തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധത്തിൽ സംശയം വിട്ടുമാറാതെ കസ്റ്റംസ്. കോൺസുലേറ്റുമായുള്ള ബന്ധത്തിൽ മന്ത്രി മാദ്ധ്യമങ്ങൾക്ക് അടക്കം നൽകിയ വിശദീകരണം വിശ്വസിക്കാൻ കസ്റ്റംസ് സംഘം തയാറായിട്ടില്ലെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ കസ്റ്റംസ് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് അയച്ചത്. ജലീൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നൽകിയ വിശദീകരണം അടക്കം ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. ഇതുവരെ കോൺസുലേറ്റിൽ വന്ന പാഴ്സലുകളിൽ മതഗ്രന്ഥങ്ങൾ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കസ്റ്റംസ് കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
വിദേശസഹായ നിയന്ത്രണ നിയമപ്രകാരം മന്ത്രിയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. ധനമന്ത്രായത്തിൽ ഉള്ള റിപ്പോർട്ടിന്മേൽ കേന്ദ്ര നടപടി ഉടനുണ്ടാകും. കോൺസുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്ന് കേന്ദ്രത്തെ കസ്റ്റംസ് അറിയിച്ചു.
തിരുവനന്തപുരത്തു നിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോയത് ഖുറാൻ ആണെന്നാണ് ജലീൽ പറയുന്നത്. എന്നാൽ ജലീലിന്റെ വാദത്തെ തള്ളികളയുന്നതാണ് കസ്റ്റംസ് റിപ്പോർട്ട്. മറ്റൊരു രാജ്യത്തെ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുകയെന്നത് യു.എ.ഇ. സർക്കാരിന്റെ നയമല്ല. കേരളത്തിലെ കോൺസുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്ന് യു.എ.ഇ അധികൃതർ കൂടി വ്യക്തമാക്കിയതോടെ ജലീലിനെതിരായ കുരുക്ക് മുറുകുകയാണ്.
യു.എ.ഇ. കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പായ്ക്കറ്റുകൾ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വിദേശസർക്കാരിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടരുത് എന്ന് നിയമമുള്ളപ്പോഴാണ് മന്ത്രി അതിന് മുതിർന്നത്. ഉള്ളിൽ എന്താണെന്നറിയാതെയാണ് പാഴ്സലുകൾ അയച്ചതെന്ന് ജലീൽ പറയുന്നതും കുറ്റകരമാണെന്ന് നയതന്ത്ര വിദഗ്‌ധർ പറയുന്നു.
കസ്റ്റംസ് ജലീലിന് എതിരെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ എടുക്കുന്ന നിലപാട് സ്വർണക്കടത്ത് കേസിൽ നിർണായകമാകും. പ്രിൻസിപ്പൽ സെക്രട്ടറിക്ക് പിന്നാലെ മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ കൂടി ആരോപണങ്ങൾ ഉയരുന്നത് സർക്കാരിനെയും സമ്മർദത്തിലാക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |