ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരിൽ 50 ശതമാനം ആളുകളും 60 വയസിന് മുകളിൽ പ്രായമുളളവരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 37 ശതമാനം മരണം സംഭവിച്ചിരിക്കുന്നത് 45നും 60നും ഇടയിൽ പ്രായമുളളവർക്കാണ്. 11 ശതമാനം മരണം സംഭവിച്ചിരിക്കുന്നത് 26 നും 44നും ഇടയിൽ പ്രായമുളളവർക്കാണ്. 18നും 25നും ഇടയിൽ പ്രായമുളളവരുടെ മരണനിരക്ക് ഒരു ശതമാനം മാത്രമാണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
68 ശതമാനം പുരുഷൻമാരും 32 ശതമാനം സ്ത്രീകൾക്കുമാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണെന്നും മരണനിരക്കിൽ വൻ കുറവുണ്ടാകുന്നുണ്ടെന്നും രാജേഷ് ഭൂഷൺ പറഞ്ഞു. രാജ്യത്ത് ഇതുവരെ രണ്ട് കോടിയിലധികം കൊവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. നിലവിലെ ആക്ടീവ് കേസുകളുടെ ഇരട്ടിയാണ് രാജ്യത്ത് രോഗമുക്തി നേടിയവരുടെയെണ്ണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 5,86,298 ആക്ടീവ് കൊവിഡ് കേസുകളാണുളളത്. 12 ലക്ഷത്തിലേറെ പേർ രോഗമുക്തരായി. 38,000ൽ ഏറെ പേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |