കൽപ്പറ്റ:''ഭയപ്പെടരുത്, എനിക്കൊന്നും പറ്റിയിട്ടില്ല, പക്ഷെ കുറെപ്പേർ...എനിക്ക് ഒരു കുട്ടിയെക്കൂടി രക്ഷിക്കാനുണ്ട്...പിന്നെ വിളിക്കാം. ആരും വിഷമിക്കരുത്. ഞാൻ സുരക്ഷിതനാണ്...''തകർന്ന വിമാനത്തിലെ കൂട്ടനിലിവിളികൾക്കിടെ യുജിൻ യൂസഫ് വീട്ടിൽ കാത്തിരിക്കുന്ന ഉപ്പ അരോമ യൂസഫിനെ വിളിച്ച് ആശ്വസിപ്പിച്ചു. ഭാവി വധുവും എം.എസ്‌സി സൈക്കോളജി വിദ്യാർത്ഥിനിയുമായ സുൻബുലയെയും വിളിച്ചു. അവളോടും ഇതേ വാക്കുകൾ. പിന്നെ എമർജൻസി വാതിൽ വഴി വിമാനത്തിന്റെ ചിറകിൽ കയറി നിന്ന് സഹായത്തിനായി ഒച്ചവച്ചു. പുറത്ത് മഴയും ഇരുട്ടും...വിമാനത്തിൽ നിന്ന് യുജിനും പെരിന്തൽമണ്ണയിലെ സുഹൃത്തുമാണ് ഇങ്ങനെ ആദ്യം പുറത്ത് കടന്നത്.
നാല് വർഷമായി അജ്മാൻ റോയൽ പാലസിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിലാണ് യുജിന് ജോലി. അടുത്ത മാസം കൽപ്പറ്റക്കടുത്ത് മുട്ടിലിലെ റഷീദിന്റെ മകൾ സുൻബുലയുമായി വിവാഹമാണ്. ദുബായിൽ നിന്ന് വന്ന് 28 ദിവസത്തെ ക്വാറന്റെൻ കഴിഞ്ഞ് വിവാഹം. അഞ്ചര പവൻ മെഹറും വിവാഹ വസ്ത്രങ്ങളും ഒക്കെയായി വന്നതാണ്.ദുബായിൽ നിന്ന് വെളളിയാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് വിമാനം എടുത്തത്. കോഴിക്കോട്ട് എത്തുന്നതിന് 45 മിനിറ്റ് മുമ്പ്, എത്തുന്നു എന്ന സന്ദേശം പൈലറ്റ് തന്നു. കരിപ്പൂരിൽ ഇരുപത് മിനിട്ടോളം വിമാനം ആകാശത്ത് വട്ടം കറങ്ങി. നല്ല മഴയായിരുന്നു. റൺവേ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് കരുതി. വിമാനം തകരുന്നതിന് തൊട്ട് മുമ്പ് കാലിക്കറ്റ് ലാൻഡിംഗ് എന്ന സന്ദേശം ലഭിച്ചു. പെട്ടെന്ന് ശബ്ദം നിലച്ചു. ലാൻഡ് ചെയ്‌ത വിമാനം കുതിച്ചു. നിമിഷങ്ങൾക്കുള്ളിൽ എല്ലാം കഴിഞ്ഞു. ഞാൻ എല്ലാം കാണുന്നുണ്ടായിരുന്നു. വിമാനം തകർന്ന ഉടൻ സീറ്റുകളിൽ നിന്ന് ആളുകളും മുകളിൽ നിന്ന് ലഗേജും തെറിച്ച് വീണു. വിമാനത്തിന്റെ മുൻഭാഗവും മദ്ധ്യഭാഗവും തകർന്നു. ഏറെയും സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങളായിരുന്നു. എനിക്ക് മുന്നിലെയും പിന്നിലെയും സീറ്റുകളിൽ കുട്ടികളായിരുന്നു. കുട്ടികൾ സീറ്റിന്റെ അടിയിലായി. കൂട്ട നിലവിളിയായിരുന്നു. ഒരു കുട്ടിയെ സീറ്റിനടിയിൽ നിന്ന് പുറത്തെടുത്തു. സുഹൃത്തിനെയും കൂട്ടി എമർജൻസി ഡോർ വഴി പുറത്ത് കടന്ന് ആളുകളെ വിളിച്ചുകൂട്ടാൻ തീരുമാനിച്ചു. വിമാനത്തിന്റെ ചിറകിൽ കയറി നിന്ന് ഇരുപത് മിനിറ്റോളം ഒച്ചവച്ചു. അപ്പോഴേക്കും സി. ആർ.പി.എഫും, ഫയർഫോഴുസും കുതിച്ചെത്തി. ഇന്ധനം ചോർന്നതിന് മീതേ ഫയർ ഫോഴ്സ് വെളളം പമ്പ് ചെയ്‌തു. പരിക്കേറ്റ ഒരു കുട്ടിയെയും കൊണ്ട് കിട്ടിയ വാഹനത്തിൽ കൊണ്ടോട്ടി ആശുപത്രിയിലേക്ക് കുതിച്ചു. അവിടെ നിരവധി കേസുകൾ ഉണ്ടായിരുന്നു. പിന്നെ പുളിക്കൽ ബി.എം ആശുപത്രിയിലേക്ക് പോയി. ക്വാറന്റൈൻ ഉളളതിനാൽ ആശുപത്രിയിൽ നിന്നില്ല. എല്ലാം കഴിഞ്ഞപ്പോഴാണ് വീട്ടുകാരെ ഒാർത്തത്.നാട്ടിൽ നിന്ന് തന്നെ കൂട്ടാൻ എയർപോർട്ടിൽ വന്ന വാഹനം സ്വന്തമായി ഒാടിച്ചാണ് രാത്രി ഒന്നരയോടെ മാനന്തവാടിയിലെത്തിയത്. അപ്പോൾ കൈയിൽ ഉണ്ടായിരുന്നത് പഴ്സും മൊബൈൽ ഫോണും മാത്രം. യാത്രയ്‌ക്കിടെയാണ് കൂടുതൽ പേർ മരിച്ചതായി അറിയുന്നത്. ഏവരെയും റബ് തുണക്കട്ടെ എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |