ബീജിംഗ് : ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ശീതീകരിച്ച സീഫുഡ് പാക്കേജുകളിൽ വീണ്ടും കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. കിഴക്കൻ ഷാൻഡോംഗ് പ്രവിശ്യയിലെ യാന്റായി നഗരത്തിലെ മൂന്ന് കമ്പനികൾ വാങ്ങിയ സീഫുഡ് പാക്കേജുകളുടെ പുറത്താണ് വൈറസ് അംശം കണ്ടെത്തിയത്. നേരത്തെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഡാലിയൻ നഗരത്തിലെ തുറമുഖത്താണ് ഇവ ഇറക്കുമതി ചെയ്തത്. എന്നാൽ ഏതു രാജ്യത്ത് നിന്നാണ് ഇവ എത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ജൂലായിൽ ഇക്വഡോറിൽ നിന്നും ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ചെമ്മീൻ പാക്കേജുകളിൽ കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് മൂന്ന് ഇക്വഡോറിയൻ കമ്പനികളിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിയ്ക്ക് ചൈന വിലക്കേർപ്പെടുത്തിയിരുന്നു. വുഹാനിലെ ഒരു സീഫുഡ് മാർക്കറ്റിൽ നിന്നുമാണ് കൊവിഡ് 19 ഉത്ഭവിച്ചതെന്ന് കരുതുന്നത്.
ഇപ്പോൾ വൈറസിന്റെ അംശം കണ്ടെത്തിയിരിക്കുന്ന സീഫുഡ് പാക്കേജുകൾ അധികൃതർ സീൽ ചെയ്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സീഫുഡ് ചരക്കുകൾ കൈകാര്യം ചെയ്ത എല്ലാവരെയും ക്വാറന്റൈനിലേക്ക് മാറ്റി. നിലവിൽ ഇവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. തുറമുഖ നഗരമായ ഡാലിയനിൽ ജൂലായിൽ ഒരു സീഫുഡ് പ്രൊസസിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നയാളിൽ കൊവിഡ് കണ്ടെത്തിയിരുന്നു. ശേഷം 92 കേസുകളാണ് ജൂലായ് മുതൽ ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |