ടൂറിൻ /ന്യൂയോർക്ക് : വിജയങ്ങൾ ആഘോഷിക്കാൻ വാഹനങ്ങൾ വാങ്ങുന്നത് കായിക താരങ്ങൾക്കിടയിൽ പതിവാണ്. കഴിഞ്ഞ വാരം രണ്ട് കായിക താരങ്ങൾ വാങ്ങിയ വാഹനങ്ങളുടെ വിവരങ്ങൾ ഇതാ...
യുവന്റസിന്റെ തുടർച്ചയായ ഒമ്പതാം സെരി എ കിരീടനേട്ടം സൂപ്പർതാരം ക്രിസ്റ്ര്യാനോ റൊണാൾഡോ ആഘോഷിച്ചത് ആഡംബര കാർ നിർമ്മാതാക്കളായ ബുഗാട്ടിയുടെ 8.5 മില്യൺ പൗണ്ട് (ഏകദേശം 83 കോടി രൂപ) വിലയുള്ള ലിമിറ്രഡ് എഡിഷൻ മോഡലിന് ഓർഡർ നൽകിയാണ്. കമ്പനിയുടെ 110-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ചെന്റോഡിയെച്ചെ എന്ന സൂപ്പർ കാറിനാണ് റൊണാൾഡോ ഓർഡർ നൽകിയിരിക്കുന്നത്. ലോകത്താകെ 10 ചെന്റോഡിയെച്ചെ കാറുകൾ മാത്രമാണ് ബുഗാട്ടി പുറത്തിറക്കുന്നത്. 2.4 സെക്കൻഡിൽ 100 കിലോമീറ്രർ വേഗം കൈവരിക്കാൻ കഴിയുന്ന സൂപ്പർ കാറാണിത്. പക്ഷേ കാർ കൈയിൽ കിട്ടാൻ ഒരു വർഷം റൊണാൾഡോ കാത്തിരിക്കേണ്ടി വരും . കഴിഞ്ഞയിടെ 53 കോടി രൂപ വിലമതിക്കുന്ന ആഡംബര ബോട്ട് റൊണാൾഡോ സ്വന്തമാക്കിയിരുന്നു.
ബംഗ്ലാദേശി ക്രിക്കറ്റർ ഷാക്കിബ് ഉൾ ഹസൻ ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ ഭാര്യയ്ക്ക് സമ്മാനമായി നൽകിത് പുത്തൻ മേഴ്സിഡസ് ബെൻസ് കാറാണ്. ഭാര്യ ഉമ്മെ അഹമ്മദ് ശിശിർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ കാറിന്റെ ചിത്രം പങ്കുവച്ച് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ മാർച്ച് മുതൽ ഷാക്കിബും ഭാര്യയും കുട്ടികളും യു.എസിലാണ് താമസം. ഏപ്രിലിൽ ഇരുവർക്കും രണ്ടാമത്തെ പെൺകുഞ്ഞ് പിറന്നിരുന്നു. എറം ഹസ്സൻ എന്നാണ്പേര്. അലെയ്ന ഹസ്സൻ എന്നു പേരുള്ള ഒരു കുഞ്ഞ് കൂടി ഇരുവർക്കുമുണ്ട്. അച്ചടക്കലംഘനത്തിന്റെ പേരിൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഷാക്കിബ് ഐ.സി.സിയുടെ വിലക്ക് നേരിടുകയാണ്. വാതുവെപ്പ് സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും റിപ്പോർട്ട് ചെയ്യാതിരുന്നതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ഏകദിന ലോകകപ്പിൽ മികച്ച പ്രകടനമാണ് ബംഗ്ലാദേശിനായി ഷാക്കിബ് കാഴ്ചവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |