തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകനും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയുമായ പി.എം മനോജിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുൻ ബി.ജെ.പി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ അപഹസിക്കുന്ന തരത്തിൽ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പി.എം മനോജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കെ. സുരേന്ദ്രൻ വിമർശനം ഉന്നയിക്കുന്നത്. ഇത്തരത്തിലുള്ളവരെ പ്രസ് സെക്രട്ടറിയുടെ സ്ഥാനത്തിരുത്തുന്നമുഖ്യമന്ത്രിയുടെ 'ചാരിത്ര്യപ്രസംഗം കേരളത്തിൽ ആരംഗീകരിച്ചു തരുമെന്നാണ്' അദ്ദേഹം കരുതുന്നതെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
'ഇന്നലെ പതിനാറ് മിനിട്ട് നേരം സൈബർ അക്രമത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തിയ മിസ്റ്റർ പിണറായി വിജയൻ, ഇത് താങ്കളുടെ പ്രസ്സ് സെക്രട്ടറി കേരളത്തിലെ പരിണതപ്രജ്ഞനായ ഒരു രാഷ്ട്രീയനേതാവിനെ കളിയാക്കിക്കൊണ്ട് നടത്തിയ ഒരു സൈബർ ആക്രമണമാണ്. ഇങ്ങനെയുള്ള ഊളകളെ പ്രസ്സ് സെക്രട്ടറി പദവിയിലിരുത്തുന്ന അങ്ങയുടെ ചാരിത്ര്യപ്രസംഗം കേരളത്തിൽ ആരംഗീകരിച്ചു തരുമെന്നാണ് താങ്കൾ കരുതുന്നത്.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് അങ്ങയുടെ ആപ്തവാക്യം. താങ്കൾ പറയുന്നതിന് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ അങ്ങയുടെ പാർട്ടിയുടെ ഉന്നതനേതാക്കൾ നേരിട്ടുനടത്തുന്ന പോരാളി ഷാജി എന്നു പറയുന്ന അമേദ്യജല്പനപേജിന്റെ പ്രൊഫൈൽ പിക്ചറിൽ നിന്ന് ആദ്യം സ്വന്തം ചിത്രം നീക്കം ചെയ്യാൻ താങ്കൾ ആവശ്യപ്പെടണം.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |