ദുബായ്: കൊവിഡ് പ്രതിരോധ മാസ്കുകളും അണ്ടിപ്പരിപ്പുകളും മോഷ്ടിച്ച നാല് പേർക്കെതിരെ ദുബായ് കോടതി കേസെടുത്തു. ഏഷ്യൻ സ്വദേശികളായ യുവാക്കളാണ് ദുബായ് പൊലീസിന്റെ പിടിയിലായത്. വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് കട്ടർ ഉപയോഗിച്ച് തകർത്താണ് ഇവർ അകത്ത് കടന്നത്. 167,000 ദിർഹം വിലവരുന്ന വലിയ നൂറ് പെട്ടിയോളം മാസ്കുകളും 32 പെട്ടിയോളം അണ്ടിപ്പരിപ്പുമാണ് ഇവർ ഇവിടെ നിന്ന് മോഷ്ടിച്ചത്. മോഷണത്തിന് മുമ്പായി കമ്പനിക്ക് മുന്നിൽ നിറുത്തിയിട്ടിരുന്ന ഒരു വാഹനത്തിന്റെ ചില്ല് ഇവർ എറിഞ്ഞ് തകർത്തതായും പൊലീസ് പറയുന്നു. കമ്പനി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.
സംഭവത്തെ തുടർന്ന് നാല് പേരും പൊലീസ് കസ്റ്റഡിയിലാണ്.അൽ ഖുസൈസിന്റെ വ്യാവസായിക മേഖലയ്ക്ക് സമീപം കഴിഞ്ഞ ജൂൺ ഏഴിനാണ് സംഭവം നടക്കുന്നത്. യുവാക്കൾ വാഹനത്തിൽ വരുന്നതും പൂട്ട് തകർക്കുന്നതുമുൾപ്പെടെയുളള ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതാണ് ഇവരെ കണ്ടെത്താനും പിടികൂടാനും പൊലീസിന് സഹായകരമായത്. രണ്ട് പേരെ ഷാർജയിൽ നിന്നും രണ്ട് പേരെ കമ്പനിയുടെ പരിസരത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |