സെക്രട്ടേറിയറ്റിലെ ഫയൽ സ്തംഭനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ അടുത്ത ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാകും യോഗം. കഴിഞ്ഞ ഒക്ടോബറിലും ഫയൽ നീക്കത്തിലെ മാന്ദ്യത ഉന്നത ഭരണതലത്തിൽ ചർച്ചയായതാണ്. തീരുമാനമാകാതെ കിടക്കുന്ന ഫയലുകളുടെ ഏകദേശ സംഖ്യയും പുറത്തുവന്നിരുന്നു. കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കർമ്മപരിപാടിക്കും രൂപം നൽകി. പിന്നീട് അതേപ്പറ്റി വലുതായൊന്നും കേട്ടില്ല. ഏതു മന്ത്രിസഭയുടെ കാലത്തും ഇതുപോലുള്ള ചില തീവ്രയജ്ഞ പരിപാടികൾ സാധാരണമാണ്. യജ്ഞത്തിന്റെ യജമാനന്മാർ തന്നെ വിരക്തി കാട്ടുന്നതോടെ യജ്ഞവും അവസാനിക്കും. സെക്രട്ടേറിയറ്റിൽ മാത്രമല്ല താഴെ വില്ലേജ് ഓഫീസിൽ വരെ തീരുമാനം കാത്ത് ഫയലുകൾ കുന്നുകൂടും. കൊവിഡ് വന്നതോടെ സർക്കാർ ഓഫീസുകളും പലനാൾ അടച്ചിട്ട നിലയിലായിരുന്നു. ഇപ്പോഴും കാര്യമായ പ്രവർത്തനം നടക്കാത്ത സർക്കാർ ഓഫീസുകളാണ് അധികവും. തുറന്നുവച്ചിട്ടുണ്ടെങ്കിലും ജീവനക്കാർ നന്നേ കുറവ്. മൂന്നിലൊരു വിഭാഗം ജീവനക്കാരുമായി എല്ലാ ഓഫീസുകളും പ്രവർത്തിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. പൊതുഗതാഗതം നേരെയാകാത്തതിനാൽ ജീവനക്കാരിലധികവും ഇപ്പോഴും വീട്ടിൽത്തന്നെ ഇരിപ്പാണ്. ഓഫീസുകളിലെത്തിയാൽത്തന്നെ കൊവിഡ് എന്തിനും നല്ലൊരു ഒഴികഴിവാണ്.
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഒന്നരലക്ഷത്തോളം ഫയലുകളെങ്കിലും തീരുമാനം കാത്തു കിടപ്പുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. കൊവിഡിനു മുന്നേ ഇതായിരുന്നു സ്ഥിതി. കൊവിഡ് കാലത്ത് എല്ലാം അടഞ്ഞുകിടന്നതിനാൽ അത്രയധികം പുതിയ ഫയലുകൾ ജനിച്ചിട്ടില്ലെന്നാണു അനുമാനം. കെട്ടിക്കിടക്കുന്നവയിൽ അടിയന്തരമായി പരിഹാരം കാണേണ്ട ഫയലുകൾ ധാരാളമുണ്ടാകും. അവയ്ക്കെങ്കിലും തീർപ്പുണ്ടാക്കാനായാൽ വലിയ കാര്യമായിരിക്കും. വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ഈ വിഷയത്തിൽ ക്രിയാത്മകമായ നടപടിക്കു രൂപം നൽകുമെന്നു പ്രതീക്ഷിക്കാം. സെക്രട്ടേറിയറ്റ് ഉൾപ്പെടെ വലിയ സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്കു പ്രവേശനം നിഷേധിച്ചിരിക്കുകയാണിപ്പോൾ. അതുകൊണ്ടുതന്നെ ജനങ്ങളിൽ നിന്നുള്ള 'ശല്യം" ഈ നാളുകളിൽ നേരിടേണ്ടിവരാറില്ല. ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങൾക്ക് അവശ്യം വേണ്ട ചില സേവനങ്ങൾ യഥാസമയം സർക്കാരിൽ നിന്ന് ലഭ്യമാക്കാൻ പ്രത്യേക നടപടികൾ എടുക്കേണ്ടതാണ്. ഭരണസിരാകേന്ദ്രത്തിൽ ജീവനക്കാരുടെ മുന്നിലെത്തുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്ന് അധികാരമേറ്റെടുത്ത ഉടനെ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചിരുന്നു. സർവീസ് സംഘടനകളുടെ വാർഷിക യോഗങ്ങളിലും ഇക്കാര്യം സജീവമായ ചർച്ചകൾക്ക് വരാറുണ്ട്. എന്നാൽ സമയബന്ധിതമായി തീർപ്പുണ്ടാകാറില്ല. ഫയലുകൾ കുന്നുകൂടുന്ന പ്രവണതയ്ക്കും മാറ്റം കാണുന്നില്ല. ഓഫീസ് സംവിധാനങ്ങളും നടപടികളും വളരെയേറെ പരിഷ്കരിച്ച ശേഷവും 'ചുവപ്പുനാട" ഇല്ലാതാക്കാൻ സാധിക്കുന്നില്ല. ഓഫീസ് നടപടികൾ പലതും ഓൺലൈനിലേക്കു മാറിയതോടെ സ്വാഭാവികമായും ഭരണ നടപടികൾക്കു വേഗം കൂടേണ്ടതാണ്. ഉടനുടൻ അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കാൻ പുതിയ സംവിധാനത്തിൽ ഒരു പ്രയാസവുമില്ല. എന്നിട്ടും ഒരു അപേക്ഷ എത്തിയാൽ ആഴ്ചകളോളം എടുക്കും അതിൽ തീരുമാനമാകാൻ. നടപടിക്രമങ്ങൾ ഇനിയും ലഘുവായിട്ടില്ലെന്നാണ് ഇതു കാണിക്കുന്നത്. എല്ലാം സുതാര്യമാണെന്നു പറയുമ്പോഴും ഭരണ നിർവഹണ സംവിധാനങ്ങൾ പലതും അപ്രകാരമായിട്ടില്ലെന്നാണ് അനുഭവം. ഫയലുകളിൽ ഉടനുടൻ തീർപ്പുണ്ടാകുന്നതു വൈകിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ വിചാരിച്ചാൽ സാധിക്കും. അതിനു പിന്നിൽ കാരണങ്ങളും ഉണ്ടാകാം. പഴയശീലം പാടേ മാറ്റാൻ കഴിയാത്തവരുണ്ടാകാം. അടിയന്തര സ്വഭാവമുള്ളവ പിടിച്ചുവച്ചാൽ വ്യക്തിഗതമായി ലഭിക്കാവുന്ന നേട്ടമായിരിക്കും ചിലരുടെ ഉന്നം. മനഃപൂർവമായ വീഴ്ച ഉണ്ടായാലും സാധാരണ ഗതിയിൽ നടപടികളൊന്നുമുണ്ടാകില്ലെന്ന ധൈര്യവുമുണ്ട്. സംഘടനാബലം ഇന്ന് അത്രയധികം പ്രബലമാണല്ലോ. കാരണം എന്തുതന്നെയായാലും ജനങ്ങൾക്ക് യഥാസമയം സേവനം ലഭിക്കാറില്ലെന്നത് വസ്തുതയാണ്.
ഓൺലൈൻ സംവിധാനത്തിന്റെ ഏറ്റവും വലിയ മെച്ചം പൊതുജനങ്ങൾക്കും തങ്ങളുടെ അപേക്ഷയുടെ അപ്പപ്പോഴുള്ള സ്ഥിതി പരസഹായമില്ലാതെ നേരിട്ട് അറിയാൻ കഴിയുമെന്നതാണ്. ഫയലിന്റെ പുരോഗതി അറിയാൻ അപേക്ഷകന് ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതി ഉണ്ടാകുന്നില്ല. എന്നാൽ പല കാരണങ്ങളാൽ ഇവിടെ ഈ സംവിധാനം കാര്യക്ഷമമല്ല. സർക്കാർ തുടങ്ങാൻ പോകുന്ന കെ. ഫോൺ സംവിധാനം പ്രവർത്തിച്ചു തുടങ്ങുമ്പോൾ നെറ്റ് സംവിധാനം മുഴുവൻ പേർക്കും പ്രാപ്യമാകുമെന്നാണു പറയുന്നത്. അതുകൊണ്ടുമാത്രമായില്ല. ഓൺലൈൻ സേവനങ്ങൾക്ക് കൂടുതൽ കൃത്യതയും സുതാര്യതയും കൈവരികയും വേണം.
കേന്ദ്രസർക്കാരിലെ എല്ലാ വകുപ്പുകളിലും ഓൺലൈൻ സേവനങ്ങൾ ലഭിക്കാൻ ഒരു പ്രയാസവുമില്ല. അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ ഓരോ തലത്തിലുമുള്ള അതിന്റെ പുരോഗതി കൃത്യമായി അറിയാനാകും. നമ്മുടെ സെക്രട്ടേറിയറ്റിലും അത്തരം സംവിധാനം ഉണ്ടെന്നാണു വയ്പ്. അതുകൊണ്ടായില്ലല്ലോ. അപേക്ഷകൾ ഫയൽ കൂമ്പാരമായി മാറാതെ ഓരോന്നിലും ഉടനുടൻ തീരുമാനമുണ്ടാകുകയും വേണം.
നടപടിക്രമങ്ങൾ ലളിതമാക്കിയാൽത്തന്നെ ഫയൽ കൂമ്പാരം ഒരു പരിധി വരെ ഒഴിവാക്കാനാകും. അധികാര വികേന്ദ്രീകരണം ഇന്നത്തെക്കാൾ ശക്തവും വിപുലവുമാകണം.
തീരുമാനം കാത്തുകിടക്കുന്ന ഫയലുകളിൽ പലതും പലവിധ ജീവിത പ്രാരാബ്ധങ്ങൾക്കു പരിഹാരം തേടുന്നവയാകും. കയറിക്കിടക്കാൻ ഒരു തുണ്ടു ഭൂമി, അന്തിയുറങ്ങാൻ ഒരു കൂര, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം അങ്ങനെ ആവശ്യങ്ങൾ അനവധി ഉണ്ടാകും. താഴെത്തലങ്ങളിൽ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ തേടുന്ന അപേക്ഷകളും അനവധി ഉണ്ടാകും. ആവശ്യക്കാരന് ഔചിത്യം കാണുകയില്ല എന്നാണു പറയാറ്. അപേക്ഷയിലെ ആവശ്യം അനുവദിക്കാനാവില്ലെങ്കിലും അക്കാര്യം യഥാസമയം അപേക്ഷകനെ അറിയിച്ചാൽ വലിയ സഹായമാകും. സർക്കാർ സർവീസിന്റെ മേദസ് വളരെയധികം വർദ്ധിച്ചിട്ടും സേവനങ്ങൾ തൃപ്തികരമാകുന്നില്ലെങ്കിൽ അതിന്റെ കാരണം കണ്ടെത്തുക തന്നെ വേണം. കെട്ടിക്കിടക്കുന്ന ഫയലുകൾ ഒരിക്കലും ഭരണ മികവിന്റെ ലക്ഷണമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |