തൃശൂർ: പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ 24 പേരെ നിരീക്ഷണത്തിലാക്കി. ഇതിൽ പത്ത് പേർ അമ്പത് വയസ് കഴിഞ്ഞവരെന്ന നിലയിലാണ് നിരീക്ഷണത്തിലാക്കിയത്.
കഴിഞ്ഞ 28 നാണ് തൃശൂർ റൗണ്ടിൽ നിന്ന് സംശയാസ്പദമായ രീതിയിൽ കുന്നംകുളം സ്വദേശിയായ പ്രതിയെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. ഇയാൾ വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസുകാരും അന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്നവരും ഉൾപ്പടെയുള്ളവരെയാണ് നിരീക്ഷണത്തിലാക്കിയത്. കഴിഞ്ഞ ദിവസം വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 22 പൊലീസുകാരെ നിരീക്ഷണത്തിലാക്കിയിരുന്നു. നേരത്തെ അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിക്കും ഇരിങ്ങാലക്കുടയിൽ ഒരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തഹസിൽദാർക്ക് കൊവിഡ് :
സ്റ്റാഫുകളുടെ പരിശോധനാ ഫലം നെഗറ്റീവ്
വടക്കാഞ്ചേരി: തലപ്പിള്ളി തഹസിൽദാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി സമ്പക്കർത്തിൽ ഏർപ്പെട്ട മറ്റു് സ്റ്റാഫുകളുടെ ആന്റിജൻ പരിശോധന നടത്തി. മുഴുവൻ പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി. താലൂക്ക് ഓഫീസിലെ 75 ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിലാണ് ജോലിക്ക് ഹാജരാകുന്നതെങ്കിലും ദിവസവും എത്തുന്ന തഹസിൽദാറുമായി എല്ലാ ജീവനക്കാർക്കും സമ്പർക്കമുണ്ടായിരുന്നു. തഹസിൽദാർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ വടക്കാഞ്ചേരി 21 ഡിവിഷൻ അതിനിയന്ത്രിത മേഖലയായി. ഈ പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കി. പലചരക്ക് പച്ചക്കറിക്കടകൾ രാവിലെ 9 മുതൽ വൈകിട്ട് 2 വരെ പ്രവർത്തിക്കാം. സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന റോഡുകൾ അടച്ചു. ഓട്ടുപാറ മാർക്കറ്റിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |