സപ്ലൈക്കോയുടെ ഓണക്കിറ്റ് വിതരണം തുലാസിൽ
കൊല്ലം: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാന സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പ്രഖ്യാപിച്ച സപ്ലൈക്കോയുടെ ഓണക്കിറ്റ് വിതരണം തുലാസിൽ. ആവശ്യത്തിന് സ്റ്റോക്കില്ലാത്തതിന് പുറമേ പായ്ക്കിംഗ് കൂടി വൈകുന്നതാണ് ഓണത്തിന് മുൻപ് കിറ്റ് കിട്ടുമോയെന്ന ആശങ്ക വർദ്ധിക്കാൻ കാരണം.
എ.ഐ.വൈ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റിന്റെ വിതരണം ഇന്ന് പൂർത്തിയാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ വിതരണം നടന്നില്ലെന്ന് മാത്രമല്ല പായ്ക്കിംഗിനുള്ള ഒരുക്കങ്ങൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. മുൻഗണനാ വിഭാഗം മുൻഗണനേതര സബ്സിഡി വിഭാഗം, മുൻഗണനേതര സബ്സിഡി രഹിത വിഭാഗം എന്ന ക്രമത്തിൽ ഘട്ടം ഘട്ടമായി ഈമാസം 25നകം വിതരണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. 744922 കാർഡ് ഉടമകളാണ് ജില്ലയിൽ ആകെയുള്ളത്. ഈ നിലയിൽ മുന്നോട്ട് പോയാൽ എ.എ.വൈ, മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമേ ഓണത്തിന് മുൻപ് കിറ്റ് ലഭിക്കുകയുള്ളൂ.
പപ്പടവും ശർക്കരയും കിട്ടാനില്ല
കിറ്റിലെ ഇനങ്ങളായ പപ്പടവും ശർക്കരയും ലഭ്യമാക്കാൻ സപ്ലൈക്കോ അധികൃതർ പെടാപ്പാട് പെടുകയാണ്. ഒരു കിറ്റിൽ 12 പപ്പടം ഉൾപ്പെടുന്ന കവറാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജില്ലയിലെ 744922 കാർഡ് ഉടമകൾക്ക് നൽകാൻ 89 ലക്ഷത്തിലേറെ പപ്പടം വേണം. മഴ ശക്തമായതോടെ നിർമ്മാതാക്കൾ പപ്പടം ഉണ്ടാക്കാൻ പ്രയാസപ്പെടുകയാണ്. തമിഴ്നാട്ടിൽ കരിമ്പ് സീസൺ കഴിഞ്ഞതിനാൽ പൊതുവിപണയിൽ പോലും ശർക്കരയ്ക്ക് ക്ഷാമമാണ്. ഈ സാഹചര്യത്തിൽ കിറ്റിൽ നിന്ന് ശർക്കര ഒഴിവാക്കി മറ്റേതെങ്കിലും ഇനം ഉൾപ്പെടുത്താനും ആലോചനയുണ്ട്.
കച്ചവടവും നടക്കുന്നില്ല.
ഔട്ട്ലെറ്റുകളിൽ നിലവിലുള്ള സ്റ്റോക്ക് ഓണക്കിറ്റ് തയ്യാറാക്കാനായി മാറ്റിവച്ചിരിക്കുന്നതിനാൽ കച്ചവടവും നടക്കുന്നില്ല. കിറ്റിലുള്ള ഭൂരിഭാഗം ഇനങ്ങളും സപ്ലൈക്കോ ഹെഡ് ഓഫീസ് നേരിട്ട് വാങ്ങി എത്തിക്കാനായിരുന്നു ആദ്യമെടുത്ത തീരുമാനം. നടപടികൾ വൈകി വിതരണക്രമം പാളുമെന്ന നില വന്നതോടെ ആദ്യഘട്ട വിതരണത്തിനുള്ള സാധനങ്ങൾ ഡിപ്പോതലത്തിൽ വാങ്ങാൻ നിർദ്ദേശം നൽകി. ഇനങ്ങൾ പ്രാദേശികമായി വാങ്ങി എ.ഐ.വൈക്കുള്ള കിറ്റ് റേഷൻകടകളിൽ എത്താൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലുമെടുക്കും.
744922 കാർഡ് ഉടമകളാണ് ജില്ലയിൽ ആകെയുള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |