ന്യൂഡല്‍ഹി : എല്ലാമെല്ലാമായ അച്ഛന്‍ ജീവനോടെയില്ലയെന്ന് മനസിലാക്കിയ ഷോക്കില്‍ അന്ധയായ മകള്‍ മരണപ്പെട്ടു. പഞ്ചാബിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. കൊവിഡ് ബാധിച്ച് മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനായ ജസ്പാല്‍ സിംഗിന്റെ ഇരുപത്തിനാല് വയസുള്ള മകള്‍ക്കാണ് ദാരുണ മരണം സംഭവിച്ചത്. ജുവനൈല്‍ പ്രമേഹം മൂലം ആറ് വയസുള്ളപ്പോഴാണ് നവപ്രീത് കൗറിന്റെ കാഴ്ച ശക്തിയെ ബാധിക്കപ്പെട്ടത്. ഇതിന് പുറമെ പെണ്‍കുട്ടിയുടെ വൃക്കയുടെ പ്രവര്‍ത്തനവും തകരാറിലായിരുന്നു. ഇതോടെ മകളുടെ ചികിത്സയ്ക്കായിരുന്നു ജസ്പാല്‍ സിംഗ് വരുമാനത്തിന്റെ നല്ലൊരു ഭാഗവും ചിലവഴിച്ചിരുന്നത്.
തിങ്കളാഴ്ചയാണ് ജസ്പാല്‍ സിംഗ് കൊവിഡ് ബാധിച്ച് മരിച്ചത്, സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലെത്തിയ ബന്ധുക്കളുടെ അടക്കിപിടിച്ചുള്ള കരച്ചിലില്‍ നിന്നാണ് നവപ്രീത് കൗര്‍ പിതാവ് മരണപ്പെട്ടുവെന്ന് മനസിലാക്കുന്നത്. പിതാവിന് എന്ത് സംഭവിച്ചുവെന്നുള്ള ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മുന്നില്‍ ബന്ധുക്കള്‍ പിതാവ് മരണപ്പെട്ടുവെന്ന കാര്യം മകളെ അറിയിക്കുകയായിരുന്നു. മരണവിവരമറിഞ്ഞ ഷോക്കില്‍ തളര്‍ന്ന് വീണ നവപ്രീത് കൗര്‍ മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
പഞ്ചാബ് പൊലീസില്‍ എ എസ് ഐ ആയി സേവനം അനുഷ്ഠിച്ചിരുന്ന ജസ്പാല്‍ സിംഗിന് ക്ഷയരോഗബാധയുള്ളതിനാല്‍ ചികിത്സാര്‍ത്ഥം അവധിയിലായിരുന്നു. കഴിഞ്ഞ മാസം 24നാണ് ഇദ്ദേഹം തിരികെ ഡ്യൂട്ടിയില്‍ കയറിയത്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കൊവിഡ് ബാധിതനാവുകയായിരുന്നു. എന്നാല്‍ ഈ വിവരം കുടുംബാംഗങ്ങളില്‍ നിന്നും മറച്ചു വച്ച് കുടുംബത്തില്‍ നിന്നും അകലം പാലിച്ച് ജസ്പാല്‍ സിംഗ് കഴിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |