തൃശൂർ : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരങ്ങൾക്ക് ആശ്രയമാകേണ്ട ട്രോമാ കെയർ കെട്ടിട്ടം കരാർ കാലാവധി കഴിഞ്ഞ് അഞ്ച് വർഷം പിന്നിട്ടിട്ടും ശാപമോക്ഷമായില്ല. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ 90 ശതമാനം പണി പൂർത്തിയായി വർഷം പിന്നിട്ടിട്ടുമാണ് ഈ അനാസ്ഥ.
കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുന്നതിന് 2013 ൽ കരാർ ഒപ്പുവച്ചിരുന്നു. എഴരക്കോടി ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രധാന കരാർ ഏറ്റെടുത്തിരുന്നത് എച്ച്.എൻ.എല്ലായിരുന്നു.
ഇവർ പിന്നീട് നിർമ്മാണ പ്രവർത്തനം മറ്റൊരു കരാറുകാരനെ ഏൽപ്പിച്ചു. ഒരു വർഷം കൊണ്ട് കെട്ടിട നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാം എന്നായിരുന്നു വ്യവസ്ഥ. ഇത് പ്രകാരം പ്രവർത്തനം മുന്നോട്ട് പോയെങ്കിലും അവസാന മിനുക്കു പണി പൂർത്തിയായില്ല. രണ്ട് വർഷത്തോളം കെട്ടിട നിർമ്മാണം നിശ്ചലാവസ്ഥയിലായി. തുടർന്ന് 2018 യോഗം വിളിച്ചു ചേർക്കുകയും നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇനിയുള്ള നിർമ്മാണത്തിന് അമ്പത് ശതമാനം കൂടുതൽ തുക നൽകണമെന്ന ആവശ്യമാണ് കരാറുകാർ ഉന്നയിക്കുന്നത്.
ഇത് അംഗീകരിക്കാൻ അധികൃതർ തയ്യാറായില്ല. ഇതേത്തുടർന്ന് വീണ്ടും നിർമ്മാണം തടസപ്പെട്ടു. ഇതിനിടെ മന്ത്രി എ.സി മൊയ്തീന്റെയും കളക്ടറുടെയും സാന്നിദ്ധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഇതുവരെയുള്ള നിർമ്മാണത്തിനുള്ള മുഴുവൻ തുകയും അനുവദിക്കണമെന്ന് കരാറുകാർ ആവശ്യപ്പെട്ടു. പണം നൽകിയാൽ ഉടൻ നിർമ്മാണം പൂർത്തിയാക്കാമെന്നും ഉറപ്പ് നൽകി. ഇതുപ്രകാരം കഴിഞ്ഞ നവംബറിൽ 90 ശതമാനം തുകയും കരാറുകാരന് കൈമാറി. പിന്നീട് മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണം പുനരാരംഭിക്കാൻ കരാറുകാരൻ തയ്യാറായിട്ടില്ല. ഇതേത്തുടർന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചിരിക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ.
പദ്ധതി തുക 7.5 കോടി
എച്ച്.എൽ.എല്ലിന് കരാർ നൽകിയത് 2013 സെപ്റ്റംബറിൽ
കരാർ കാലാവധി ജൂൺ 2014 മുതൽ മേയ് 2015 വരെ
ഇതുവരെയുള്ള നിർമ്മാണത്തിന് പണം നൽകിയത് 2019 നവംബറിൽ
പൂർത്തിയാക്കാനുള്ള പണികൾ
പുറംഭാഗത്തെ പെയിന്റിംഗ്, ഒ.ടി ഫിനിഷിംഗ് ജോലികൾ
ഔട്ടർ പാർട്ട് ടൈലിംഗ്
സെപ്റ്റിക് ടാങ്ക് കണക്‌ഷൻ
വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കൽ
ഇലക്ട്രിക്കൽ വർക്കുകളുടെ പൂർത്തീകരണം
സ്പ്ലിറ്റ് എ.സി ഘടിപ്പിക്കൽ
രോഗികൾക്കുള്ള സൗകര്യം
ട്രോമാ കെയർ തുറന്നു കൊടുത്താൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് വേഗത്തിൽ ചികിത്സ നൽകാം. ഓപറേഷൻ വേഗം നടത്താനാകും. അത്യാഹിത വിഭാഗത്തിന് എക്‌സ് റേ, സി.ടി സ്‌കാൻ തുടങ്ങിയവ സജ്ജീകരിക്കാം.
......
അഞ്ച് വർഷം പൂർത്തിയായിട്ടും ട്രോമാ കെയർ കെട്ടിട നിർമ്മാണം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ കരാറുകാരനെ മാറ്റി മറ്റൊരാളെ കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്
ആൻഡ്രൂസ്
പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്
......
സാങ്കേതിക കാരണം നിരത്തി ട്രോമാ കെയർ കെട്ടിട നിർമ്മാണം നീട്ടിക്കൊണ്ടു പോകുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കെട്ടിടം അടിയന്തരമായി തുറന്നു കൊടുത്ത് മെച്ചപ്പെട്ട ചികിത്സയ്ക്കുള്ള സാഹചര്യം ഒരുക്കണം
അനിൽ അക്കര എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |