കൊവിഡ് കാലം സിനിമാവ്യവസായത്തെയും പ്രതിസന്ധിയിലാക്കിയതിനാൽ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും സിനിമാചർച്ചകളിൽ നിന്നും അകന്ന് വീടുകളിൽ കഴിയുകയാണ് താരങ്ങൾ. സമൂഹമാദ്ധ്യമങ്ങളിലൂടെ തങ്ങളുടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാനും താരങ്ങൾ സമയം കണ്ടെത്തുന്നുണ്ട്. നടി നസ്രിയ നസീമും തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ നസ്രിയ പങ്കുവച്ചൊരു ചിത്രവും അതിന് നടി സ്രിന്ദ നൽകിയ കമന്റും രസകരമാണ്.
പുതിയ ലുക്കിലുള്ള തന്റെ ചിത്രം പോസ്റ്റ് ചെയ്ത് "പിന്നീട് ഡിലിറ്റ് ചെയ്തേക്കും" എന്ന അടിക്കുറിപ്പാണ് നസ്രിയ നൽകിയിരിക്കുന്നത്. എന്നാൽ ഡിലീറ്റ് ചെയ്യല്ലേ എന്നായിരുന്നു സ്രിന്ദയുടെ കമന്റ്. ചിത്രത്തിന് താഴെ സ്നേഹം അറിയിച്ച് നടി അപർണ ബാലമുരളിയും എത്തി.രണ്ടു ദിവസം മുൻപായിരുന്നു നടനും നസ്രിയയുടെ ഭർത്താവുമായ ഫഹദ് ഫാസിലിന്റെ ജന്മദിനം. ഫഹദിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഹൃദയസ്പർശിയായ ഒരു കുറിപ്പും നസ്രിയ പങ്കുവച്ചിരുന്നു.
നസ്രിയയുടെ കുറിപ്പ്:
“പ്രിയ ഷാനു, നീ ജനിച്ചതിൽ ഞാൻ എല്ലാ ദിവസവും അല്ലാഹുവിനോട് നന്ദി പറയാറുണ്ട്. നീ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയാൻ ഈ ലോകത്തിലെ ഒരു വാക്കുകളും മതിയാകില്ല... എന്റെ ഹൃദയം നിറയെ നീയാണ്. നിന്നിലെ ഒരു കാര്യം പോലും മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. (നീ അതല്ല ചിന്തിക്കുന്നത് എന്നെനിക്കറിയാം. നീ ഇൻസ്റ്റഗ്രാമിൽ ഇല്ലാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. അല്ലേൽ ഞാൻ എഴുതിപ്പിടിപ്പിച്ച പൈങ്കിളി വാക്കുകൾ എല്ലാം കാണില്ലായിരുന്നോ.) പക്ഷെ സത്യം, ഒരു കാര്യം പോലും നിന്നിൽ നിന്ന് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ എന്താണോ അത് വളരെ സത്യസന്ധമാണ്. ഞാനതിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. നീയുമായി പ്രണയത്തിലായപ്പോൾ നമ്മൾ ഇത്രയും നല്ല സുഹൃത്തുക്കളാകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല (സാധാരണ നേരെ തിരിച്ചാണ് സംഭവിക്കാറുള്ളത്). പക്ഷെ നിനക്കൊപ്പം എല്ലാം വ്യത്യസ്തമാണ്. എനിക്കറിയാവുന്ന ഏറ്റവും കരുണ നിറഞ്ഞ മനുഷ്യന്, ഏറ്റവും സത്യസന്ധനായ മനുഷ്യന്, ഏറ്റവും കരുതലുള്ള മനുഷ്യന്, എന്റെ മനുഷ്യന്... ജന്മദിനാശംസകൾ ഷാനു. എന്റെ ജീവനെക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു”
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |