തിരുവനന്തപുരം: കൊവിഡ് വ്യാപനം കാരണം അടുത്ത വർഷം ജൂൺ വരെ കാര്യമായ വരുമാനം കെ.എസ്.ആർ.ടി.സി പ്രതീക്ഷിക്കുന്നില്ലെന്ന് മാനേജിംഗ് ഡയറക്‌ടർ ബിജു പ്രഭാകർ. ആളുകൾക്ക് പൊതു ഗതാഗതം ഉപയോഗിക്കുന്നത് ഇപ്പോൾ പേടിയായി മാറിയിട്ടുണ്ട്. എന്നാൽ, എല്ലാ ദിവസവും ബസുകൾ അണുവിമുക്തമാക്കുന്നുണ്ട്. അതിനായി എല്ലാ ഡിപ്പോകളിലും പ്രത്യേകം ജീവനക്കാരെ തന്നെ നിയമിച്ചിട്ടുണ്ട്. ഓരോ ജീവനക്കാർക്കും രണ്ട് കുപ്പി സാനിറ്റൈസറും മാസ്‌കും നൽകിയിട്ടുണ്ട്. ബിജു പ്രഭാകർ 'ഫ്ളാഷി'നോട് സംസാരിക്കുന്നു..
പൊതുഗതാഗതത്തിലേക്ക് മടങ്ങണം
ജനങ്ങളെല്ലാം ബൈക്ക് സംസ്‌കാരത്തിലേക്ക് മാറുകയാണ്. കൊവിഡ് വന്നശേഷം ബൈക്ക് യാത്ര സംസ്ഥാനത്ത് വർദ്ധിച്ചു. നിരന്തരമായി വാഹനങ്ങൾക്ക് പിറകെ പോയി ബൈക്ക് യാത്രക്കാർ കാർബൺ മോണോക്സൈഡ് ശ്വസിക്കുകയാണ്. ഇത് ശരീരത്തിന് ഉണ്ടാക്കുന്ന ആഘാതം ചെറുപ്പത്തിൽ മനസിലായെന്ന് വരില്ല. നടുവേദനയും ഡിസ്ക് തെറ്റലും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരു പ്രായം കഴിയുമ്പോൾ നമ്മളെ അലട്ടിക്കൊണ്ടിരിക്കും. ഇത്തരം കേസുകളുടെ എണ്ണം കേരളത്തിൽ വളരെയധികം വർദ്ധിക്കുകയാണ്. ആരോഗ്യവകുപ്പിൽ മൂന്ന് വർഷം ജോലി നോക്കിയതു കൊണ്ട് ഇക്കാര്യം നന്നായറിയാം. അതിനാൽ, ബൈക്ക് യാത്രക്കാരൊക്കെ തിരിച്ച് കെ.എസ്.ആർ.ടി.സിയിലേക്ക് വരണം. ആളുകൾ കെട്ടിപിടിച്ചാലും തുമ്മുന്നിടത്ത് പോയി മാസ്‌കില്ലാതെ നിന്നാലും കൊവിഡ് വരും. സാനിറ്റൈസർ കൊണ്ട് കൈ കഴുകാതെ ആഹാരമെടുത്ത് കഴിച്ചാലും കൊവിഡ് വരും. ഇതൊക്കെ മനസിലാക്കി ജപ്പാൻ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും കൊവിഡ് കാലത്ത് പൊതുഗതാഗതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ കേരളത്തിലും പൊതുഗതാഗതത്തിലേക്ക് ജനങ്ങൾ മടങ്ങിവരണം.
ഡിപ്പോകൾ അടച്ചിടാൻ സമ്മതിക്കില്ല
കേരളത്തിലെ ആരോഗ്യ രംഗം ശക്തമാണ്. മാത്രമല്ല, ചെറിയ പനി വന്നാൽ പോലും മരുന്ന് കഴിക്കുകയും ഡോക്‌ടറെ കാണുകയും ചെയ്യുന്ന ഒരു സംസ്‌കാരം കേരളത്തിലുണ്ട്. കേരളത്തിലെ ജനങ്ങൾ കൊവിഡിനെ നിസാരമായി കണ്ടിട്ടില്ല. കൊവിഡ് ബാധിച്ചുള്ള മരണം കേരളത്തിൽ വളരെ കുറവാണ്. ട്രാൻസ്‌പോർട്ട് ഡിപ്പോയിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചാൽ അയാളെ ക്വാറന്റൈനിലാക്കി ഡിപ്പോ മുഴുവനായി അണുനശീകരണം നടത്തണം. ഒരു ദിവസം മാത്രമേ അടച്ചിടാവൂ. അടുത്ത ദിവസം തുറക്കണം. അതല്ലാതെ അഞ്ച് ദിവസവും പത്ത് ദിവസവുമൊക്കെ അടച്ചിടാൻ അനുവദിക്കില്ല. ഒരാൾക്ക് കൊവിഡ് വന്നെന്ന് കരുതി മൊത്തം ജനങ്ങളെയും ബുദ്ധിമുട്ടിക്കാനാകില്ല.
ഒരു ദിവസം പത്ത് മുതൽ പന്ത്രണ്ട് പേർ വരെയാണ് കേരളത്തിൽ റോഡ് അപകടത്തിൽ മരിക്കുന്നത്. 3500 മുതൽ 4000 പേർ വരെയാണ് കഴിഞ്ഞ അഞ്ചാറ് കൊല്ലമായി കേരളത്തിൽ വർഷം തോറും മരിച്ചു കൊണ്ടിരിക്കുന്നത്. പതിനായിരത്തിലേറെ പേർക്കാണ് അപകടത്തിൽപ്പെട്ട് ശരീര ഭാഗങ്ങൾ നഷ്‌ടപ്പെട്ടത്. കൊവിഡിനെക്കാൾ പേടിക്കേണ്ടത് വാഹനാപകടങ്ങളെയാണ്. സ്ഥിര വരുമാനമുള്ളവന് കെ.എസ്.ആർ.ടി.സി ഇല്ലാത്തതിന്റെ വിഷമം മനസിലാകില്ല. ദിവസ കൂലിക്കാർ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചാണ് ജീവിതം തള്ളി നീക്കുന്നത്.
ജീവനക്കാരുടെ സൗകര്യം മെച്ചപ്പെടുത്തും
കൊവിഡ് വന്ന ശേഷം വിമാനത്താവളങ്ങളിൽ ഡ്യൂട്ടിക്ക് പോകുന്ന ഡ്രൈവർമാർക്ക് ഉറങ്ങാൻ സ്ഥലമില്ല. രണ്ട് തവണ ഡ്രൈവർമാർ ഉറങ്ങിപ്പോയതു കാരണം വലിയ അപകടങ്ങളുണ്ടായി. ഒരു വണ്ടി പൂർണമായും തകർന്നു. ആ വണ്ടിയുടെ ഡ്രൈവർ മരണത്തിൽ നിന്ന് കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്. അവർക്ക് കിടക്കാൻ വേണ്ടിയാണ് പഴയ ബസുകൾ ഉപയോഗിച്ച് സ്ലീപ്പർ ഉണ്ടാക്കാൻ തീരുമാനിച്ചത്. ഒരാഴ്ചക്കുള്ളിൽ അത് കമ്മിഷൻ ചെയ്യും. കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അഞ്ച് കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകിയിരിക്കുന്നത്. ഞാൻ വരുന്ന സമയത്ത് അതിൽ രണ്ട് കോടി തെർമൽ സ്‌കാനറും മറ്രും വാങ്ങാൻ ടെൻഡർ നൽകിയിരിക്കുകയായിരുന്നു. ഞാൻ അത് റദ്ദാക്കി ആ പണം ജീവനക്കാർ താമസിക്കുന്ന സ്ഥലം മെച്ചപ്പെടുത്താനും ടോയ്ലറ്റുകൾ വൃത്തിയാക്കാനുമായി ഉപയോഗിക്കാൻ പറഞ്ഞു. ചെറിയ ഡിപ്പോകൾക്ക് അമ്പതിനായിരം രൂപയും വലിയ ഡിപ്പോകൾക്ക് ഒരു ലക്ഷം രൂപയും വീതിച്ച് നൽകാനും ആ പണം കൊണ്ട് ഡിപ്പോകൾ കൊവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാനുമാണ് ഉത്തരവ് നൽകിയിരിക്കുന്നത്. എൺപത് ലക്ഷം രൂപയുടെ സാനിറ്റൈസറാണ് ജീവനക്കാർക്കായി വാങ്ങിയത്. മറ്റ് ഏത് സ്ഥാപനത്തെക്കാളും കെ.എസ്.ആർ.ടി.സി സുരക്ഷിതമാണ്.
ആദ്യഘട്ടം നഷ്ടമില്ലാത്ത റൂട്ടുകളിൽ
കൊവിഡിന് മുമ്പ് മാസം 20 കോടി രൂപ തന്നുകൊണ്ടിരുന്ന സർക്കാർ ഇപ്പോൾ 64 കോടി തന്നുകൊണ്ടിരിക്കുകയാണ്. ആ പണം കൊണ്ട് പരമാവധി വണ്ടികൾ ഓടിച്ച് ജനങ്ങളെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇഷ്‌ടം പോലെ ബസുകൾ കെ.എസ്.ആർ.ടി.സിക്കുണ്ട്. നാളെ ഈ ഓടാതെ കിടക്കുന്ന ബസുകൾ സ്റ്റാർട്ടാക്കി ആളുകളെ കയറ്രുമ്പോൾ എഞ്ചിന് വലിയ ദോഷമുണ്ടാകും. ഇക്കാര്യം ചർച്ച ചെയ്യാൻ ഉടൻ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ വീഡിയോ കോൺഫറൻസ് വിളിച്ച് ചേർക്കുന്നുണ്ട്.
എട്ടുകോടി കിട്ടും
കെ.എസ്.ആർ.ടി.സിയുടെ ആറോളം പ്രോജക്‌ടുകൾ പലയിടത്തുമായി മുടങ്ങി കിടക്കുകയാണ്. അത് പൂർത്തിയാക്കാനായി സർക്കാരിനോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. ആ പണം ലഭിച്ചാൽ കൊവിഡ് കാലം കഴിയുന്നത് വരെ കെ.എസ്.ആർ.ടി.സിക്ക് പിടിച്ചു നിൽക്കാനാകും. പണികൾ പൂർത്തിയാക്കാൻ 32 കോടിയോളം രൂപ വേണം. അതിൽ കുറച്ചു പണം തരാമെന്ന് സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ട്രാൻസ്പോർട്ട് ഭവനിൽ 15,000 സ്‌ക്വയർ ഫീറ്റോളം സ്ഥലം വെറുതെ കിടപ്പുണ്ട്. എന്റെ കീഴിൽ തന്നെയുള്ള വനിത വികസന കോപ്പറേഷന് സ്വന്തമായൊരു ആസ്ഥാനമില്ല. അവരോട് മുപ്പത് കൊല്ലത്തേക്ക് എട്ട് കോടി രൂപയ്ക്ക് ഈ സ്ഥലം ലീസിന് നൽകാമെന്ന് പറഞ്ഞു. അങ്ങനെ എട്ട് കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് കിട്ടും. ധനമന്ത്രിയോട് ഇക്കാര്യം പറഞ്ഞ് അപ്പോൾ തന്നെ ഉത്തരവിറക്കാനായി.
ആധുനികവത്കരണം ഉടൻ
കമ്പ്യൂട്ടർവത്കരണവും ഇ-ടിക്കറ്റിനുമുള്ള നടപടികൾ കെ.എസ്.ആർ.ടി.സി ആരംഭിച്ച് കഴിഞ്ഞു. 29 കമ്പനികൾ അതിനുള്ള പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ കെ.എസ്.ആർ.ടി.സിയെ സമ്പൂർണമായി കമ്പ്യൂട്ടർവത്കരിക്കും. വലിയ തോതിലുള്ള ജാഗ്രത ജനങ്ങൾക്ക് ഇപ്പോഴും വന്നിട്ടില്ലാത്തതു കൊണ്ടാണ് നിർത്തി കൊണ്ടുള്ള യാത്ര ബസുകളിൽ സർക്കാർ അനുവദിക്കാത്തത്. കുറച്ചു കഴിയുമ്പോൾ അത് മാറും. ഇപ്പോഴും ഒരു ദിവസം അയ്യായിരത്തോളം പേരെയാണ് മാസ്ക് വയ്ക്കാത്തതിന് പിടികൂടുന്നത്. അതൊക്കെ മാറി ഒരു കുപ്പി സാനിറ്റൈസറും മാസ്‌കുമായി എല്ലാവരും റോഡിലിറങ്ങുന്ന ദിവസം വരുമ്പോൾ യാത്രക്കാരെ ബസുകളിൽ നിറുത്തി കൊണ്ടുള്ള യാത്ര കെ.എസ്.ആർ.ടി.സി ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |