ഹൈദരാബാദ്: മുംബയിൽ പോകണമെന്ന ആഗ്രഹം സാധിക്കാനായി പിഞ്ഞുകുഞ്ഞിനെ വിറ്റ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. ഹൈദരാബാദ് സ്വദേശിയായ ഷെയ്ഖ് സിയാഖാനാണ് പിടിയിലായത്. 45,000രൂപയ്ക്കാണ് രണ്ടുമാസം പ്രായമുളള ആൺകുഞ്ഞിനെ ഇവർ വിറ്റത്. കുഞ്ഞിനെ പൊലീസ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വിൽപ്പനയ്ക്ക് കൂട്ടുനിന്നുവെന്ന് കരുതുന്ന അഞ്ചുപേരും അറസ്റ്റിലായിട്ടുണ്ട്.
നിസാരകാര്യത്തിന് ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്ക് കഴിയുകയായിരുന്നു ഷെയ്ഖ് സിയാഖാൻ. മുംബയിൽ പോകണമെന്നത് ഇവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഭർത്താവിനോട് പലവട്ടം പറഞ്ഞിട്ടും കാര്യമുണ്ടായില്ല. കിട്ടിയ അവസരം വിനിയോഗിക്കാൻ തീരുമാനിച്ചപ്പോഴാണ് കുട്ടി ഒരു തടസമാണെന്ന് കണ്ടത്. ഒപ്പം യാത്രയ്ക്കും അടിച്ചുപൊളിക്കാനുമായി ആവശ്യത്തിന് പണവും കൈയിലില്ലെന്ന് മനസിലായി. ഇതോടെയാണ് കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചത്. ആവശ്യമുളള പണവും കിട്ടും തടസവും ഒഴിയും. വിൽപ്പന ഉറപ്പിക്കാൻ രഹസ്യമായിട്ടായിരുന്നു കരുനീക്കങ്ങൾ നടത്തിയത്.
ഏറെ വിശ്വാസമുളള ചില ഇടനിലക്കാരെ കണ്ടെത്തി അവരെ കാര്യങ്ങൾ ധരിപ്പിച്ചു. ഒടുവിൽ 45,000 രൂപയ്ക്ക് വില നിശ്ചയിച്ച് കച്ചവടം ഉറപ്പിച്ച് കുഞ്ഞിനെ കൈമാറുകയും ചെയ്തു. സിയാഖാന്റെ പക്കൽ കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് ഭർത്താവാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിൽപ്പന നടത്തിയതെന്ന് വ്യക്തമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |