ന്യൂഡൽഹി: ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) ലഡാക്കിൽ പ്രകോപനം തുടരുന്നതിനിടയിൽ ഇന്ത്യൻ സൈന്യം നീണ്ട ശൈത്യകാലത്തെ തരണം ചെയ്യാനുള്ള ഒരുക്കം തുടങ്ങി. തണുപ്പ് കാലത്ത് സൈനികർക്ക് അത്യാവശ്യമുള്ള വസ്ത്രങ്ങളും, മഞ്ഞുകൂടാരങ്ങളും നിർമ്മിക്കുന്നവരെ കണ്ടെത്താൻ അമേരിക്ക, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ എംബസികളിലുള്ള പ്രതിരോധ സേനകളോട് ഇന്ത്യൻ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.
1984 ൽ സിയാച്ചിനിൽ നടന്ന ഓപ്പറേഷൻ മേഘദൂതിന് ശേഷം, അതി ശൈത്യത്തെ അതിജീവിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നവയായിരുന്നു സൈനികർക്ക് നൽകിയിരുന്നത്. അതേസമയം ലഡാക്കിൽ അടുത്തിടെ 35,000 സൈനികരെ കൂടി ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം അധികൃതർ തള്ളിക്കളഞ്ഞിരുന്നു. എന്നിരുന്നാലും, അടുത്ത വർഷം പി.എൽ.എ ആക്രമണം നടത്താതിരിക്കാൻ പ്രത്യേക മേഖലകളിൽ സൈനികർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് സൂചന.
'പി.എൽ.എയുടെ ആക്രമണത്തിന് ശേഷം, ഞങ്ങൾ ചൈനക്കാരെ വിശ്വസിക്കുന്നില്ല, 2021 ൽ വേനൽക്കാലം എത്തുമ്പോൾ അവർ വീണ്ടും പാങ്കോംഗിൽ നുഴഞ്ഞുകയറിയേക്കാമെന്ന് ആശങ്കയുണ്ട്. ' ഒരു സൈനിക കമാൻഡർ പറഞ്ഞു. ലഡാക്ക് മേഖലയിലെ പിഎൽഎ ആക്രമണം ഇരു സൈന്യങ്ങളും തമ്മിലുള്ള ബന്ധത്തെ വഷളാക്കി. ഇരു രാജ്യങ്ങൾക്കിടയിലും സമാധാന ചർച്ചകളെല്ലാം അവഗണിച്ചാണ് ചൈനീസ് ആക്രമണം ഉണ്ടായത്. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഗൽവാൻ താഴ്‌വരയിൽ ജൂൺ 15 നു രാത്രിയുണ്ടായ ചൈനീസ് അതിക്രമത്തിൽ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |