തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അസി. കമ്മീഷണർ സുൽഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസിൽ അന്വേഷണം നടത്തുക. സൈബർ സെല്ലിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. തട്ടിപ്പ് പുറത്തു വന്ന് മൂന്നു ദിവസമായിട്ടും ബിജുലാലിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതേസമയം ഉടൻ ബിജുലാലിനെ പിടികൂടുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
തട്ടിപ്പിൽ ട്രഷറി ഡയറക്ടർ റിപ്പോർട്ട് നൽകി. ജില്ലാ ട്രഷറി ഓഫീസറുടെയും ടെക്നിക്കൽ കോ ഓർഡിനേറ്ററുടെയും ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 74ലക്ഷം ഓവർഡ്രാഫ്റ്റ് ഉണ്ടായിരുന്ന ബിജുലാൽ രണ്ട് കോടി തട്ടിച്ചപ്പോൾ ബാദ്ധ്യത മാറുകയും ഒരുലക്ഷത്തി ഇരുപത്താറായിരം അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. ഇതിൽ നിന്ന് ഭാര്യയുടെ അക്കൗണ്ടിലേക്ക് 63ലക്ഷം മാറ്റിയെന്നുമാണ് കണ്ടെത്തൽ.
ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതാണ് ബിജുലാലിനെ തട്ടിപ്പിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. തട്ടിപ്പിൽ താൻ നിരപരാധിയാണെന്നും അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ എത്തിയത് അറിഞ്ഞില്ലെന്നും വ്യക്തമാക്കുന്ന ബിജുലാലിന്റെ ഭാര്യ സിമിയുടെ ശബ്ദസന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |