തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പ്രചാരണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. മുഖ്യമന്ത്രിയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള സംഘടിത നീക്കമാണ് നടക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
പ്രതിപക്ഷവും മാദ്ധ്യമങ്ങളും നടത്തുന്ന ആരോപണങ്ങൾക്ക് സംഘടിതമായ പ്രചരണത്തിലൂടെ മറുപടി നൽകും. ഒപ്പം ,ഗെയ്ൽ പൈപ്പ് ലൈനടക്കം സംസ്ഥാനത്തിന്റെ വികസനേട്ടങ്ങളും ജനത്തിന് മുന്നിലെത്തിക്കും. ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗം തന്ത്രങ്ങൾക്ക് രൂപം നൽകും.
മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ വിട്ടുകൊടുക്കരുതെന്നും രാഷ്ട്രീയ കവചം തീർക്കണമെന്നുമുള്ള വികാരമാണ് സെക്രട്ടേറിയറ്റ് യോഗത്തിലുയർന്നത്. പ്രതിപക്ഷവും ചില മാദ്ധ്യമങ്ങളും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാനും, സി.പി.എമ്മിന്റെയും സർക്കാരിന്റെയും യശസ്സ് ഇടിച്ചു താഴ്ത്താനും സംഘടിതമായി നീങ്ങുന്നുവെന്ന് സെക്രട്ടേറിയറ്റിൽ ചില അംഗങ്ങൾ പറഞ്ഞു.
എൻ.ഐ.എ പറഞ്ഞതെന്ന പേരിൽ, അവർ കോടതിയിൽ പറയാത്ത കാര്യങ്ങളടക്കം പ്രചരിപ്പിക്കുന്നതും ദുഷ്ടലാക്കോടെയാണ്. കോൺഗ്രസും ബി.ജെ.പിയും ഇക്കാര്യത്തിൽ യോജിപ്പോടെ നീങ്ങുന്നു. ഇത് മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രിയെയും ഓഫീസിനെയും സംശയനിഴലിൽ നിറുത്താൻ ശ്രമിക്കുന്നത്. സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും കൊവിഡ് പ്രതിരോധത്തിലെ മികവും മറി കടക്കാനാകാത്തതിനാൽ വ്യക്തിപരമായ ആക്രമണത്തിലേക്കും കോൺഗ്രസ് നേതൃത്വം കടക്കുന്നുവെന്ന ആക്ഷേപവും യോഗത്തിലുണ്ടായി.
മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനനുവദിക്കില്ലെന്ന് മന്ത്രി എ.കെ. ബാലൻ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ യു.ഡി.എഫ് ഉയർത്തുന്ന പ്രചരണങ്ങളെ രാഷ്ട്രീയമായി നേരിടും. മുഖ്യമന്ത്രിയുടെ മടിയിൽ കനമില്ല. ജാമ്യം ലഭിക്കാതിരിക്കാൻ സാധാരണ പറയുന്നതാണ് സർക്കാരിൽ സ്വാധീനമുണ്ടെന്നത്. മുഖ്യമന്ത്രിയെ സ്വാഭാവികമായ പരിചയമുണ്ടെന്ന് പറയുന്നതിലെന്താണ് തെറ്റ്? - മന്ത്രി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |