തിരുവനന്തപുരം: യാത്രയ്ക്ക് മാത്രമല്ല ചികിത്സയൊരുക്കാനും കെ.എസ്.ആർ.ടി.സി ബസുകൾ നിങ്ങളിലേക്കെത്തും. കൊവിഡ് വ്യാപനം കാരണം കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയരാക്കാനാണ് ഗതാഗതവകുപ്പുമായി സഹകരിച്ച് ആരോഗ്യ വകുപ്പ് കൂടുതൽ മൊബൈൽ ടെസ്റ്റിംഗ് ലാബുകളും ക്ലിനിക്കുകളും തുടങ്ങാൻ പദ്ധതിയൊരുക്കുന്നത്.
ആശുപത്രിയിലെത്താൻ കഴിയാത്ത മറ്റ് രോഗമുള്ളവർക്കും ചികിത്സ ലഭ്യമാക്കും. കൊവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇപ്പോഴും വാഹനങ്ങളിൽ പോയി ടെസ്റ്റ് നടത്തുന്നുണ്ട്. പക്ഷേ അത് വർദ്ധിപ്പിക്കേണ്ടിവരുമ്പോൾ നിലവിലെ വാഹനങ്ങൾ തികയാതെ വരും. ഇതേത്തുടർന്നാണ് കെ.എസ്.ആർ.ടി.സി ബസുകളെ ടെസ്റ്റിംഗ് സെന്ററുകളും ക്ലിനിക്കുകളുമാക്കുന്നത്. ഇതിനായി ബസിലെ സീറ്റുകൾ മാറ്റി സജ്ജീകരിക്കും.
തമിഴ്‌നാട്ടിലും കർണാടകത്തിലും പദ്ധതി
കർണാടകത്തിൽ ട്രാൻസ്പോർട്ട് ബസുകളെ സഞ്ചരിക്കുന്ന ആശുപത്രികളാക്കിയിരുന്നു. കിടക്ക, ഡ്രിപ്പ്, ഓക്സിജൻ സംവിധാനങ്ങളുമെല്ലാം ഇതിൽ ഒരുക്കിയിരുന്നു. തമിഴ്നാട്ടിൽ സഞ്ചരിക്കുന്ന ഫിവർ ക്ലിനിക്കുകളും ടെസ്റ്റിംഗ് ലാബുകളും തുടങ്ങിയത് കൂടുതൽ രോഗികളെ കണ്ടെത്തുന്നതിന് സഹായിച്ചിരുന്നു.
'കൊവിഡിനെ ചെറുക്കാൻ ഏതു രീതിയിലുള്ള സഹായം ഒരുക്കാനും ഗതാഗത വകുപ്പ് തയ്യാറാണ്".
- എ.കെ. ശശീന്ദ്രൻ, ഗതാഗതമന്ത്രി
'കാരവാൻ ടൂറിസവുമായി"
കെ.എസ്.ആർ.ടി.സി വരുന്നു
തിരുവനന്തപുരം: ബസുകളിൽ കാരവാനൊരുക്കി ടൂറിസത്തിന്റ പച്ചപ്പിലേക്ക് ഓടിക്കയറാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് കെ.എസ്.ആർ.ടി.സി.
ടൂറിസം-വനം വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി വരുന്നത്. വിനോദസഞ്ചാര മേഖലകളിലെത്തുന്നവർക്ക് ബസുകളിൽ താമസസൗകര്യമൊരുക്കുകയാണ് ലക്ഷ്യം.
പഴയ ബസുകളെ കാരവാനാക്കും. സ്വന്തം വർക്ക്ഷോപ്പുകളിലായിരിക്കും നിർമ്മാണം. യാത്രക്കാരുമായും ജനങ്ങളുമായും കെ.എസ്.ആർ.ടി.സി. എം.ഡി ബിജുപ്രഭാകർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടത്തിയ സംവാദത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാപനം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ തേടിയാണ് അദ്ദേഹം ഗൂഗിൾ മീറ്റിലെത്തിയത്. സ്ഥിരയാത്രക്കാർക്ക് ഇളവുകൾ നൽകുന്ന കാര്യം പരിഗണനയിലാണ്.
ജീവനക്കാരെ വിശ്വാസത്തിലെടുത്തേ വികസന പദ്ധതികൾ നടപ്പാക്കൂ. ജീവനക്കാർ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് പദ്ധതികൾ
ബസ് ഓൺ ഡിമാൻഡ് പദ്ധതി ആകർഷകമാക്കും
ബസുകളുടെ വരവും പോക്കും അറിയാൻ ജി.പി.എസ് സജീകരിക്കും
ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ പരസ്യവരുമാനം വർദ്ധിപ്പിക്കും.
ട്രെയിൻ യാത്രക്കാർക്ക് സൗകര്യപ്രദമായി ബസുകൾ ക്രമീകരിക്കും.
ബസുകളിലെ ഭക്ഷ്യവിതരണ ശൃംഖലയായ 'ഫുഡ് ഓൺ വീൽസ്" വിപുലീകരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |