മോസ്കോ: കാത്തിരിപ്പിന് വിരാമമിട്ട് റഷ്യ പറഞ്ഞ ആ 'സ്‌പുട്നിക് നിമിഷമെത്തി'. മഹാമാരിക്കെതിരെ റഷ്യ വികസിപ്പിച്ച ലോകത്തെ ആദ്യ കൊവിഡ് വാക്സിൻ ആഗസ്റ്റ് 12ന് രജിസ്റ്റർ ചെയ്യുമെന്ന് റഷ്യൻ ആരോഗ്യസഹമന്ത്രി ഒലെഗ് ഗ്രിഡ്നെവ് പറഞ്ഞു. 'പൂർണമായും ഫലപ്രദമായ വാക്സിനാണെന്നാണ്' മന്ത്രി വിശേഷിപ്പിച്ചത്.
ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത്. ഇതിന്റെ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായതായി രണ്ട് ദിവസം മുമ്പ് റഷ്യൻ ആരോഗ്യമന്ത്രി മിഖൈൽ മുറഷ്കോ വ്യക്തമാക്കിയിരുന്നു.
കൊവിഡിനെതിരെ തങ്ങളുടെ വാക്സിന് ഉയർന്ന പ്രതിരോധശേഷയുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ആഗസ്റ്റിൽ തന്നെ രാജ്യത്തെ ഡോക്ടർമാരെയും അദ്ധ്യാപകരെയും വാക്സിനേറ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷം ഒക്ടോബറിൽ രാജ്യത്താകെ മാസ് വാക്സിനേഷൻ പദ്ധതി നടപ്പാക്കി, എല്ലാ ജനങ്ങളെയെല്ലാം വാക്സിനേറ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, റഷ്യയുടെ വാക്സിൻ ഗവേഷണം സംബന്ധിച്ച് പല സംശയങ്ങളും ഉയർന്നിട്ടുണ്ട്.
ജൂൺ പകുതിയോടെ രാജ്യത്തെ ഏഴു കേന്ദ്രങ്ങളിൽ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചെന്നാണ് റഷ്യൻ സർക്കാരിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ലോകത്ത് പത്തോളം വാക്സിനുകൾ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നതിനിടയിലാണ് നിർണായക പ്രഖ്യാപനവുമായി റഷ്യ എത്തുന്നത്. അമേരിക്കയെ പിന്നിലാക്കി ചന്ദ്രനിൽ മനുഷ്യരെയെത്തിച്ച സ്‌പുട്നിക് ദൗത്യത്തോടായിരുന്നു റഷ്യ വാക്സിൻ വികസനത്തെ വിശേഷിപ്പിച്ചത്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഓക്സ്‌ഫോർഡ് സർവകലാശാലയുടെ വാക്‌സിനും അമേരിക്കൻ കമ്പനിയായ മോഡേണയുടെ വാക്‌സിനുമാണ് ക്ലിനിക്കൽ പരീക്ഷണത്തിൽ മുന്നിൽ. ചൈനീസ് കമ്പനിയുടെ വാക്‌സിനും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |