കിളിമാനൂർ: ഓണ വിപണിയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മൺപാത്രങ്ങൾ. കഴിഞ്ഞ കുറെ വർഷങ്ങ
ളായി ഓണ സീസൺ മാത്രം ലക്ഷ്യമാക്കിയാണ് മൺപാത്ര നിർമ്മാണവും വില്പനയും. എന്നാൽ ഇത്തവണ കൊവിഡും ലോക്ക് ഡൗണും ഓണ വിപണിയെന്ന പ്രതീക്ഷ നശിപ്പിച്ചതായി മൺപാത്ര തൊഴിലാളികൾ പറയുന്നു.
ഓണത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ തോരാത്ത മഴയും കൂടി ആയതോടെ തൊഴിലാളികളുടെ പ്രതീക്ഷകൾ ഉടഞ്ഞ മൺപാത്രം പോലെയായി. ഗ്രാമീണ മേഖലയുടെ ആശ്രയമായിരുന്ന മൺപാത്ര നിർമ്മാണ മേഖല ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് കിളിമാനൂർ കേന്ദ്രീകരിച്ച് നിരവധി മൺപാത്ര നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. പ്രദേശത്തെ മൺപാത്ര നിർമ്മാണത്തിന്റെ പ്രതാപകാലവുമായിരുന്നു അതെന്ന് പഴമക്കാർ പറയുന്നു.
പിന്നീടാണ് മൺപാത്ര നിർമ്മാണ മേഖലയുടെ കഷ്ടകാലം തുടങ്ങുന്നത്. ഗ്യാസ് അടുപ്പുകളുടെ വരവും, അലുമിനിയം തുടങ്ങി മറ്റു ലോഹങ്ങളിലുള്ള പാത്രങ്ങളുടെ വരവും മൺപാത്രങ്ങളെ വീടുകളിൽ നിന്ന് അകറ്റി. മാറി മാറി വന്ന സർക്കാരുകൾ മൺപാത്ര നിർമ്മാണത്തെ പരിപോഷിപ്പിക്കുന്നതിനായി കരകൗശല മേളകളും മൺപാത്ര പ്രദർശനവും ഒക്കെ നടത്തിയെങ്കിലും മാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.
കിളിമാനൂരിലെ വേളാകുടി, കൊടുവഴന്നൂർ, പൊയ്കകs, ചീന വിള, പേടികുളം മേഖലകളിൽ ആയിരുന്നു പ്രധാനമായും മൺപാത്ര നിർമ്മാണം ഉണ്ടായിരുന്നത്. ഇന്ന് അത് കുറച്ചെങ്കിലും അവശേഷിക്കുന്നത് പൊയ്കക്കട മേഖലയിൽ മാത്രം. പ്ലാസ്റ്റിക്, ലോഹ പാത്രങ്ങളുടെ വരവോടെ ആവശ്യക്കാരില്ലാതെ വന്നപ്പോൾ മൺപാത്ര നിർമ്മാതാക്കളായ കുശവ സമുദായത്തിലുള്ളവർ മറ്റു മേഖലകൾ തേടി പോയി.
പ്ലാസ്റ്റിക്കിന്റെയും ലോഹ പാത്രങ്ങൾ ചൂടാവുമ്പോൾ ഉണ്ടാകുന്ന ദോഷഫലങ്ങളും സർക്കാരിന്റെ ഹരിത പ്രോട്ടോക്കോളും ഒക്കെയായി വീണ്ടും മൺ പാത്രങ്ങളും, വ്യവസായവും തിരികെ വന്ന് പുതു ജീവിത വസന്തം തീർക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |