കാഞ്ജൻബുരി: ചൈനയിൽ ഉത്ഭവിച്ച് ലോകമാകെ മഹാവ്യാധിയായി മാറിക്കഴിഞ്ഞ കൊവിഡിന് കാരണമായ കൊറോണ വൈറസിനെ കുറിച്ച് കൂടുതൽ പഠിക്കാൻ ഇനി തായ്‌ലാന്റിലെ ഗവേഷകരും. വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകയായ ഷീ സെൻഗ്‌ലിയും അമേരിക്കൻ സന്നദ്ധ സംഘടനയായ ഇക്കോ ഹെൽത്ത് അലയൻസും ചൈനയിലെ ഗുഹകളിൽ വിവിധ പഠനങ്ങൾ നടത്തിക്കഴിഞ്ഞു.
ഇപ്പോഴിതാ ചൈനയുടെ അയൽരാജ്യങ്ങളിലൊന്നായ തായ്‌ലാന്റും അത്തരമൊരു പഠനത്തിനൊരുങ്ങുകയാണ്. കൊവിഡ് രോഗബാധക്ക് കാരണമാകുന്ന ഹോഴ്‌സ് ഷൂ വവ്വാലുകളുടെ 19 ഇനങ്ങൾ തായ്‌ലാന്റിലുണ്ട്. ഇവയിൽ പഠനം നടത്താനാണ് രാജ്യത്തെ ശാസ്‌ത്രജ്ഞന്മാർ തീരുമാനിച്ചിരിക്കുകയാണ്. സുപാപോൺ വചാരപ്‌ളുസാഡേയുടെ നേതൃത്വത്തിലാണ് പഠനം നടക്കുക. തായ്‌ലാന്റിലെ ഗുഹകളിലുളള വവ്വാലുകളിലെ കൊറോണ വൈറസുകളെ കുറിച്ച് പഠിക്കാൻ തായ് റെഡക്രോസ് എമെർജിംഗ് ഇൻഫെക്‌ഷസ് ഡിസീസസ് ഹെൽത്ത് സയൻസ് സെന്ററിലെ ശാസ്‌ത്രജ്ഞർ തയ്യാറായി. സയൻസ് സെന്ററിലെ ഉപമേധാവിയാണ് സുപാപോൺ. കഴിഞ്ഞ 20 വർഷത്തിലധികമായി വവ്വാലുകളെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകനാണ് സുപാപോൺ. തായ്‌ലാന്റിലെ സായ് യോക് ദേശീയോദ്യാനത്തിലെ കാഞ്ജൻബുരിയിലെ ഗുഹകളിലാണ് ഇവർ പഠനം നടത്തിയത്.
ശരീരമാകെ മൂടുന്ന പ്രത്യേക വേഷം ധരിച്ച് രാത്രി മുഴുവൻ സമയവും പിറ്റേന്ന് പുലർച്ചെയും ഇവർ ഗുഹയിൽ നിന്ന് വവ്വാലുകളെ പിടികൂടി അവയുടെ ശരീര സ്രവങ്ങളും രക്തവും കാഷ്‌ഠവും എടുത്ത് പരിശോധിച്ചു, എന്നാൽ മൂന്നോളം ഗുഹകളിൽ നിന്ന് പിടിച്ച 200ഓളം വവ്വാലുകളെ പരിശോധിച്ചിട്ടും പുതിയ കൊറോണ വൈറസ് സാന്നിദ്ധ്യം ഇതുവരെ ഇവയിൽ നിന്ന് കണ്ടെത്താനായില്ലെന്നും പറയുന്നു ഗവേഷകർ. വവ്വാലുകളിൽ നിന്ന് മാത്രമല്ല മറ്റ് മൃഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ഗവേഷകർ പഠന വിധേയമാക്കി. ഇതുവരെ 2 കോടിയിലധികം ജനങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7,48,000 പേർ ലോകമാകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു എന്നാണ് ജോൺ ഹോപ്‌കിൻസ് സർവകലാശാല നൽകുന്ന ഏറ്റവും പുതിയ കൊവിഡ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |