പ്രണയം നിറയുന്ന പാട്ടുകൾ, ഹൃദയം കവിഞ്ഞുതൂവുന്ന ശബ്ദമാധുരി... മലയാളസിനിമയിൽ പുതുസ്വരമായി നിറയുന്ന നിത്യമാമനെ ഇങ്ങനെ വിശേഷിപ്പിക്കാം. ആദ്യ പാട്ടിലൂടെ തന്നെ സംഗീതാസ്വാദകരെ മുഴുവൻ ആരാധികയാക്കാൻ നിത്യയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ്.... എന്ന മൂന്നാമത്തെ പാട്ടിലൂടെ നിത്യ അതേ മാന്ത്രികത വീണ്ടും സമ്മാനിച്ചു. നിത്യയുടെ സംസാരം പതിഞ്ഞ താളത്തിലാണെങ്കിലും പാട്ടുകൾ പക്ഷേ അങ്ങനെയല്ല. ആഴത്തിൽ പതിയാൻ പോകുന്ന വിസ്മയമുണ്ട് അവയിൽ. നിത്യയുടെ വിശേഷങ്ങൾ.
''സൂഫിയിലേക്ക് എത്തുന്നത് തീർത്തും യാദൃശ്ചികമായിട്ടാണ്. എം ജയചന്ദ്രൻ സാറിന്റെ പാട്ട് പാടാൻ അവസരം വന്നിട്ടുണ്ടെന്ന് സുഹൃത്ത് രവിശങ്കറാണ് എന്നോട് പറയുന്നത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ റെക്കോഡിംഗിന് ചെന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. ജയചന്ദ്രൻ സാറിനൊപ്പം വർക്ക് ചെയ്യുക എന്നത് വലിയ ആഗ്രഹമായിരുന്നു. രവിശങ്കറാണ് എന്റെ ശബ്ദം അദ്ദേഹത്തിന് കേൾപ്പിച്ച് കൊടുത്തത്. റെക്കോഡിംഗൊക്കെ കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ജയചന്ദ്രൻ സാർ വിളിച്ചിട്ട് നന്നായിട്ടുണ്ട്, സിനിമയുടെ മൂഡുമായി ഒന്നിച്ചു പോകുന്നുണ്ടെന്നൊക്കെ പറഞ്ഞത്. അതൊരു അവാർഡ് കിട്ടിയ പോലെയായിരുന്നു. പാട്ട് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പായിരുന്നു, പക്ഷേ ഇത്രയും ഹിറ്റാകുമെന്നോ ട്രെൻഡിംഗ് ആകുമെന്നോ കരുതിയിരുന്നില്ല. പലരും കരുതിയിരുന്നത് ഇത് ശ്രേയ ഘോഷാൽ പാടിയതാണെന്നാണ്.""
ശ്രേയ ഘോഷാലിന്റെ ശബ്ദവുമായി നല്ല സാമ്യമുണ്ടല്ലോ?
ചിലരൊക്കെ അത് പറഞ്ഞിട്ടുണ്ട്. പക്ഷേശ്രേയയ്ക്ക് പകരമാകാൻ അവർക്ക് മാത്രമേ പറ്റൂ. ആ വിശേഷണം ഇഷ്ടം തന്നെയാണ്. എന്നാലും സ്വന്തം ഐഡന്റിറ്റിറ്റിയെ ബാധിക്കരുതെന്ന ആഗ്രഹമുണ്ട്. പാട്ടിൽ ഞാനൊരു തുടക്കക്കാരിയാണ്. എന്നിട്ടും ശ്രേയയെ പോലൊരു ലെജൻഡിനെ വച്ച് സാമ്യപ്പെടുത്തുന്നതിൽ സന്തോഷമാണ്. വ്യത്യസ്തങ്ങളായ പാട്ടുകൾ പാടണമെന്നാണ് ആഗ്രഹം. പുതിയ പാട്ടുകൾ ഇനിയും വരാനുണ്ട്. റിലീസിനെ കുറിച്ചൊന്നും അറിയാത്തതുകൊണ്ട് ഇപ്പോൾ ഒന്നും പറയുന്നില്ല.
പാട്ട് വന്ന വഴി എങ്ങനെയാണ്?
ചെറുപ്പം മുതലേ പാട്ട് പഠിക്കുന്നുണ്ടായിരുന്നു. പഠിച്ചതും വളർന്നതുമെല്ലാം ഖത്തറിലായിരുന്നു. എന്നിലെ പാട്ടുകാരിയെ പ്രോത്സാഹിപ്പിച്ചതൊക്കെ ആ നാടാണ്. സംഗീതം പത്ത് വയസ് മുതൽ പഠിക്കുന്നുണ്ട്. ഡിഗ്രി ചെയ്യാനാണ് ബാംഗ്ലൂരെത്തുന്നത്. ആ സമയത്ത് വോയ്സ് ഓഫ് ബാംഗ്ലൂർ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു, കൂടുതലും കന്നട പാട്ടുകളായിരുന്നു പാടിയത്. പിന്നീട് കുറേ ഷോകളിലൊക്കെ പാടുമായിരുന്നു. അക്കാലത്ത് കുറേ കവർ സോംഗുകളും ചെയ്തിട്ടുണ്ട്. അതൊക്കെ കഴിഞ്ഞപ്പോഴാണ് പ്ലേ ബാക്ക് സിംഗിംഗിലേക്ക് തിരിയണമെന്ന് തോന്നിയത്. അങ്ങനെ ട്രാക്കുകൾ പാടിത്തുടങ്ങി. കൈലാസ് മേനോൻ സാറാണ് എന്നെ സിനിമയിലേക്ക് എത്തിക്കുന്നത്. ഹിമമഴക്ക് ശേഷമാണ് ആൾക്കാർ തിരിച്ചറിയാൻ തുടങ്ങിയത്. അതിന് ശേഷം പാടിയത് കുങ്ഫു മാസ്റ്ററിലെ ഈ വഴിയേ... എന്ന പാട്ടാണ്.
കരിയറിൽ ഓർക്കുന്ന മുഖങ്ങൾ ആരൊക്കെയാണ്?
ഒരുപാട് പേരോട് കടപ്പാടുണ്ട്. കൈലാസ് സാറിന്റെ അമ്മയോട്.. സുഹൃത്ത് രവിശങ്കറിനോട്. ഇവരൊക്കെയാണ് എന്റെ സ്വപ്നത്തിന് വഴി തെളിയിച്ചു തന്നത്. കൈലാസ് സാറിന്റെ അമ്മ വഴിയാണ് എടക്കാട് ബറ്റാലിയനിലേക്ക് എത്തുന്നത്. അമ്മ എന്റെയൊരു ലൈവ് പ്രോഗ്രാം കണ്ടിട്ട് അത് അദ്ദേഹത്തോട് പറയുകയായിരുന്നു. അങ്ങനെയാണ് ഞാൻ ഒരു പാട്ട് അയച്ചുകൊടുത്തത്. അതുകഴിഞ്ഞ് ഹിമമഴയുടെ ട്രാക്ക് പാടാൻ വിളിച്ചു. ആ പാട്ട് എല്ലാവർക്കും ഇഷ്ടമായതുകൊണ്ട് ഫൈനലാക്കുകയാണെന്ന് രണ്ടാഴ്ചയ്ക്കുശേഷം അദ്ദേഹം അറിയിക്കുകയായിരുന്നു. ഹിമമഴയുടെ വഴി ഇങ്ങനെയായിരുന്നു. സിനിമയിലെ എന്റെ ഗുരുവാണ് അദ്ദേഹം.
സൂഫിയും സുജാതയും ചരിത്രം കുറിച്ചതോടെ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം തീർച്ചയായുമുണ്ട്. ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ പാട്ട് ശ്രദ്ധിക്കപ്പെടാതെ പോകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ വിചാരിച്ചതിനേക്കാളും ഹിറ്റായി. അദിതിറാവുവിന് ചേരുന്ന ശബ്ദമാണെന്ന് പലരും പറഞ്ഞു. ജയസൂര്യ ചേട്ടനും വിജയ് ബാബുസാറുമൊക്കെ നല്ല അഭിപ്രായങ്ങളാണ് പറഞ്ഞത്. പാട്ട് കേട്ടിട്ട് കൈലാസ് സാർ വിളിച്ച് സന്തോഷം പങ്കുവച്ചു. ഈ പാട്ട് കൂടി ഹിറ്റായപ്പോൾ സാറിനും അമ്മയ്ക്കും വലിയ അഭിമാനമാണെന്ന് പറഞ്ഞു.
പാട്ടിനൊപ്പം ആർക്കിടെക്റ്റുമാണ്?
സംഗീതമാണ് പ്രിയം. പക്ഷേ, പഠിച്ചത് ആർക്കിടെക്ചറാണ്. ഒത്തിരി ഇഷ്ടപ്പെട്ട് ചെയ്തതല്ല, എന്നാൽ അതിൽ നിരാശയുമില്ല. ആർക്കിടെക്റ്റായി ജോലി ചെയ്തിട്ടുണ്ട്, ഇപ്പോൾ ഫ്രീലാൻസായിട്ടാണ് വർക്ക് ചെയ്യുന്നത്. ബാംഗ്ലൂരിലായിരുന്നു ആദ്യം. അത് കഴിഞ്ഞ് കേരളത്തിലെത്തി. നാല് വർഷത്തോളമായി ഇവിടെയുണ്ട്. ഭർത്താവ് വിവേക് ഫ്രാൻസിസ് മെക്കാനിക്കൽ എൻജിനിയറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |