടി.സി ഫ്രഷ് മാർട്ട് " - കളായി മാറ്റുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഡീസൽ മൈലേജ് കുറഞ്ഞതും ഡ്രൈവിംഗ് ശ്രമകരമായതും സ്ഥിരമായി അറ്റകുറ്റപ്പണി വേണ്ടതും എന്നാൽ കുറഞ്ഞ ദൂരങ്ങളിൽ സർവ്വീസ് നടത്താവുന്നതുമായ ബസുകളെ സഞ്ചരിക്കുന്ന "കെ.എസ്.ആർ.ടി.സി ഫ്രഷ് മാർട്ട് " ആയി സംരംഭകരുടെ ആവശ്യാർത്ഥം പരിഷ്ക്കരിച്ച് നൽകും. "Safe to Eat" എന്ന പദ്ധതിയുടെ ഭാഗമായാണ് "കെ.എസ്.ആർ.ടി.സി ഫ്രഷ് മാർട്ട് " ആരംഭിക്കുന്നത്. തിരുവനന്തപുരം, കിഴക്കേകോട്ട എന്നിവിടങ്ങളിൽ "കെ.എസ്.ആർ.ടി.സി ഫ്രഷ് മാർട്ട് " സംരംഭത്തിന്റെ പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. അപ്പോ എങ്ങനാ... ഷോപ്പിംഗ് നടത്തിയല്ലേ മടക്കയാത്ര...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |