കൊച്ചി: രാജ്യമെങ്ങും 2,000 കോടി രൂപ മുടക്കിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളൊരുക്കാനുള്ള കേന്ദ്ര പദ്ധതിയിൽ സംസ്ഥാനത്തെ നോഡൽ ഏജൻസിയാകാനുള്ള അനർട്ടിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. അനർട്ടിനെ തഴഞ്ഞ് കെ.എസ്.ഇ.ബിയെ പദ്ധതിയുടെ നോഡൽ ഏജൻസിയാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
പിന്നാലെ 100 ലൊക്കേഷനുകളിലായി 300ലധികം അൾട്രാ ഫാസ്റ്റ് ചാർജറുകൾ ഉൾപ്പെടുന്ന പദ്ധതി കെ.എസ്.ഇ.ബി കേന്ദ്രത്തിന് സമർപ്പിച്ചു. കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ പി.എം.ഇ ഡ്രൈവ് പദ്ധതിയാണിത്. അതത് സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ ഏജൻസികളാണ് അടിസ്ഥാനസൗകര്യം ഒരുക്കേണ്ടതെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു.
സംസ്ഥാനത്തെ നോഡൽ ഏജൻസിയാകാൻ ലക്ഷ്യമിട്ട് 300 കോടിയുടെ പദ്ധതി അനർട്ട് തയ്യാറാക്കിയിരുന്നു. സർക്കാർ ഓഫീസുകൾ മുതൽ സ്വകാര്യ മാളുകളെവരെ ഉൾപ്പെടുത്തി വിവിധ കാറ്റഗറികൾ തിരിച്ചുള്ളതായിരുന്നു ഇത്. കെ.എസ്.ഇ.ബിയെ നോഡൽ ഏജൻസിയാക്കിയതോടെ അനർട്ടിന്റെ അവസരം നഷ്ടമായി.
കേന്ദ്ര ഏജൻസികൾ
സംസ്ഥാനത്തെത്തും
കെ.എസ്.ഇ.ബി സമർപ്പിച്ച പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് ഉൾപ്പെടെ പി.എം.ഇ ഡ്രൈവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെത്തും. പത്തിലധികം വാഹനങ്ങൾക്ക് ഒരേ സമയം ചാർജ് ചെയ്യാൻ കഴിയുന്ന 12 മെഗാ ചാർജിംഗ് ഹബ്ബുകളടക്കമാണ് കെ.എസ്.ഇ.ബി പദ്ധതി. ഇലക്ട്രിക് ട്രക്കുകൾ, ഇലക്ട്രിക് ബസുകൾ, ഉയർന്ന ചാർജിംഗ് റേറ്റിംഗുള്ള കാറുകൾ എന്നിവയെക്കൂടി ഉൾക്കൊള്ളുന്ന രീതിയിലാകും ഇവ.
''ഇത്രയും വലിയ പദ്ധതിയുടെ ഭാഗമാകാൻ തുടക്കത്തിൽ തന്നെ കഴിയുന്നത് കെ.എസ്.ഇ.ബിക്ക് അഭിമാന നേട്ടമാണ്
-സിനി ജോൺ,
അസി. എക്‌സിക്യുട്ടീവ് എൻജിനിയർ,
ഇ- മൊബിലിറ്റി ഹബ്ബ്, കെ.എസ്.ഇ.ബി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |