മുംബയ്: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പദ്ധതിയായ 'ബിഗിന്‍ എഗെയ്ന്‍' പ്രകാരം ആഗസ്റ്റ് അഞ്ചുമുതല്‍ മാളുകള്‍, തിയേറ്റര്‍ ഒഴികെയുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ഫുഡ്‌കോര്‍ട്ടുകള്‍, റെസ്റ്ററന്റുകള്‍ എന്നിവ രാവിലെ ഒമ്പതുമണി മുതല്‍ വൈകീട്ട് ഏഴുവരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
മാളുകളിലുളള ഫുഡ്‌കോര്‍ട്ടുകളുടേയും റെസ്റ്റോറന്റുകളുടേയും അടുക്കള മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ളൂ. ഇവിടെ നിന്ന് ഹോം ഡെലിവറി അനുവദിക്കും. അത്യാവശ്യമല്ലാത്ത ഷോപ്പിംഗ്, വ്യായാമങ്ങള്‍ എന്നീ ആവശ്യങ്ങള്‍ക്കായി ആളുകള്‍ പുറത്തുപോകുന്നത് നിയന്ത്രിക്കുമെന്നും അത് അയല്‍ പ്രദേശങ്ങളില്‍ മാത്രമായി ചുരുക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. മാസ്‌ക് ധരിക്കുക, വ്യക്തി ശുചിത്വം പാലിക്കല്‍, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായി പാലിക്കണം എന്നും നിര്‍ദേശമുണ്ട്.
ചികിത്സയ്ക്കായോ, ജോലിക്കായോ പുറത്തുപോകുന്നവര്‍ക്ക് മാത്രമായിരിക്കും ഇളവുകള്‍. വലിയ ആള്‍ക്കൂട്ടങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കുളള നിരോധനം തുടരും. വിവാഹത്തിന് അമ്പത് അതിഥികളില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 4,00,651 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച പുതിയ 9211 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ കൊവിഡ് 19 ബാധിതര്‍ 4,00,651 ആയി ഉയര്‍ന്നിരുന്നു. 14,463 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |