ആക്ഷൻപ്ലാൻ തയ്യാറാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം
ഒറ്റപ്പാലം: നിളാ നീർത്തടത്തിലെ ജലവിഭവത്തെ കുറിച്ച് പഠനം നടത്താനും പുഴയുടെ പുനരുജ്ജീവനത്തിന് സമഗ്ര ആക്ഷൻ പ്ലാൻ തയ്യാറാക്കാനും കേന്ദ്ര ജലകമ്മിഷന് കേന്ദ്രസർക്കാർ നിർദ്ദേശം. 'നിളാ വിചാരവേദിയുടെ' ഇടപെടലിനെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടി. സംസ്ഥാനത്തെ ഒരു നദിയുടെ പുനരുജ്ജീവനത്തിനായി കേന്ദ്ര ജലവിഭവവകുപ്പ് ഇടപെടുന്നത് ഇതാദ്യം.
കേന്ദ്ര മലിനീകരണനിയന്ത്രണ ബോർഡ് 2018ൽ നടത്തിയ പഠനത്തിൽ പുഴയുടെ ശോഷണവും അനിയന്ത്രിത മാലിന്യപ്രശ്‌നങ്ങളും കണ്ടെത്തിയിരുന്നു. പട്ടാമ്പി പ്രദേശത്താണ് കൂടുതൽ പ്രശ്‌നമെന്നും അറവുമാലിന്യങ്ങളും രാസമാലിന്യങ്ങളും കലരുന്നത് ഗൗരവകരമാണെന്നുമായിരുന്നു റിപ്പോർട്ട്. ഇതേ തുടർന്ന് ശക്തമായ നടപടിയെടുക്കുന്നതിന് അന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശവും നൽകിയിരുന്നു. പുഴയുടെ വീണ്ടെടുക്കലിനായി സർക്കാർ ഇതുവരെയെടുത്ത നടപടികൾ, തയ്യാറാക്കിയ പദ്ധതികൾ, കൈവരിച്ച നേട്ടങ്ങൾ, പുഴയുടെ സ്വാഭാവിക മാറ്റങ്ങൾ എന്നിവ പുതിയ പഠനത്തിലും ഉൾപ്പെടുത്തും. കുമ്പിടി, പുലാമന്തോൾ, മങ്കര എന്നിവിടങ്ങളിലെ കേന്ദ്ര ജലകമ്മിഷന്റെ ഡാറ്റാസ്റ്റേഷനുകൾ വഴിയാകും ആക്ഷൻ പ്ലാൻ വിലയിരുത്തുക.
വഴിത്തിരിവായത് ജെ.എൻ.യുവിലെ ശില്പശാല
കേന്ദ്ര ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ ജെ.എൻ.യു സർവകലാശാലയിൽ വെച്ച് 2018ൽ നടന്ന 'ഭാരതപ്പുഴ നദീതട പുനരുജ്ജീവന' ദേശീയ ശില്പശാലയിലെ തീരുമാനമായിരുന്നു പുഴയെകുറിച്ചുള്ള സമഗ്ര പഠനവും നദീതട അതോറിട്ടി രൂപീകരണവും. പുഴയിലെ മാലിന്യപ്രശ്‌നം, കൈവഴികളിലേയും പോഷക നദികളുടെയും നാശം, ജൈവ സമ്പത്തിന്റെ ശോഷണം, സമഗ്ര നിളാ ചരിത്രം എന്നിവയെല്ലാം നിളാപഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ചെറുതുരുത്തിയിൽ നടന്ന ദേശീയ നദീമഹോത്സവത്തിന്റെ റിപ്പോർട്ടുകളും ചർച്ചാവിഷയങ്ങളും സമഗ്രമായി പ്രതിപാദിച്ചുള്ള റിപ്പോർട്ടും സംസ്ഥാന - കേന്ദ്ര സർക്കാരുകൾക്ക് സമർപ്പിച്ചിരുന്നു.
വെബ് മാപ്പ് ആരംഭിച്ചു
നിളാപഠനഗവേഷണ കേന്ദ്രം ശാസ്ത്രീയപഠനവും, സർവ്വേ റിപ്പോർട്ടുകളും ശേഖരിച്ച് പുതിയ വെബ് മാപ്പ് തുടങ്ങി. ഭാരതപ്പുഴയിലെ ഓരോ നീർചാലുകളും, മണൽ കടവുകളും, ജൈവപരിസരവുമെല്ലാം രേഖപ്പെടുത്തിയ മാപ്പ് തയ്യാറാക്കിയത് ഗവേഷകനായ സ്മാർട്ടിന്റെ നേതൃത്വത്തിലാണ്.
വേണ്ടത് നിയന്ത്രിതവും ശാസ്ത്രീയവുമായ മണലെടുപ്പ്
അനിയന്ത്രിതവും അശാസ്ത്രീയവുമായ മണലൂറ്റാണ് ഭാരതപ്പുഴയെ നീർച്ചാലാക്കി മാറ്റിയത്.
ആഴത്തിലുള്ള മണലെടുപ്പ് പലയിടത്തും പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചു. ഇത് കുറ്റിക്കാടുകൾ വളരാൻ ഇടയാക്കി.
ശാസ്ത്രീയ പഠനം നടത്തി പുഴയിലെ ഓരോ പ്രദേശത്തുനിന്നു മണൽവാരുന്നതിന് അളവ് നിശ്ചയിക്കണം. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലല്ലാതെ മണൽവാരാൻ അനുവദിച്ചുകൂടാ.
പാലങ്ങളുടെ താഴെയുള്ള മണൽവാരൽ തുണുകളുടെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്.
2018ലെ പ്രളയത്തിൽ പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് പലയിടത്തും മണൽതിട്ടകൾ രൂപപ്പെട്ടിരുന്നു. ഇതാണ് 2019ലെ അതിവർഷത്തിൽ പുഴ ഗതിമാറിയും പരന്നൊഴുകാനും ഇടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |