കൊല്ലം: ഉത്ര കൊലക്കേസിൽ കുറ്റപത്രം പൂർത്തിയായി, നാളെ പുനലൂർ കോടതിയിൽ സമർപ്പിക്കും. ഉത്രയുടെ ഭർത്താവ് സൂരജിനെ മാത്രമാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ഒരു കേസിനുകൂടി കുറ്റപത്രം തയ്യാറാക്കുന്നുണ്ട്. കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ഡി.എൻ.എ പരിശോധനാ റിപ്പോർട്ട്, ഫോറൻസിക് ലാബ് റിപ്പോർട്ട്, സൈബർ റിപ്പോർട്ട് എന്നിവയടക്കം ശാസ്ത്രീയ തെളിവുകളും ഉത്രയുടെയും കടിച്ച മൂർഖൻ പാമ്പിന്റെയും പോസ്റ്റുമോർട്ടം റിപ്പോർട്ടുമടക്കം കഴിയുന്നത്ര തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
സംസ്ഥാനത്തെ എല്ലാ ഇനങ്ങളിലുമുള്ള പാമ്പുകളുടെ രീതികളും വിഷവും സംബന്ധിച്ച വിവരമടക്കം സാധാരണയല്ലാത്ത വിവരങ്ങളും കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിക്കുന്നുണ്ട്. സൂരജിന് അണലിയെ വിറ്റ പാമ്പുപിടിത്തക്കാരൻ സുരേഷിനെ കേസിൽ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. സൂരജിന് അർഹമായ ശിക്ഷ ലഭിക്കാനുതകുന്ന തെളിവുകൾ കണ്ടെത്തി കുറ്റപത്രത്തിൽ ചേർക്കാനായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ പ്രത്യേക അഭിഭാഷകനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര കഴിഞ്ഞ മെയ് ഏഴിനാണ് പാമ്പുകടിയേറ്റ് മരിച്ചത്. മൂർഖൻ പാമ്പിനെക്കാണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമായതിനാൽ വനം വകുപ്പും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ കുറ്റപത്രവും തയ്യാറായി വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |