തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്രമഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തെ തുടർന്ന് മുന്നൊരുക്കങ്ങളുമായി കെ.എസ്.ഇ.ബി. കഴിഞ്ഞ രണ്ടുവർഷങ്ങളിലും മഴ സംസ്ഥാനത്ത് സൃഷ്ടിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇക്കൊല്ലം വലിയ തോതിലുള്ള തയ്യാറെടുപ്പുകളാണ് കെ.എസ്.ഇ.ബി നടത്തിയത്.
സംസ്ഥാനത്തെ എല്ലാ ഡാമുകൾക്കും പ്രത്യേക പ്രോട്ടോക്കോളും ആക്ഷൻ പ്ലാനും നടപ്പാക്കിയാണ് മുന്നൊരുക്കം. മഴക്കാലത്തിന് മുമ്പ് ഡാമുകളിൽ നടത്തേണ്ട അറ്റകുറ്റപ്പണികളെല്ലാം കൊവിഡിനെ വകവയ്ക്കാതെ ജൂലായിൽ തന്നെ പൂർത്തിയാക്കി. 2018ലെ പ്രളയത്തിന് ശേഷം കേന്ദ്ര ജല കമ്മിഷന്റെ അനുവാദത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ റൂട്ട് കർവുകൾ എല്ലാ ഡാമുകൾക്കുമുണ്ട്. ഓരോ ഡാമിലും എത്ര അടി വെള്ളമുണ്ടെന്നും വെള്ളം പരിധിയ്ക്ക് മുകളിലേക്ക് ഉയർന്നാൽ എന്ത് നടപടി സ്വീകരിക്കണമെന്നും റൂട്ട് കർവ് അടിസ്ഥാനപ്പെടുത്തിയാവും തീരുമാനമെടുക്കുക.
എല്ലാ ഡാമുകളുടെയും ഷട്ടറുകൾ തുറന്ന് ട്രയൽ റൺ നടത്തിയതായി കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി. ഡാമുകളിലേക്ക് ആവശ്യമായ ജീവനക്കാരെയെല്ലാം നിയമിച്ച് കഴിഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പലയിടത്തും ആശയവിനിമയ സംവിധാനം തകർന്നിരുന്നു. ഇത് പരിഹരിക്കാനായി സാറ്റലൈറ്റ് ഫോണുകൾ എല്ലാ ഡാമുകളിലും എത്തിച്ചിട്ടുണ്ട്. ആവശ്യമായി വന്നാൽ എല്ലാ ഡാമുകളിലും കൺട്രോൾ റൂം തുറക്കാനുള്ള സംവിധാനവും ഒരുക്കി.
ഡാമുകൾ തുറക്കില്ലെന്ന് ചെയർമാൻ
ഈയാഴ്ച പ്രവചിച്ചതിനെക്കാൾ അതിതീവ്ര മഴ പെയ്‌താലും സംസ്ഥാനത്തെ വലിയ ഡാമുകളൊന്നും തുറക്കില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. ഇടുക്കി, ഇടമലയാർ, ബാണാസുരസാഗർ, ആനത്തോട് തുടങ്ങി പ്രധാനപ്പെട്ട ഡാമുകളൊന്നും തുറക്കില്ല. നിലവിൽ ഈ ഡാമുകളിലെല്ലാം ജലനിരപ്പ് വളരെ കുറവാണ്. മഴ പെയ്‌താലും ഒരു പരിധി വരെ വെള്ളം പിടിച്ച് നിർത്തി ഡാമുകൾ വെള്ളപ്പൊക്കത്തിന് തടയിടുമെന്നാണ് കെ.എസ്.ഇ.ബിയുടെ അനുമാനം. ഡാമുകൾ തുറക്കാത്തിനെ തുടർന്ന് ആക്ഷേപങ്ങൾ ഉണ്ടായാൽ അതിനെ വകവയ്ക്കില്ല. മനുഷ്യനിർമ്മിതമല്ല പ്രളയം.
ഞങ്ങൾക്ക് ലാഭകൊതിയില്ല
ഡാമുകൾ തുറക്കാത്തത് കെ.എസ്.ഇ.ബിക്ക് ലാഭക്കൊതിയുള്ളതു കൊണ്ടാണെന്ന പഴയ ആക്ഷേപത്തെ എൻ.എസ് പിള്ള തള്ളിക്കളഞ്ഞു. കനത്ത മഴ പെയ്‌താൽ ലാഭത്തെക്കാൾ നഷ്‌ടം മാത്രമേ കെ.എസ്.ഇ.ബിക്ക് ഉണ്ടാകൂ എന്നാണ് മുൻവർഷത്തെ കണക്കുകൾ പറയുന്നത്. അതിങ്ങനെ:
തകരാറിലായ ജല വൈദ്യുതി നിലയങ്ങൾ 5.
50 സബ് സ്റ്റേഷനുകൾ പ്രളയജലം കയറി നിറുത്തിവച്ചു.
നാല് ചെറുകിട വൈദ്യുതി നിലയങ്ങൾ പൂർണമായി വെള്ളത്തിനടിയിലായി.
16,158 ട്രാൻസ്‌ഫോർമറുകൾ ഓഫ് ചെയ്തു.
30,000 ഇലക്ട്രിക് പോസ്റ്റുകൾ മറിഞ്ഞു.
4,000 കിലോമീറ്റർ ഇലക്ട്രിക് ലൈനുകൾ വെള്ളത്തിനടിയിലായി.
25 ലക്ഷത്തിലധികം വൈദ്യുതി കണക്ഷനുകൾ നഷ്ടമായി.
നഷ്ടം കണക്കാക്കുന്നത് 350 കോടി. പദ്ധതികളിൽ ഉണ്ടായ ഉത്പാദന നഷ്ടം കൂടി കണക്കിലെടുത്താൽ പ്രളയം മൂലം കെ.എസ്.ഇ.ബി.ക്കുണ്ടായ ആകെ നഷ്ടം 820 കോടി രൂപയിലധികം.
അന്നു പറഞ്ഞ ആറ് ഡാമുകൾ എവിടെ ?
രണ്ട് വർഷങ്ങളിലെ പ്രളയം കണക്കിലെടുത്ത് വെള്ളപ്പൊക്കം നിയന്ത്രിക്കാൻ ആറ് ഡാമുകൾ നിർമ്മിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ ജലസേചന വകുപ്പ് തീരുമാനെമെടുത്തിരുന്നു. പ്രളയം നിയന്ത്രിക്കാൻ കേരളത്തിൽ കൂടുതൽ ഡാമുകൾ നിർമിക്കണമെന്ന് കേന്ദ്ര ജലകമ്മിഷൻ നിർദേശിച്ചതിന്റെയും കൂടി അടിസ്ഥാനത്തിലായിരുന്നു തീരുമാനം. വീണ്ടുമൊരു മഴക്കാലം എത്തി നിൽക്കെ ആറ് ഡാമുകളുടെ നിർമ്മാണം എന്തായെന്ന് കേരളകൗമുദി ഓൺലൈൻ അന്വേഷണം നടത്തി.
അട്ടപ്പാടിയിൽ ഡാം നിർമ്മിക്കാനുള്ള വിശദ പഠന റിപ്പോർട്ട് പൂർത്തിയായി കേന്ദ്രജല കമ്മിഷന് സമർപ്പിച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. 458 കോടി രൂപയാണ് ഈ ഡാമിനായി ചെലവിടുന്നത്. കുര്യാർക്കുറ്റിയിൽ ഡാം പണിയുന്നതിനായുള്ള വിശദ പഠന റിപ്പോർട്ട് തയ്യാറാക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. അച്ചൻകോവിൽ, പമ്പ, പെരിയാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഡാം നിർമ്മാണത്തിന് നിർദേശം മാത്രമെ ആയിട്ടുള്ളൂ. സർക്കാരിൽ നിന്ന് ഇതിന് അംഗീകാരം ലഭിക്കേണ്ടതുണ്ട്.
''പ്രളയം നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന് ഡാമുകൾ നമ്മുടെ സംസ്ഥാനത്തില്ല. അതിനുവേണ്ടിയുള്ള ആവശ്യം ആരും ഉയർത്തുന്നില്ല. എന്തായാലും ഈ സർക്കാരിന്റെ കാലത്ത് അട്ടപ്പാടി ഡാമിന്റെയും കുര്യാർക്കുറ്റി ഡാമിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കാനാണ് തീരുമാനം. കഴിഞ്ഞ 45 കൊല്ലമായി ജലസേചന വകുപ്പിൽ പുതുതായി യാതൊരു കേന്ദ്ര പദ്ധതിയും വന്നിട്ടില്ല. അട്ടപ്പാടിയിൽ ഡാമിന്റെ കാര്യം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. പരിസ്ഥിതി വാദികളുടെ എതിർപ്പ് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. ഡാം നിർമ്മാണത്തിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അടക്കം സമവായം കണ്ടെത്തേണ്ടതുണ്ട്."
കെ.കൃഷ്‌ണൻകുട്ടി, ജലസേചന വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |