പകർച്ചവ്യാധി ആരോഗ്യമേഖലയിൽ എക്കാലത്തും ഒരു ഭീഷണി തന്നെയാണ്. ഒരു വ്യക്തിയുടെ ശീലം, ശുചിത്വം, ആഹാരം, വ്യായാമം, ഉറക്കം ഇവയൊക്കെ കൃത്യമാകേണ്ടത് പകർച്ചവ്യാധി നിയന്ത്രണത്തിന് അത്യാവശ്യമാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം.
അണുസിദ്ധാന്തം ഉടലെടുക്കുന്നതിന് വളരെ മുമ്പു തന്നെ പകർച്ചവ്യാധികളെക്കുറിച്ച് ആയുർവേദത്തിൽ പരാമർശമുണ്ട്. അടുത്തിടപഴകൽ, ഉശ്വാസ വായു, ഒരുമിച്ചുള്ള ഭക്ഷണം എന്നിവയിലൂടെ പകരുന്ന ഒരു കൂട്ടം രോഗങ്ങളുണ്ടെന്ന് ആയുർവേദത്തിൽ പറയുന്നുണ്ട്.
ഇത്തരം രോഗങ്ങൾക്കെതിരെ ഫലപ്രദമായ പ്രതിരോധമെന്നത്
നിദാന പരിവർജനം അഥവാ കാരണം ഒഴിവാക്കലാണ്. അതായത് സാമൂഹിക അകലം പാലിക്കലാണ് ഇത്തരം രോഗങ്ങൾ ഒഴിവാക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗം എന്ന് സാരം.
ഇത്തരം കാര്യങ്ങൾ നമ്മൾ ഇപ്പോൾ ഒരു ശീലമാക്കിതുടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശീലങ്ങളുടെ ഒരു ഭാഗമാക്കുക എന്നതാണ് ഏറ്റവും പ്രധാനം.
ആയുർവേദ ചികിത്സയ്ക്കൊപ്പം പ്രതിരോധത്തിനും പ്രാധാന്യം നൽകണം. രോഗപ്രതിരോധശേഷിയുള്ളവരിൽ പകർച്ചവ്യാധികളും മറ്റു രോഗങ്ങളും വരാനുള്ള സാദ്ധ്യത കുറവാണ്. ഇതിനായി ദിനചര്യയും കാലാവസ്ഥ അനുസരിച്ച് ഋതുചര്യയും ക്രമപ്പെടുത്തണം.
ഒരു ദിവസം തുടങ്ങുന്നതു മുതൽ ഉറങ്ങുന്നതുവരെ ആരോഗ്യസംരക്ഷണത്തിനായി പാലിക്കേണ്ട ദിനചര്യയും, കാലാവസ്ഥയിലെ വ്യതിയാനങ്ങൾക്ക് അനുസൃതമായ ഋതുചര്യയുമെല്ലാം ആയുർവേദത്തിൽ പറയുന്നുണ്ട്.
മാറിയ ജീവിത ശൈലിയും ആധുനികവത്കരണവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ കാലാവസ്ഥാവ്യതിയാനം തീവ്രമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിട്ടുമുണ്ട്. സംതുലിതമായിരുന്ന കേരളത്തിന്റെ കാലാവസ്ഥ ഇന്ന് താളം തെറ്റിയ അവസ്ഥയിലാണ്.അതുകൊണ്ടു തന്നെ കാലാവസ്ഥ ജന്യരോഗങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും ഉണ്ടാകുന്നു. ഇവയുടെ ചികിത്സയും വളരെ ബുദ്ധിമുട്ടുണ്. ആയതിനാൽ കൃത്യമായ ആഹാരം, വ്യായാമം, രോഗപ്രതിരോധ ഔഷധങ്ങൾ ഇവ ശീലമാക്കുക എന്നതാണ് പകർച്ചവ്യാധി പ്രതിരോധത്തിൽ ഏറ്റവും പ്രധാനമായിട്ടുള്ളത്.
വേനൽ കഴിഞ്ഞുവരുന്ന മഴയായതിനാൽ ഈ കാലത്ത് വ്യക്തികളുടെ ശരീരബലം തീരെ കുറവായിരിക്കും. അതിനാൽ രോഗസാധ്യത കൂടിയിരിക്കും. രോഗകാരണമായ ഘടകങ്ങൾക്ക് ബലം കൂട്ടുന്ന സമയവും കൂടിയാണിത്.
പകർച്ചപ്പനികൾ, ജലജന്യരോഗങ്ങൾ, വായു ജന്യരോഗങ്ങൾ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയൊക്കെയാണ് മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്നത്. കുട്ടികളിലും ജീവിതശൈലി രോഗമുള്ളവരിലും പ്രായമായവരിലുമാണ് ഇത്തരം വ്യാധികൾ അധികമായി പടരുന്നത്.
ശുചിത്വം പ്രധാനം
വ്യക്തി, പരിസരശുചിത്വം കൃത്യമാക്കുക എന്നതാണ് ഇത്തരം രോഗബാധ ഒഴിവാക്കുന്നതിന് ഏറ്റവും പ്രധാനമായിട്ടുള്ളത്. വ്യക്തി ശുചിത്വത്തിൽ കേരളീയർ വളരെ മുന്നിലാണെങ്കിലും പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ ഇനിയും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സാധാരണ ജലദോഷപ്പനി മുതൽ ഡെങ്കി പനി, എലിപ്പനി മുതലായ രോഗങ്ങൾ വരെ ഈ കാലത്ത് പിടിപെടാൻ സാധ്യതയുണ്ട്. ജലദോഷം, പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, തുമ്മൽ, ചെറിയ തോതിലുള്ള പനി തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയുള്ള പനി 5 മുതൽ 7 ദിവസം വരെ നീണ്ടു നിൽക്കാൻ സാധ്യതയുണ്ട്. കൃത്യമായ വിശ്രമവും ആഹാരവും രോഗപ്രതിരോധ ഔഷധങ്ങളും ശീലിക്കുകയാണ് വേണ്ടത്.
കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം കൊതുകുകൾ വളരുന്നതിനുള്ള സാഹചര്യം വീട്ടിലും പരിസരത്തും ഇല്ലാതാക്കുക അഥവാ ഉറവിട നശീകരണം ആണ്. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ശീലമാക്കുക. വീട്ടിലെ ടെറസിലും വീട്ടിനുള്ളിലെ പൂച്ചെടികൾ, ടയർ. ചിരട്ട. ഫ്രിഡ്ജ് ന്റെ ട്രേ തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഒഴിവാക്കണം. കൊതുക് കടിക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി കൈയും കാലും കവർ ചെയ്യുന്ന രീതിയിലുള്ള വസ്ത്രധാരണം അത്യാവശ്യമാണ്. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ ജൈവകീടനാശിനി തളിക്കാവുന്നതാണ്. പുകയില കഷായം, സോപ്പുപൊടി, വേപ്പെണ്ണ മിശ്രിതം എന്നിവ ഉപയോഗിച്ച് ഏറ്റവും ഫലപ്രദമായ ജൈവകീടനാശിനി ഉണ്ടാക്കാം.
മഴകാലത്ത് ജലസ്രോതസുകൾ മലിനമാകാനുള്ള സാധ്യത കൂടുതലാണ്. എലിയുടെ മാളങ്ങളിൽ നിന്ന് വിസർജ്യവസ്തുക്കൾ മഴവെള്ളത്തിലൂടെ ഒലിച്ച് ജലസ്രോതസുകൾ മലിനമാകുന്നു. വെള്ളക്കെട്ടുകൾ നിന്ന് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ ശരീരത്തിലെ മുറിവുകൾ വഴി രോഗാണു ശരീരത്തിൽ കടക്കുകയും രോഗകാരണമാകുകയും ചെയ്യുന്നു. അതിനാൽ പരിസരശുചിത്വവും വ്യക്തിശുചിത്വവും ശീലിക്കേണ്ടതാണ്. അത്തരം സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരുന്നവർ കട്ടിയുള്ള കാലുറകളും കൈയ്യുറകളും ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഇത്തരം പനികൾക്ക് സ്വയംചികിത്സ പാടില്ല. കൃത്യമായ വിശ്രമം വേണം. പനി രണ്ട് ദിവസത്തിൽ കൂടുതൽ നിൽക്കുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്. ഒരാളുടെ ഔഷധം മറ്റൊരാൾ ശീലിക്കുന്നതും നല്ലതല്ല. തുടക്കത്തിലേ ചികിത്സിച്ചാൽ പകർച്ചപ്പനികളെ വേഗത്തിൽ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും.
എല്ലാ ആയുർവേദ സർക്കാർ ഡിസ്പെൻസറികൾ വഴിയുംചികിത്സയും ഔഷധങ്ങളും നൽകുന്നുണ്ട്. അതിനൊപ്പം പരിസര ശുദ്ധീകരണത്തിന് സന്ധ്യക്കും രാവിലെയും പുകയ്ക്കുന്നതിനു വേണ്ടിയിട്ടുള്ള അപരാജിത ധൂമ ചൂർണ്ണവും ലഭ്യമാണ്.
കുടിവെള്ളം ഔഷധ യുക്തമാക്കുന്നതിന് വേണ്ടി ഷഡംഗം എന്ന ചൂർണം ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്. വെള്ളം 20 മിനിറ്റെങ്കിലും തിളപ്പിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.
വയറിളക്കം, ഛർദ്ദി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗസാധ്യതയും മഴക്കാലത്ത് വളരെ കൂടുതലാണ്. അതിനാൽ കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും മൂടി സൂക്ഷിക്കേണ്ടതാണ്. പഴകിയ ഭക്ഷണം ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. ദഹനവ്യവസ്ഥ മന്ദീഭവിച്ചിച്ചിരിക്കുന്ന ഈ സമയത്തു ദഹിക്കാൻ എളുപ്പം ഉള്ള ഔഷധ കഞ്ഞി ശീലിക്കാവുന്നതാണ്
വായു, ജലം, ഭൂമി എന്നിവ ഒരുപോലെ മലിനമാകുന്ന ഈ സമയത്ത് കൃത്യമായ ദിനചര്യയും ഋതു ചര്യയും ശീലമാക്കുന്നതാണ് നല്ലത്
ഡോ.ജി.പി. സിദ്ധി
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ. ആയുർവേദ ഡിസ്‌പെൻസറി
കാട്ടാക്കട
തിരുവനന്തപുരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |