അബുദാബി: ആശുപത്രിയിലെ ഭീമമായ ചികിത്സാച്ചെലവ് കാരണം പ്രതിസന്ധിയിലായ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും സഹായവുമായി ദുബായ് രാജകുമാരൻ ഷെയ്ഖ് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ഒറ്റ പ്രസവത്തിൽ നാലു കുട്ടികൾ ജനിച്ച നൈജീരിയൻ സ്വദേശി സുലിയത് അബ്ദുൾ കരീമിനും കുടുംബത്തിനുമാണ് രാജകുമാരൻ സഹായമേകുന്നത്. ഇവരുടെ ആശുപത്രി ചെലവു മുഴുവൻ രാജകുമാരൻ വഹിക്കുമെന്ന് അറിയിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
പ്രസവത്തിനായി നാട്ടിലേക്കു പോകാനിരുന്ന സുലിയത്തിന്റെ കുടുബം കൊവിഡ് നിയന്ത്രണങ്ങൾ മൂലം ദുബായിൽ കുടുങ്ങി. ഇതിനിടെ പ്രസവം രണ്ടു മാസം നേരത്തെ നടക്കുകയും ചെയ്തു.
ഇതേ തുടർന്ന് കുഞ്ഞുങ്ങളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇതോടെ ചികിത്സാച്ചെലവ് കുത്തനെ ഉയർന്നു. 400,000 ദിർഹമാണ് ( 81,48,271 ഇന്ത്യൻ രൂപ) ബില്ലായി അടയ്ക്കേണ്ടിയിരുന്നത്. പണം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു ദമ്പതികൾ. അതിനിടെയാണ് സംഭവമറിഞ്ഞ് രാജകുമാരൻ സഹായത്തിനെത്തിയത്. ഇതുകൂടാതെ, ദുബായിലെ മറ്റ് സന്നദ്ധ സംഘടനകൾ ചേർന്ന് ഇവർക്കായി 42,000 ദിർഹം ( 8,55,568 ഇന്ത്യൻ രൂപ) സമാഹരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |