പത്മരാജൻ സം വിധാനം ചെയ്ത തൂവാനത്തുമ്പികൾക്ക് ഇന്ന് 33 വയസ്
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ജയകൃഷ്ണനോട് യാത്ര പറഞ്ഞ് ക്ളാര മടങ്ങിയിട്ട് 33 വർഷമാകുന്നു.അവസാന കാഴ്ചയിൽ ജയകൃഷ്ണനും ക്ളാരയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. മറഞ്ഞു നിന്നു രാധ അതു നോക്കി കാണുന്നു. ട്രെയിൻ നീങ്ങാൻ സമയമായി. ക്ളാര തിരിച്ചു ട്രെയിനിൽ കയറുന്നു. അവർ ഒരിക്കൽ കൂടി പരസ്പരം നോക്കുന്നുണ്ട്. ഇനിയും കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്ത അവർക്ക് മാത്രമല്ല പ്രേക്ഷകർക്കും അനുഭവപ്പെട്ടു. ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ വഴികളോട് വിടപറഞ്ഞാണ് ഭർത്താവ് മോനി ജോസഫിനും കുഞ്ഞിനുമൊപ്പം ക്ളാര മടങ്ങിയതെങ്കിലും പ്രേക്ഷകർ ഇന്നും അവർ നടന്ന മഴനനവുള്ള വഴികളിലൂടെ തിരിഞ്ഞു നടക്കുന്നുണ്ട്.
പി. പത്മരാജൻ സംവിധാനം ചെയ്ത മലയാളസിനിമയിലെ എക്കാലത്തെയും ക്ളാസിക് ചിത്രമായ തൂവാനത്തുമ്പികൾ മുപ്പത്തിമൂന്നാണ്ട് എത്തുമ്പോൾ അകമ്പടിയായി മഴയുടെ പശ്ചാത്തലമുണ്ട് . എന്നും മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ അവിസ് മരണീയമായ കഥാപാത്രമാണ് മണ്ണാറത്തൊടി ജയകൃഷ്ണൻ.ഇരട്ട ജീവിതത്തിന്റെ ജയവും തോൽവിയും ഏറ്റുവാങ്ങുന്ന ആളാണ് ജയകൃഷ്ണൻ. ഒരുപാതി കൊണ്ടു ഒരാളെ പ്രണയിക്കുകയും മറുപാതിയാൽ മറ്റൊരാളിൽ ആസക്തനാവുകയും ചെയ്യുന്ന ജയകൃഷ്ണൻ മലയാളിയുടെ ഹൃദയത്തിലാണ് എന്നും എപ്പോഴും. തൂവാനത്തുമ്പികൾ എന്ന സിനിമയെ മലയാളി വാസ്തവത്തിൽ പ്രണയിക്കുകയാണ്. ജയകൃഷ്ണനോടും ക്ളാരയോടും അവർക്ക് അഗാധമായ പ്രണയവും.ജയകൃഷ്ണന് ക്ളാരയോട് തോന്നിയ പ്രണയം പോലെ. മഴയെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ചലച്ചിത്ര സങ്കല്പം ഇപ്പോഴും ഇറങ്ങി പോവുന്നില്ലെന്ന് പുതുതലമുറയും തിരിച്ചറിയുന്നു.ഗ്രാമത്തിൽ അമ്മയുടെയും സഹോദരിയുടെയും കൂടെ ജീവിക്കുന്ന തനിനാട്ടിൻപുറത്തുകാരനും പട്ടണത്തിൽ സുഹൃത്തുക്കളുമായി ജീവിതം ആഘോഷിക്കുന്ന യുവാവായും ജയകൃഷ്ണനെ മോഹൻലാൽ ഭദ്രമാക്കി. പത്മരാജൻ തിരക്കഥ എഴുതിയ തുവാനത്തുമ്പികൾ അദ്ദേഹത്തിന്റെ തന്നെ ഉദകപ്പോള എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. തൃശൂർ ആകാശവാണിയിൽ ജോലി ചെയ്യുമ്പോൾ പരിചയപ്പെട്ട കാരിക്കകത്ത് ഉണ്ണിമേനോൻ എന്ന തന്റെ സുഹൃത്തിന്റെ ജീവിതത്തിൽനിന്നാണ് മണ്ണാറത്തൊടി ജയകൃഷ്ണനെ സൃഷ്ടിച്ചത്. 'എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാകുവാ. ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ് .'ക്ളാരയുടെ സംഭാഷണം ഇപ്പോഴും അലയടിക്കുന്നു. ക്ളാരയെ സുമതലയയും ജയകൃഷ്ണന്റെ മുറപ്പെണ്ണ് രാധയെ പാർവതിയും അതിമനോഹരമായി അവതരിപ്പിച്ചു. ജയകൃഷ്ണനും ക്ളാരയും അവസാനമായി കാണുന്ന രംഗം ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത അനുഭൂതിയായാണ് പദ്മരാജൻ സൃഷ്ടിച്ചത്. . അശോകൻ, ബാബു നമ്പൂതിരി, ശ്രീനാഥ്, ജഗതി ശ്രീകുമാർ, സുകുമാരി, ശങ്കരാടി, എം. ജി സോമൻ എന്നിവരായിരുന്നു മറ്റു താരങ്ങൾ. സിനിമ പോലെ മനോഹരമായിരുന്നു തൂവാനത്തുമ്പികളിലെ പാട്ടുകൾ. ഒന്നാം രാഗം പാടി, മേഘം പൂത്തു തുടങ്ങി എന്നീ ഗാനങ്ങൾ എല്ലാക്കാലത്തും മാസ്റ്റർ പീസുകൾ. ശ്രീകുമാരൻ തമ്പി ഗാനരചനയും പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സംഗീത സംവിധാനം നിർവഹിച്ചാണ് പാട്ടുകളെ സമ്പന്നമാക്കിയത്. ഗാന്ധിമതി ഫിലിംസ് നിർമ്മിച്ച തൂവാനത്തുമ്പികൾക്ക് ദൃശ്യാവിഷ്കാരം നിർവഹിച്ചത് ജയാനൻ വിൻസെന്റും അജയൻ വിൻസെന്റും ചേർന്നാണ്. മുപ്പത്തിമൂന്നു വയസിലും തൂവാനത്തുമ്പികൾ ക്ളാസിക് ശ്രേണിയിൽ യാത്രതുടരുകയാണ്. മഴ പെയ്യുമ്പോഴെല്ലാം മലയാളിയുടെ വാട്സ് ആപ്പിലും ഫേസ് ബുക്കിലും ക്ളാരയും ജയകൃഷ്ണനും പദ്മരാജനും.നിറഞ്ഞു തുളമ്പുന്നു.ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പോലും ഇന്നും ഒരു നൊസ്റ്റാൾജിക് ഓർമ്മ പകരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |