ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്‌മ നിർഭർ പദ്ധതിയിൽ പ്രതിരോധ മേഖലയിലും സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വൻ ആയുധങ്ങൾ ഉൾപ്പടെ 101 പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി നിരോധിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ആഭ്യന്തരമായി നിർമ്മിക്കുന്ന മിസൈലുകളും തോക്കുകളും കവചിത വാഹനങ്ങളും പീരങ്കികളും ട്രാൻസ്പോർട്ട് വിമാനങ്ങളും റഡാറുകളും അടക്കം 101 ഇനങ്ങളുടെ പട്ടിക പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഇക്കൊല്ലം ഡിസംബർ മുതൽ 2025 ഡിസംബർ വരെ ഘട്ടങ്ങളായി ഇവയുടെ ഇറക്കുമതി അവസാനിപ്പിക്കും.
അതിർത്തിയിലെ ചൈനീസ് അതിക്രമത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രതിരോധ സാമഗ്രികൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള പദ്ധതി ശക്തമാക്കുന്നത്.
മൂന്ന് സേനകൾക്കുമായി 101 ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള നാലു ലക്ഷം കോടി രൂപയുടെ കരാർ 6-7 വർഷത്തിനുള്ളിൽ ഇന്ത്യൻ കമ്പനികൾക്ക് നൽകും. ഇതിൽ കരസേനയ്‌ക്കും വ്യോമസേനയ്‌ക്കും 1,30,000 കോടി രൂപയുടെ വീതവും നാവിക സേനയ്‌ക്ക് 1,40,000 കോടി രൂപയുടെയും ഉത്പന്നങ്ങൾ ഉൾപ്പെടും. കരസേന 5000 കോടിയുടെ 200 കവചിത വാഹനങ്ങളും നാവിക സേന 42,000 കോടിയുടെ മുങ്ങിക്കപ്പലുകളും വ്യോമസേന 85,000 കോടിയുടെ 123 ലഘു വിമാനങ്ങളും തദ്ദേശീയമായി നിർമ്മിക്കും.
ബഡ്‌ജറ്റിൽ ഇതിനായി പ്രാഥമികമായി 52,000 കോടി രൂപയും വകയിരുത്തി.
സായുധ സേനകൾ, ഡി.ആർ.ഡി.ഒ, പൊതുമേഖലാ ആയുധ നിർമ്മാണ കേന്ദ്രങ്ങൾ, ഓർഡിനൻസ് ഫാക്‌ടറി എന്നിവയാണ് 101 ഇനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഡി.ആർ.ഡി.ഒയുടെ സാങ്കേതിക വിദ്യ പ്രകാരമാണ് തദ്ദേശീയ കമ്പനികൾ ഇവ നിർമ്മിക്കേണ്ടത്.
ഇറക്കുമതി വിലക്ക് ഇങ്ങനെ
2020 ഡിസംബർ: 69 ഉത്പന്നങ്ങൾ
2021 ഡിസംബർ: 11
2022 ഡിസംബർ: 4
2023 ഡിസംബർ: 8
2024 ഡിസംബർ: 8
2025 ഡിംസബർ: ഒന്ന് (ദീർഘദൂര ക്രൂസ് മിസൈൽ)
ഉത്പന്നങ്ങളിൽ പ്രധാനപ്പെട്ടവ
പീരങ്കികൾ, അസാൾട്ട് റൈഫികളുകൾ, സ്‌നിപ്പർ റൈഫിളുകൾ, ചെറിയ കപ്പലുകൾ, മുങ്ങിക്കപ്പലുകൾ, സമുദ്ര നിരീക്ഷണ ഉപകരണങ്ങൾ, ഹെലികോപ്ടറുകൾ, റഡാറുകൾ, കവചിത വാഹനങ്ങൾ,
ഹ്രസ്വ ദൂര മിസൈലുകൾ, കപ്പലുകളിൽ ഘടിപ്പിക്കുന്ന ക്രൂസ് മിസൈലുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ബാലിസ്‌റ്റിക് ഹെൽമറ്റ്, മിസൈൽ വെസൽ, മുങ്ങിക്കപ്പലുകളെ ആക്രമിക്കാനുള്ള റോക്കറ്റ് ലോഞ്ചർ, റോക്കറ്റ്, ടോർപിഡോകൾ, ചെറിയ യാത്രാ വിമാനങ്ങൾ,
കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ജി സാറ്റ് 7സി, ജി സാറ്റ് 7 ആർ,
ഉപഗ്രഹ ടെർമിനലുകൾ,
ലൈറ്റ് മെഷീൻ ഗൺ, ടാങ്ക് വേധ മൈനുകൾ, മുങ്ങിക്കപ്പലുകൾ, റോക്കറ്റ് ലോഞ്ചർ, ദീർഘദൂര ക്രൂസ് മിസൈൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |