കുവൈറ്റ്: ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റ് താത്ക്കാലിക യാത്രാനിരോധനം ഏർപ്പെടുത്തി. കുവൈറ്റിൽ പ്രവേശിക്കുന്നതിനോ രാജ്യത്തിന് പുറത്തുപോകുന്നതിനോ അനുമതിയുണ്ടാകില്ല. എന്നാൽ, യാത്രാവിലക്കിന് കാരണമെന്താണെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസിയോ കുവൈറ്റ് അധികൃതരോ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയ്‌ക്ക് പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ, ഇറാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണു പ്രവേശന വിലക്ക്. മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ഔദ്യോഗിക വിവരം.നാളെ മുതൽ കുവൈറ്റിൽനിന്ന് രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങാനിരിക്കെ പ്രവശന വിലക്കേർപ്പെടുത്തിയത് തിരിച്ചുവരാനിക്കുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ പ്രയാസത്തിലാക്കി. അതേസമയം മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക് രാജ്യത്തേക്ക് വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസമില്ല.
ഇതോടെ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയിരിക്കുന്നത്. കുവൈറ്റിൽ ജോലിയുള്ള ലോക്ക്ഡൗണിന് മുമ്പ് ഇന്ത്യയിലെത്തിയവരും കുവൈറ്റിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിലാണ്. യാത്രാവിലക്ക് ഒഴിവാക്കാൻ കേന്ദ്രസംസ്ഥാനസർക്കാരുകൾ എത്രയും വേഗം ഇടപെടണമെന്നാണ് പ്രവാസിമലയാളികളടക്കമുള്ളവരുടെ അഭ്യർത്ഥന.
ഇരു രാജ്യങ്ങളിലെയും വ്യോമയാന വകുപ്പുകൾക്കിടയിലെ പ്രശ്‌നങ്ങളാണ് വിമാന സർവീസ് നിലക്കാൻ കാരണമെന്നാണ് അറിയുന്നത്. ഈ മാസം 23 മുതൽ കുവൈറ്റിൽ നിന്ന് വന്ദേഭാരത്, ചാർട്ടേർഡ് വിമാനങ്ങളൊന്നും ഇന്ത്യയിലേക്ക് പറന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |