അഹമ്മദാബാദ്: അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടിത്തം. ഐ.സി.യുവിൽ ചികിത്സയിലായിരുന്ന എട്ടു കൊവിഡ് രോഗികൾ വെന്തുമരിച്ചു. നവരംഗ്പുരയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇന്ന് പുലർച്ചെ 3.30നാണ് തീപിടിത്തമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടക്കം എട്ട് കൊവിഡ് രോഗികളാണ് മരിച്ചത്. നാൽപതോളം രോഗികൾക്ക് പരിക്കേറ്റു. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയായ സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിലേക്ക് മാറ്റി. ഒരു ആരോഗ്യപ്രവർത്തകന് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. രോഗികളുടെ ബന്ധുക്കളും ഫയർഫോഴ്സ് ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. എട്ട് ഫയർ എൻജിനുകളും പത്ത് ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേർന്നു. എട്ട് ഫയർ എൻജിനുകൾ ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് റിപ്പോർട്ടുകൾ. അതിരാവിലെയായതിനാൽ രോഗികളെല്ലാം ഉറക്കത്തിലായിരുന്നു. ഇത് അപകടത്തിന്റെ ആഘാതം കൂട്ടി. തീ പടരുന്നത് കണ്ട് ജീവനക്കാർ ഉൾപ്പെടെ ഇറങ്ങിയോടി. എന്നാൽ, ഐ.സി.യുവിൽ ചികിത്സയിലായിരുന്ന രോഗികൾക്ക് അതിനായില്ല.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.
പ്രധാനമന്ത്രി അനുശോചിച്ചു ; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ
ഗുജറാത്തിലുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി വിജയ് രൂപാനിയുമായും മേയർ ബിജാൽ പട്ടേലുമായും അപകടത്തെക്കുറിച്ച് സംസാരിച്ചതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |