തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റിന് ആവശ്യമായ സാധനങ്ങളിൽ പലതും വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നിട്ടില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ. സംസ്ഥാനത്തെ പ്രതികൂലമായ കാലാവസ്ഥ ഓണക്കിറ്റ് വിതരണത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. കൊവിഡ് മഹാമാരിക്ക് പിന്നാലെ ശക്തമായ മഴ കൂടിയെത്തിയത് വെല്ലുവിളിയായി. സമയത്ത് തന്നെ എല്ലാവർക്കും ഭക്ഷ്യക്കിറ്റ് എത്തിക്കാനാണ് സർക്കാർ ശ്രമം. മന്ത്രി പി.തിലോത്തമൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു.
ഇനിയും എത്താനുണ്ട്
കിറ്റിലേക്ക് ആവശ്യമായ പപ്പടം, ശർക്കര, പാലട, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള സാധനങ്ങൾ സംസ്ഥാനത്തേക്ക് എത്തേണ്ടതുണ്ട്. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും വലിയൊരു കിറ്റ് വിതരണം ഓണത്തിന് നടത്തുന്നത്. മുളകു പൊടിയും മല്ലി പൊടിയും കിട്ടുന്നതിനുള്ള ബുദ്ധിമുട്ടുകളുമുണ്ട്. നടപടി ക്രമങ്ങൾ പാലിച്ച് മാത്രമേ സർക്കാരിന് സാധനങ്ങൾ വാങ്ങാൻ കഴിയുകയുള്ളൂ. അത്തരത്തിലുള്ള കാലതാമസമാണ് ഇപ്പോഴുണ്ടാകുന്നത്.
ടെൻഡർ നടപടികൾ കഴിഞ്ഞ് പർച്ചേസ് ഓർഡറുകൾ കൊടുക്കുന്നതിന് കുറച്ച് സമയമെടുത്തു. സാധനങ്ങൾ പലതും വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, പല സംസ്ഥാനങ്ങളിലും പെയ്യുന്ന മഴ സാധനങ്ങളുടെ വരവിനെ ബാധിക്കുമോയെന്നാണ് സർക്കാർ ആകുലപ്പെടുന്നത്. പൊതു വിതരണ സമ്പ്രദായം വഴി സാധാരണഗതിയിൽ വിതരണം ചെയ്യുന്ന അരിയൊക്കെ കൃത്യമായി നൽകാൻ കഴിയും. സംസ്ഥാനത്ത് ആവശ്യത്തിലധികം അരി സ്റ്റോക്കുണ്ട്.
എല്ലാ വീടുകളിലും ഓണക്കിറ്റിലുള്ള സാധനങ്ങളെല്ലാം എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണച്ചന്തകൾ തുടങ്ങാൻ കഴിയാത്തത് വലിയൊരു വിഷയമായി കാണുന്നില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ വേണ്ടിയാണ് ഓണച്ചന്തകൾ വേണ്ടെന്ന തീരുമാനമെടുത്തത്. ഓണച്ചന്തകൾ ഇല്ലാത്തതിന്റെ കുറവ് റേഷൻ കടകൾ വഴി വീടുകളിലേക്കെത്തുന്ന ഓണക്കിറ്റുകൾ നികത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.
ഓണക്കിറ്റിലേക്ക് വേണ്ട ശർക്കര മഹാരാഷ്ട്രയിൽ നിന്നാണ് കേരളത്തിലേയ്ക്ക് വരുന്നത്. അതിർത്തി ചെക്ക്‌പോസ്റ്റുകളിലെല്ലാം കർശന പരിശോധന നടത്തിയ ശേഷമാണ് ശർക്കരയുമായുള്ള ലോറികൾ കടത്തി വിടുന്നത്. വാഹനങ്ങൾ കടത്തിവിടുന്നതിനായി പല സംസ്ഥാനങ്ങളുടെയും സഹായം സംസ്ഥാന സർക്കാർ തേടിയിരുന്നു. കടമ്പൾ കടന്ന് ലോറികൾ കർണാടകയിൽ എത്തിയപ്പോഴേക്കും മഴ വില്ലനായി. ഒടുവിൽ കർണാടക സർക്കാർ ലോറികൾ കേരളത്തിലേക്ക് കടത്തിവിടാതെ പിടിച്ചിട്ടു. മഴ കനത്തതോടെ ലോറികൾക്ക് അനങ്ങാൻ പറ്റാത്ത സ്ഥിതിയായി. സർക്കാർ തലത്തിൽ നടന്ന ചർച്ചകൾക്ക് ശേഷം റൂട്ട് മാറി സഞ്ചരിച്ചാണ് ലോറികൾ ശർക്കരയുമായി കേരളത്തിലേക്ക് എത്തുന്നതെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.
ആവശ്യം പരിഗണിക്കും
ദിനംപ്രതി ആയിരത്തിലധികം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനം പലവട്ടം കടയിലെത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യമാണ് റേഷൻ വ്യാപാരികൾ ഉയർത്തുന്നത്. ഓണക്കിറ്റ് വിതരണം ചെയ്യുന്ന ഈ മാസം ശരാശരി മൂന്ന് തവണയെങ്കിലും കാർഡുടമ കടയിലെത്തേണ്ടിവരും. അരി ഉൾപ്പെടെയുള്ള ഈ മാസത്തെ റേഷൻ വിതരണം തുടങ്ങി. ഇനി ഈ മാസം തന്നെ നൽകുന്ന ഓണക്കിറ്റ് വാങ്ങാൻ വീണ്ടും വരണം. മണ്ണെണ്ണ കിട്ടണമെങ്കിൽ മാസാവസാനംവരെ കാത്തിരിക്കണം. പതിനഞ്ച് രൂപാ നിരക്കിൽ നൽകാനുള്ള സ്പെഷ്യൽ അരി കടകളിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഈ അരി വിതരണം ചെയ്യാനുള്ള ഉത്തരവും ഉടനിറങ്ങും. ഇവയെല്ലാം ഒന്നിച്ച് കാർഡ് നമ്പർ അടിസ്ഥാനത്തിൽ വിതരണം ചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇ-പോസ് മെഷീൻ ഇടയ്ക്ക് പണിമുടക്കുന്നത് കടകളിൽ ആളുകൾ കൂടാനും കാരണമാകുന്നുണ്ട്.
കിറ്റിലുള്ളത്
പഞ്ചസാര
ചെറുപയർ
വൻപയർ
ശർക്കര
മുളകുപൊടി
മഞ്ഞൾപ്പൊടി
മല്ലിപ്പൊടി
സാമ്പാർപൊടി
വെളിച്ചെണ്ണ
സൺഫ്ലവർ ഓയിൽ
പപ്പടം
സേമിയ/പാലട
ഗോതമ്പ് നുറുക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |